നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന
മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ സഞ്ജു ചെന്നൈക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാന് കൈമാറും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റമാണ് നടക്കാനൊരുങ്ങുന്നത്
കഴിഞ്ഞ ഏതാനും നാളുകളായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയമാണ് സഞ്ജുവിന്റെ ടീം മാറ്റം. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു ചെന്നൈയിലെത്തുമെന്ന് കാത്തിരിക്കുന്നത്. ഇത് യാഥാർഥ്യമായി എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ട്രാൻസ്ഫർ വിഷയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു
സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടന്നാൽ ട്രേഡിംഗ് പൂർത്തിയാകും. താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അതേസമയം ട്രേഡിംഗിന് രവീന്ദ്ര ജഡേജക്ക് താത്പര്യമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്
