വോസിന്റെ മാന്ത്രിക കൈകൾ; സ്പെയിനെ തളച്ച് കേപ് വെർദെയുടെ 40-കാരൻ ഗോൾകീപ്പർ
അറ്റ്ലാന്റ: ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ കരുത്തരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ (0-0) തളച്ച് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം. കരുത്തരായ സ്പാനിഷ് പടയുടെ ഒന്നിന് പുറകെ ഒന്നായുള്ള ആക്രമണങ്ങളെ ഒറ്റയ്ക്ക് നെഞ്ചുവിരിച്ച് നേരിട്ട 40-കാരൻ ഗോൾകീപ്പർ വോസിന്യയാണ് (Josimar Dias - Vozinha) കേപ് വെർദെയുടെ ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ നായകൻ.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും കേപ് വെർദെയുടെ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല. ലമീൻ യമാൽ അടക്കമുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന സ്പാനിഷ് മുന്നേറ്റ നിര തൊടുത്ത ഏഴോളം മാരകമായ ഷോട്ടുകളാണ് വോസിന്യ തട്ടിയകറ്റിയത്.
കണ്ണീരോടെ വോസിന്യ
മത്സരത്തിന് ശേഷം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ വോസിന്യ കണ്ണീരണിഞ്ഞിരുന്നു. വിസ സംബന്ധമായ സാമ്പത്തിക പ്രതിസന്ധികൾ കാരണം തന്റെ അമ്മയ്ക്ക് അമേരിക്കയിൽ നേരിട്ടെത്തി ഈ ചരിത്ര നിമിഷം കാണാൻ സാധിക്കാത്തതിനാലാണ് താൻ കരഞ്ഞുപോയതെന്ന് മത്സരശേഷം താരം വെളിപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ഗോൾകീപ്പറെന്ന റെക്കോർഡും ഇതോടെ ഈ 40-കാരൻ സ്വന്തമാക്കി.
