സസ്‌പെൻസ് ത്രില്ലർ: ലോ സ്‌കോറിംഗ് ചേസിൽ പാക്കിസ്ഥാനെ കുരുക്കിയത് ബുമ്രയുടെ മാന്ത്രിക സ്‌പെൽ

bumra

ടി20 ലോകകപ്പിൽ വാശിയേറിയ മത്സരത്തിനൊടുവിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യയുടെ ജയം. ലോ സ്‌കോറിംഗ് ത്രില്ലർ ചേസാണ് ന്യൂയോർക്കിലെ മൈതാനത്ത് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസിലൊതുങ്ങി

ടി20 ലോകകപ്പിൽ ഇന്ത്യ പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ സ്‌കോർ ആയിരുന്നുവിത്. നിർണായക സമയത്ത് ബാബർ അസം, മുഹമ്മദ് റിസ് വാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവരുടെ വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയുടെ മാന്ത്രിക സ്‌പെല്ലാണ് പരാജയം മുന്നിൽ കണ്ട ഇന്ത്യയെ വിജയതീരത്തേക്ക് എത്തിച്ചത്. ബുമ്ര തന്നെയാണ് വിജയശിൽപ്പി. 

ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 12ൽ നിൽക്കെ 4 റൺസെടുത്ത കോഹ്ലി പുറത്തായി. സ്‌കോർ 19ൽ 13 റൺസെടുത്ത രോഹിതും വീണു. നാലാം വിക്കറ്റിൽ റിഷഭ് പന്തും അക്‌സർ പട്ടേലും ചേർന്ന് ഇന്ത്യയെ 58 റൺസിലെത്തിച്ചു. അക്‌സർ 20 റൺസെടുത്ത് പുറത്തായി. സൂര്യ കുമാർ യാദവ് 7 റൺസിനും ശിവം ദുബെ മൂന്ന് റൺസിനും വീണു

റിഷഭ് പന്ത് 42 റൺസെടുത്തു. രോഹിത്, പന്ത്, അകസർ എന്നിവർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ രണ്ടക്കം കടന്നത്. ഹാർദിക് പാണ്ഡ്യ 7 റൺസിനും ജഡേജ പൂജ്യത്തിനും അർഷ്ദീപ് സിംഗ് 9 റൺസിനും പുറത്തായി. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്ന് വീതവും മുഹമ്മദ് ആമിർ രണ്ട് വിക്കറ്റും ഷഹീൻഷാ അഫ്രീദി ഒരു വിക്കറ്റുമെടുത്തു

മറുപടി ബാറ്റിംഗിൽ ഭേദപ്പെട്ട തുടക്കം പാക്കിസ്ഥാന് ലഭിച്ചെങ്കിലും സ്‌കോർ 26ൽ നിൽക്കെ ബാബർ അസമിനെ ബുമ്ര പുറത്താക്കി 13 റൺസാണ് ബാബർ എടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മുഹമ്മദ് റിസ് വാൻ 31 റൺസെടുത്തു.   ഉസ്മാൻ ഖാൻ 13, ഫഖർ സമാൻ 13, ഇമാദ് വസീം 15, നസീം ഷാ 10 റൺസെടുത്തു

ഇന്ത്യക്കായി ബുമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
 

Share this story