സൂപ്പർ ഓവർ വരെ നീണ്ട ആവേശം; ഒടുവിൽ അമേരിക്കൻ കരുത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ടുകുത്തി

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ പാക്കിസ്ഥാന് ഞെട്ടിക്കുന്ന തോൽവി. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ യുഎസ്എ ആണ് മുൻ ചാമ്പ്യൻമാരെ അട്ടിമറിച്ചത്. ടി20 ലോകകപ്പിലെ നവാഗതരായ യുഎസ്എ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ അട്ടിമറി ജയവും സ്വന്തമാക്കി

സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടപ്പോൾ ആദ്യം ബാറ്റ് ചെയ്തത് യുഎസ്എ ആണ്. ആറ് ബോളിൽ 18 റൺസാണ് അമേരിക്ക നേടിയത്. എന്നാൽ പാക്കിസ്ഥാന് നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രം. ഇന്ത്യൻ വംശജനായ പേസ് ബൗളർ സൗരഭ് നേത്രാവൽക്കറാണ് സൂപ്പർ ഓവറിൽ യുഎസ്എക്ക് വേണ്ടി തിളങ്ങിയത്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുത്തത്. യുഎസ്എ മറുപടി ബാറ്റിംഗിൽ 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് തന്നെ എടുത്തു. അവസാന പന്തിൽ 5 റൺസാണ് യുഎസ്എക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന നിതീഷ് കുമാർ അവസാന പന്തിൽ ബൗണ്ടറി കടത്തിയതോടെയാണ് മത്സരം ഡ്രോ ആയത്. 

അർധ സെഞ്ച്വറി നേടിയ യുഎസിന്റെ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ മോനക് പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്. 38 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 50 റൺസ് പട്ടേൽ സ്വന്തമാക്കി. ആരോൺ ജയിംസ് 36 റൺസെടുത്തു. തുടർച്ചയായ രണ്ട് ജയത്തോടെ ഗ്രൂപ്പ് എയിൽ യുഎസ്എ ഒന്നാം സ്ഥാനത്തേക്ക് കയറി
 

Share this story