Kerala
സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നത്; കേരളാ ഗവർണറും വിധി അംഗീകരിക്കണം: എം എ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീം കോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്ന് എംഎ ബേബി പറഞ്ഞു.
സുപ്രീം കോടതി വിധിയിൽ നിന്നുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. സുപ്രീംകോടതി വിധി അംഗീകരിക്കാൻ കേരള ഗവർണർ സന്നദ്ധൻ ആകേണ്ടിയിരുന്നു. ഗവർണറുടെ പ്രസ്താവന ഒട്ടും അഭികാമ്യം അല്ലെന്ന് എംഎ ബേബി പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ പാർലമെന്റ് നിയമം നിർമിക്കുകയാണെങ്കിൽ ശരി. ബില്ലുകളിൽ അപാകതയുണ്ടെങ്കിൽ ഗവർണർമാർ ബില്ലുകൾ തിരിച്ചയക്കണം. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമങ്ങൾ പോലും ഒരു ഗവർണറെ പിരിച്ചുവിടാൻ വേണ്ടെന്ന് എംഎ ബേബി പറഞ്ഞു.