Kerala

പെരുമഴയും അവഗണിച്ച് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി; വി എസിന്റെ സംസ്‌കാരം അൽപ്പ സമയത്തിനകം

വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പ്രത്യേക വേദിയിൽ പൊതുദർശനം തുടരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് റിക്രിയേഷൻ ഗ്രൗണ്ടിലേക്കും തങ്ങളുടെ പ്രിയ നേതാവിന് അന്ത്യയാത്ര നേരാനായി ഒഴുകിയെത്തുന്നത്. കനത്ത മഴയെയും അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള ആബാലവൃദ്ധം ജനങ്ങൾ മുദ്രവാക്യം വിളികളുമായി വിഎസിന് അരികിലേക്ക് എത്തുകയാണ്

പാർട്ടിയുടെ പ്രമുഖ നേതാക്കളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിട്ടുണ്ട്. അൽപ്പസമയത്തിനകം പൊതുദർശനം അവസാനിപ്പിച്ച് ഭൗതിക ദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ സംസ്‌കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. അൽപ്പ സമയത്തിനകം സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ളവർ വലിയ ചുടുകാട്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. വലിയ ചുടുകാട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കനത്ത മഴയാണ് ആലപ്പുഴയിൽ തുടരുന്നത്. എന്നാൽ മഴ നനഞ്ഞും നൂറുകണക്കിനാളുകളാണ് വിഎസിന് ആദരമർപ്പിക്കാൻ കാത്തുനിൽക്കുന്നത്.

Related Articles

Back to top button
error: Content is protected !!