വാലറ്റം തകര്‍ത്തടിച്ചു: ഇന്ത്യ 400 റൺസിന് പുറത്ത്; 223 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

axar

നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 400 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യക്ക് 2223 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമായി. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 177 റൺസിന് പുറത്തായിരുന്നു. 321ന് 7 വിക്കറ്റ് എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 79 റൺസ് കൂടി ചേർത്താണ് ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചത്

അക്‌സർ പട്ടേലിന്റെ നേതൃത്വത്തിൽ വാലറ്റം നടത്തിയ പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 400ൽ എത്തിച്ചത്. മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യ 70 റൺസെടുത്ത രവീന്ദ്ര ജഡേജയെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച ഷമിയും അക്‌സറും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തു

47 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 37 റൺസാണ് ഷമി അടിച്ചുകൂട്ടിയത്. സ്‌കോർ 380ൽ ഷമി പുറത്തായതിന് പിന്നാലെ സിറാജിനെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്‌കോർ 400ൽ എത്തിച്ചു. 84 റൺസെടുത്ത അക്‌സറിനെ പാറ്റ് കമ്മിൻസൺ പുറത്താക്കുകയായിരുന്നു. സിറാജ് ഒരു റൺസുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ടോഡ് മർഫി ഏഴ് വിക്കറ്റുകൾ വീഴ്ത്തി. കമ്മിൻസ് രണ്ടും ലിയോൺ ഒരു വിക്കറ്റുമെടുത്തു.
 

Share this story