ഭീകരതയെ വേരോടെ പിഴുതെറിയും; സൈന്യത്തിൽ അഭിമാനം: അമിത് ഷാ

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യക്കെതിരായ ഏത് ആക്രമണത്തിനും മോദി സർക്കാർ തിരിച്ചടി നൽകും. സൈന്യത്തിൽ അഭിമാനിക്കുന്നുവെന്നും ഭീകരതയെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു
നമ്മുടെ സായുധ സേനയിൽ അഭിമാനമുണ്ട്. പഹൽഗാമിൽ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപറേഷൻ സിന്ദൂർ. ഇന്ത്യക്കും നമ്മുടെ ജനതക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു
സൈനിക നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തുവന്നു. ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടത്തിൽ സർക്കാരിനും സേനക്കുമൊപ്പം ഉറച്ച് നിൽക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.