ചാമ്പ്യൻമാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു; ഇങ്ങനെയൊരു അനുഭവം ആദ്യമെന്ന് സൂര്യകുമാർ യാദവ്

ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങിൽ വെച്ച് ഇന്ത്യക്ക് നൽകിയില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യൻമാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമാണ്. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു. അതേസമയം യഥാർഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ആണെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു
പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരന്നു. മാറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് ആശയക്കുഴപ്പത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്
ചടങ്ങ് തുടങ്ങിയപ്പോൾ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ എത്തിയില്ല. നഖ്‌വിയാണ് ട്രോഫി നൽകുന്നതെങ്കിൽ സ്വീകരിക്കാൻ ഇന്ത്യൻ ടീം എത്തിയേക്കില്ലെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സമ്മാനദാന ചടങ്ങിലേക്ക് പോകുന്നതിന് മുമ്പ് വിജയികൾക്കുള്ള ട്രോഫി ആരാണ് സമ്മാനിക്കുക എന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ചോദിച്ചിരുന്നു.