സൂപ്പർ കിങ്‌സ് മുഖ്യ പരിശീലകനായി സഹീർ ഖാനെ പ്രഖ്യാപിച്ചു
ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ പ്രഖ്യാപിച്ചു. ഫ്രാഞ്ചൈസിയുമായുള്ള 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മാറിയ സ്റ്റീഫൻ ഫ്‌ളെമിങിന്റെ പകരക്കാരനായാണ് സഹീർ എത്തുന്നത്. 2017-ൽ ഐപിഎല്ലിൽ നിന്ന് വിരമിച്ചതിന് ശേഷം സഹീർ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് ടീമുകൾക്കായി (ആർസിബി, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്) കളിച്ച അദ്ദേഹം 2019 ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസായി നിയമിതനായി. പിന്നീട് അവരുടെ ഗ്ലോബൽ ഡെവലപ്മെന്റ് തലവനായും പ്രവർത്തിച്ചു. അടുത്തിടെ 2025-ലെ ഐപിഎല്ലിനുള്ള ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി സഹീർ ഖാനെ പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ സ്ഥാനം ഒഴിഞ്ഞിരുന്നു.
100 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 102 വിക്കറ്റുകൾ സഹീർ നേടിയിട്ടുണ്ട്. ഇതിനുപുറമെ, ദേശീയ ടീമിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 610 വിക്കറ്റുകളും സ്വന്തമാക്കി. 'ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് ബഹുമതിയാണ് കാണുന്നതെന്ന് പ്രഖ്യാപന ശേഷം സഹീർ ഖാൻ പറഞ്ഞു. 'ക്രിക്കറ്റ് താരം എന്ന നിലയിൽ കളത്തിൽ ഞാൻ സിഎസ്‌കെയെ നേരിട്ടിട്ടുണ്ട്, ആ പോരാട്ടങ്ങൾ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. ചെപ്പോക്കിലെ സൂപ്പർഫാൻസ് സൃഷ്ടിക്കുന്ന അന്തരീക്ഷം അതിനെ കൂടുതൽ സവിശേഷമാക്കുന്നു. ഇത്രയും സമ്പന്നമായ ചരിത്രമുള്ള ഫ്രാഞ്ചൈസിയിൽ ചേരാൻ എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല'- സഹീർ ഖാൻ പറഞ്ഞു.
