കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനെന്ന് അല്ലു അർജുൻ; പോലീസും താരവും തമ്മിൽ വാക്കേറ്റം

പുഷ്പ 2 സിനിമ റിലീസിനോട് അനുബന്ധിച്ച് തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകളാണ് അല്ലു അർജുനെതിരെ ചുമത്തിയത്. അഞ്ച് വർഷം മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
പോലീസ് സ്‌റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചില്ലെങ്കിലും ഈ കേസുകളിൽ മജിസ്‌ട്രേറ്റിന് ജാമ്യം നൽകാൻ സാധിക്കും. അല്ലു അർജുനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. മെഡിക്കൽ പരിശോധന ഒസ്മാനിയെ മെഡിക്കൽ കോളേജിൽ നടക്കും. ജൂബിലെ ഹിൽസിലെ വസതിയിലെത്തിയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്
അറസ്റ്റിൽ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് താരം ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണമെന്ന് ആവശ്യപ്പെട്ടതോടെ താരവും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടെയാണ് ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം താരത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തീയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ആന്ധ്ര സ്വദേശിനിയായ രേവതിയാണ്(39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ മകൻ ഒമ്പത് വയസുകാരൻ ശ്രീ തേജ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തി വീശേണ്ടി വന്നതെന്നും പോലീസ് പറയുന്നു.