കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ച; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി സാനിയ മിർസയും
Apr 28, 2023, 15:32 IST

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാനിയ മിർസ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചയാണ്. പലകുറി രാജ്യത്തിന് വേണ്ടി വിജയം നേടിയ താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് സാനിയ മിർസ പ്രതികരിച്ചു
ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരുന്നു. നേരത്തെ ഒളിമ്പ്യൻ നീരജ് ചോപ്രയും ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നിരുന്നു. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.