ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു; കൂടുതൽ താരങ്ങൾ സമരവേദിയിലേക്ക്

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ജൂനിയർ, സബ് ജൂനിയർ താരങ്ങളും സമരത്തിന്റെ ഭാഗമാകുകയാണ്.
ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് താരങ്ങൾ നോട്ടീസ് പതിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്രയും രംഗത്തുവന്നു. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്റെയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്വമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.