താലി: ഭാഗം 6

താലി: ഭാഗം 6

രചന: കാശിനാധൻ

എപ്പോളും ഗൗരിയുടെ കളിചിരികൾ മാത്രം മുഴങ്ങി കേട്ട ആ വലിയ വീട് മരണവീട് പോലെ ആയി മാറി. ആരുമാരും പരസ്പരം മിണ്ടാതെ ആയി, കുറ്റിമുല്ലയും മന്ദാരവും പോലും അവളോട് പിണങ്ങിയതായി അവൾക്ക് തോന്നി.. എന്നും ഇലഞ്ഞി മരത്തിൽ വന്നു പാട്ടു പാടിയ പൂങ്കുയിലിനെ ഇപ്പോൾ കാണാണ്ട് ആയിരിക്കുന്നു.. പൂജാമുറിയിലെ കൃഷ്ണവിഗ്രഹത്തെ നോക്കുമ്പോൾ കള്ളക്കണ്ണന്റെ രൗദ്രഭാവം ആണ് അവൾക്ക് കാണാൻ സാധിച്ചത്. മുത്തശ്ശൻ സകല സമയവും പ്രാർത്ഥനയിൽ ആണ്.. ഇളനീർ ധാര നടത്തുവാനായി അമ്മ ശിവക്ഷേത്രത്തിൽ പോകുക പതിവ് ആയി... ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയി.. ഊണുമേശയ്ക്ക് പോലും മൗനം ആയി.. എല്ലാവരുടെയും സങ്കടത്തിനു കാരണം ആരാണ്.. എല്ലാവരും അവളെ വിരൽ ചൂണ്ടുന്നതായി അവൾക്ക് തോന്നി.. എവിടെ എങ്കിലും ഓടി ഒളിച്ചാലോ എന്ന് അവൾ ചിന്തിച്ചു.. അച്ഛൻ ആണെങ്കിൽ പല പല വിവാഹ ആലോചനയെ കുറിച്ച് പറയുന്നു... എല്ലാവരും എല്ലം തീരുമാനിച്ച മട്ട് ആണ്. അന്ന് രാത്രിയിൽ അവൾ ഒരു സ്വപ്നം കണ്ടു.. മാധവിന്റെ കയ്യും പിടിച്ചു കയറി വരുന്ന ഗൗരി... അവൻ ചാർത്തിയ താലി അവളുടെ ഹൃദയത്തോട് പറ്റി ചേർന്ന് കിടന്നു.. അച്ഛനും അമ്മയും മുത്തശ്ശനും എല്ലാവരും ഉമ്മറത്തു ഉണ്ട്... അവൾ മാധവും ആയി അച്ഛന്റ്റെ അരികിൽ വന്നു നിന്ന്.. ആ കാലിൽ വീണു പൊട്ടിക്കരഞ്ഞ ഗൗരി...... പിന്നീട് അവൾ കണ്ടത് നെഞ്ച് വേദന എടുത്തു പുളയുന്ന അച്ഛനെ ആണ്.. എല്ലാവരും കൂടി അച്ഛനെ താങ്ങി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി.. പക്ഷെ... പക്ഷെ... തന്റെ അച്ഛൻ...... അപമാനവും സങ്കടവും സഹിയ്ക്കാൻ വയ്യാതെ അച്ഛൻ ഈ ലോകത്ത് നിന്ന് പോയിരിക്കുന്നു.. "നാശം പിടിച്ചവളെ... സ്വന്തം അച്ഛനെ കൊന്നപ്പോൾ നിനക്ക് സമാധാനം ആയോ...ഗുണം പിടിക്കില്ലടി..... നീയും നിന്റെ സന്തതികളും അനുഭവിക്കും...... മുടിഞ്ഞു പോകത്തെ ഒള്ളു നിയ്... " അമ്മയുടെ ആർത്തലച്ചുള്ള കണ്ണീരും ശാപവർഷവും.. അവൾ ഞെട്ടി എണിറ്റു.. അലറിക്കരഞ്ഞു.. എല്ലാ മുറിയും പ്രകാശിച്ചു.. അച്ഛനും അമ്മയും ഒക്കെ ഓടി വന്നു അവളുടെ അരികിലേക്ക്.. "എന്താണ് മോളെ അച്ഛന്റ്റെ പൊന്നുമോൾക്ക് എന്ത് പറ്റി... എന്തെങ്കിലും ദുസ്വപ്നം കണ്ടോ എന്റെ കുട്ടി "അയാൾ മകളെ തഴുകി. ഗൗരി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അച്ഛന്റെ നെഞ്ചിലേക്ക് വീണു. "അച്ഛാ... എന്നോട് ക്ഷമിക്കണം..പ്ലീസ്..... എനിക്ക് ഒരു തെറ്റ് പറ്റി പോയി........പൊറുക്കാനാവാത്ത തെറ്റ് "അവളുടെ വിങ്ങുന്ന വാക്കുകൾ കേട്ട് എല്ലാവരും തരിച്ചു ഇരുന്നു. "എനിക്ക് മാധവിനോട്‌ ഇഷ്ട്ടം ഉണ്ടായിരുന്നു.. ഒക്കെ എന്റെ പൊട്ടമനസിൽ തോന്നിയത് ആണ്.. എല്ലാം ഞാൻ മറക്കാം അച്ഛാ.. അച്ഛൻ പറയുന്ന ആരെ വേണമെങ്കിലും ഞാൻ വിവാഹം കഴിയ്ക്കാം... " "മോള് വിഷമിക്കാതെ..... നമ്മൾക്ക് നേരം പുലർന്നിട്ട് സംസാരിക്കാം... ഇപ്പോൾ എന്റെ കുട്ടി ഉറങ്ങു കെട്ടോ.... " അവൾ കരഞ്ഞപ്പോൾ അയാൾ മകളെ ആശ്വസിപ്പിച്ചു. എന്നിട്ട് എല്ലാവരും കൂടി റൂമിന് പുറത്ത് ഇറങ്ങി. ഉറക്കം വരാതെ ഗൗരി തിരിഞ്ഞും മറിഞ്ഞും കിടന്നു.. അവളുടെ ചങ്ക് നീറി പിടയുക ആണ്.. പക്ഷെ അച്ഛൻ.... അച്ഛനെ വിഷമിപ്പിക്കാൻ അവൾക്ക് വയ്യ... ഒരു കടലോളം സ്നേഹം അവളോട് ഉണ്ട് അയാൾക്ക് എന്ന് അവൾക്ക് അറിയാം.. അച്ഛനെ എതിർത്തു ഒരു ജീവിതം തനിക്ക് വേണ്ട.. അതുകൊണ്ട് അവൾ തന്റെ ഇഷ്ടങ്ങൾ വേണ്ടന്ന് വെയ്ക്കാൻ തന്നെ തീരുമാനിച്ചു.. കാലത്തെ മാധവിനോട്‌ പറയണം എന്ന് അവൾ കണക്കു കൂട്ടി. എന്നും തന്നോട് ധൈര്യം കാണിക്കണം, തന്റേടം ഉണ്ടാവണം, നമ്മൾക്ക് ഒന്നാവണം എന്നൊക്ക വിളിച്ചു ഉപദേശിക്കാറുണ്ട് മാധവ്... പക്ഷെ... പക്ഷെ വേണ്ട... ഇനി തന്റെ ലൈഫിൽ അങ്ങനെ ഒരു നാമം ഇല്ല.... അവൾ ഉറപ്പിച്ചു. അടുത്ത ദിവസം അവൾ ഉണരാൻ ലേശം വൈകി.. പക്ഷെ അവൾ എഴുനേറ്റു വന്നപ്പോൾ എല്ലാവരും അവളെ കാത്തു ഇരിക്കുക ആയിരുന്നു.. കാലത്തെ ഭക്ഷണം കഴിക്കാൻ.. അങ്ങനെ കുറച്ച് ദിവസങ്ങൾക്കു ശേഷം എല്ലാവരും കളിചിരികളുമായി ഒരുമിച്ചു ഇരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു. അന്ന് തന്നെ അവൾ മാധവിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു. വീട്ടിൽ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു, അച്ഛൻ എതിർത്തു... എന്നോട് ക്ഷമിക്കണം, നമ്മൾക്ക് ഒരുമിച്ചു ഒരു ജീവിതം ഒരിക്കലും അത് നടക്കില്ല. അച്ഛനെ വെറുപ്പിച്ചു ഒരു വിവാഹം എനിക്ക് വേണ്ട .... so ഞാൻ ഈ റിലേഷൻ stop ചെയുക ആണ്.. ഇനി എന്നെ വിളിക്കരുത്.. ആം സോറി... ഇതായിരുന്നു അവളുടെ മെസ്സേജ്. അവൻ ഒരുപാട് തവണ വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല. മനസ് നീറിപുകയുമ്പോളും അവൾ ഉരുകി തീരുക ആണ് ചെയ്തത്.. സ്റ്റഡി ലീവ് തുടങ്ങാറായിരിക്കുന്നു.. ഇനി കോളേജിൽ അധിക ദിവസം ഇല്ല.. ഏതൊക്കെയോ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയുവാൻ ആയിട്ട് അവൾ കോളേജിലേക്ക് പുറപ്പെട്ടു. അച്ഛൻ ആണ് അവളെ ഡ്രോപ്പ് ചെയ്തത്. കോളേജിൽ ഉച്ച വരെ ക്ലാസ് ഉണ്ടായിരുന്നുള്ളു.. ഗൗരി തിരികെ വീട്ടിലേക്ക് പോരുവാനായി ബസ് സ്റ്റോപ്പിലേക്ക് നടന്നു.. അവളെ കാത്തു മാധവിന്റെ കാർ കിടപ്പുണ്ടായിരുന്നു...........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story