താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഏപ്രിൽ 8ന്

താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രിൽ എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ജുവൈനൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതർ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.കുറ്റാരോപിതർക്ക് പ്രായപൂർത്തിയായില്ലെന്ന പരിഗണന വച്ച് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.പ്രതി പട്ടികയിലുള്ള ആറ് വിദ്യാർഥികൾക്കും ക്രിമിനൽ സ്വഭാവമുണ്ടെന്നും ഇവർക്ക് ജാമ്യം നൽകരുതെന്നും നേരത്തെ ഷഹബാസിന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 28നാണ് താമരശേരിയിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഷഹബാസിന് ഗുരുതര പരുക്കേറ്റത്.
ഷഹബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രമിച്ച ആറ് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.