ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ല; മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി
ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ മാത്രം നടത്തണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ഐസിസി. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അതുകൊണ്ട് തന്നെ മത്സരം മാറ്റേണ്ടതില്ലെന്നും ഐസിസി നിലപാട് അറിയിച്ചു. ചൊവ്വാഴ്ച ഐസിസി ഭാരവാഹികളും ബിബിസി അംഗങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ തന്നെ ഐസിസി നിലപാട് വ്യക്തമാക്കിയിരുന്നു
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ ബംഗ്ലാദേശ് താരങ്ങൾക്ക് ഭീഷണിയുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നും ബംഗ്ലാദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായി തന്നെ നടത്താമെന്ന നിർദേശവും ഐസിസി മുന്നോട്ടുവെച്ചു
ടി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. പാക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് പാക് ബോർഡ് തീരുമാനിച്ചതോടെയാണിത്. ഇതേ രീതിയിൽ തങ്ങളുടെ മത്സരവും ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. ഇതാണ് ഐസിസി തള്ളിയത്
