ഇതൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചതാണ്; വിമർശനങ്ങൾ ടീമിനെ ബാധിക്കില്ല: റൊണാൾഡോയ്ക്ക് പിന്തുണയുമായി ഡീഗോ ഡാലോട്ട്
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗൽ ടീമിനും നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിരോധ താരം ഡീഗോ ഡാലോട്ട്. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്തരം സാഹചര്യങ്ങളെയും വിമർശനങ്ങളെയും കുറിച്ച് ടീം അംഗങ്ങൾ തമ്മിൽ സംസാരിച്ച് കൃത്യമായ ധാരണയുണ്ടാക്കിയിരുന്നതായി ഡാലോട്ട് വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിലവിലെ വിമർശനങ്ങൾ ടീമിന്റെ ഐക്യത്തെയോ പ്രകടനത്തെയോ ഒട്ടും ബാധിച്ചിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ നിറംമങ്ങിയ പ്രകടനമാണ് 41-കാരനായ റൊണാൾഡോ കാഴ്ചവെച്ചത് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനോടായിരുന്നു ഡാലോട്ടിന്റെ പ്രതികരണം.
"കാര്യങ്ങൾ വളരെ ലളിതമാണ്. ലോകകപ്പിനായി ഇവിടെ എത്തുന്നതിന് മുൻപ് തന്നെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. റൊണാൾഡോയെപ്പോലെ ഒരു വലിയ താരം ടീമിലുള്ളപ്പോൾ സാധാരണയേക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങളെ നേരിടാൻ ഞങ്ങൾ സജ്ജരായിരിക്കണം." - ഡീഗോ ഡാലോട്ട് പറഞ്ഞു.
വിമർശനങ്ങളെ എങ്ങനെ നേരിടണമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് നന്നായി അറിയാമെന്നും കഴിഞ്ഞ 20 വർഷത്തിലേറെയായി അദ്ദേഹം ദേശീയ ടീമിനായി കളിക്കുന്നതാണെന്നും ഡാലോട്ട് ഓർമ്മിപ്പിച്ചു. റൊണാൾഡോയ്ക്ക് ടീമിലുള്ള വിശ്വാസവും ടീമിന് അദ്ദേഹത്തിലുള്ള വിശ്വാസവും എപ്പോഴും ഒരേപോലെയായിരിക്കുമെന്നും പോർച്ചുഗൽ പ്രതിരോധ താരം വ്യക്തമാക്കി.
