96 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്രനേട്ടവുമായി മെക്സിക്കൻ കൗമാരതാരം ഗിൽബെർട്ടോ മോറ

Mora

2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തിലിറങ്ങിയ മെക്സിക്കൻ താരം ഗിൽബെർട്ടോ മോറ ചരിത്രപുസ്തകങ്ങളിൽ ഇടംപിടിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ മെക്സിക്കോയ്ക്കായി ബൂട്ട് കെട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഈ പതിനേഴുകാരൻ സ്വന്തമാക്കിയത്. ഇതോടെ തകർക്കപ്പെട്ടത് ലോകകപ്പിന്റെ ആദ്യ പതിപ്പ് മുതൽ നിലനിന്നിരുന്ന 96 വർഷം പഴക്കമുള്ള റെക്കോർഡാണ്.

​ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന്റെ 65-ാം മിനിറ്റിൽ പകരക്കാരനായാണ് മിഡ്ഫീൽഡറായ മോറ എസ്റ്റാഡിയോ അസ്റ്റെക്കയിലെ മൈതാനത്തേക്ക് എത്തിയത്. മത്സരത്തിൽ മെക്സിക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു.

തകർന്നത് 1930-ലെ റെക്കോർഡ്

​17 വയസ്സും 240 ദിവസവും പ്രായമുള്ളപ്പോഴാണ് മോറ ലോകകപ്പ് വേദിയിൽ അരങ്ങേറ്റം കുറിച്ചത്. 1930-ൽ നടന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പിൽ ഫ്രാൻസിനെതിരെ 18 വയസ്സും 134 ദിവസവും പ്രായമുള്ളപ്പോൾ കളിച്ച മാനുവൽ ‘ചാക്വറ്റാസ്’ റോസാസിന്റെ റെക്കോർഡാണ് മോറ മറികടന്നത്.

​ലോകകപ്പ് ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ താരം കൂടിയാണ് മോറ. കൂടാതെ, 2026 ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകളിലെയും ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന സവിശേഷതയും ഈ മെക്സിക്കൻ വണ്ടർകിഡിനുണ്ട്.

Tags

Share this story