തണൽ തേടി: ഭാഗം 2

തണൽ തേടി: ഭാഗം 2

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കറുപ്പും വെള്ളയും ഇടകലർന്ന ഒരു കോട്ടൺ ചുരിദാർ ആണ് വേഷം ദുപ്പട്ട തലയിലൂടെ തട്ടം പോലെ ഇട്ടിരിക്കുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ചുണ്ടുകൾ അവളുടെ വെളുത്ത മുഖത്തിന് കൂടുതൽ സൗന്ദര്യം പകർന്നു. മഷി പടരാത്ത മിഴികളിൽ നനവ് ബാക്കിയാണ്. കരഞ്ഞപോലെ കവിളുകളും മൂക്കിൻ തുമ്പും ചുവന്നു കിടക്കുന്നു. അവൾ ഇവിടെ അല്ലെന്ന് തോന്നുന്നു. മറ്റൊരു ലോകത്തിൽ എന്നത് പോലെ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. " കൊച്ചേ.... എവിടെ ഇറങ്ങാനാ..? ഹലോ... അവൻ വിരലുകൾ കൊണ്ട് അവളുടെ മുഖത്തിന് നേരെ ഞൊട്ട വിട്ടുകൊണ്ട് വിളിച്ചു. അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടാവാതെ വന്നപ്പോൾ അവനൊന്നു ഭയന്നു. എങ്കിലും അവൻ അവളെ ഒന്ന് കുലുക്കി വിളിക്കാൻ ശ്രമിച്ചു. "അതേയ് കൊച്ചേ... അവളുടെ തോളിൽ തട്ടി വിളിച്ചു ആ നിമിഷം തന്നെ അവൾ അവന്റെ ശരീരത്തിലേക്ക് ചാഞ്ഞുവീണു കഴിഞ്ഞിരുന്നു. അവളുടെ ചുണ്ടിൽ നിന്നും ഒലിച്ചുവരുന്ന ചോര കൂടി കണ്ടതോടെ അവന് വല്ലാത്ത ഭയം തോന്നി. ബസ്സിലേക്ക് നോക്കിയപ്പോൾ ആരുമില്ല ഒരു സഹായത്തിന് പോലും. ആരും ഇല്ലാതെ എന്താണ് താൻ ചെയ്യുന്നത്.? അവൾ അപ്പോഴും അവന്റെ കൈകളിൽ തന്നെയായിരുന്നു. വച്ച് താമസിപ്പിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് തന്നെ അവൻ അവളെ സീറ്റിലേക്ക് ചാഞ്ഞു ഇരുത്തിയതിനു ശേഷം നേരെ ബസിനു വെളിയിലേക്ക് ഇറങ്ങി. തൊട്ടിപ്പുറത്ത് ഓട്ടോ സ്റ്റാൻഡ് ആണ് അവിടേക്ക് ചെന്നപ്പോൾ ജോസഫേട്ടൻ മാത്രമാണ് അവിടെ ഉള്ളത്. അവന്റെ വെപ്രാളവും പരിഭ്രാന്തിയും കണ്ടപ്പോൾ ഒരു നിമിഷം ജോസഫ് ചേട്ടനും എന്തോ പന്തികേട് തോന്നിയിരുന്നു. " സെബാനെ... എന്താടാ..? അയാൾ പെട്ടെന്ന് അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. " അത് ജോസപ്പേട്ട അവിടെ ഒരു പെൺകൊച്ച്... ബസ്സിൽ.... ചുണ്ടിൽ ചോരയൊക്കെ ആയിട്ട്.... അവൻ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു... " എന്നാടാ... ചോരയോ..? എന്നാന്നു നീ ഒന്ന് തെളിച്ചു പറ " എന്റെ കൂടെ ഒന്ന് വരാമോ, അവൻ അയാളുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അയാൾ അവന്റെ ഒപ്പം ബസ്സിലേക്ക് ചെന്നു. അപ്പോഴും സീറ്റിൽ ബോധരഹിതയായിരിക്കുകയാണ് അവൾ. " എന്നാ സെബാനേ ഇത്.? ഏതാ ഈ പെൺകൊച്ച്.. എന്താ പ്രശ്നം..? അയാളും പരിഭ്രമത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.. " അതൊക്കെ നമുക്ക് പിന്നെ പറയാം ഇപ്പോൾ ഈ കൊച്ചിനെ ആശുപത്രി കൊണ്ടുപോകാം, അവളുടെ മുക്കിന് താഴെ വിരൽ വച്ച് നോക്കി ജോസഫേട്ടന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. " ജീവനുണ്ട്...! " ഞാൻ ഓട്ടോ എടുത്തോണ്ട് വരാം, നീ ആ കൊച്ചിനെ എങ്ങനെയെങ്കിലും പുറത്തോട്ട് ഇറക്ക്, പിന്നെ ആരും കാണാതെ ശ്രദ്ധിക്കണം. ഒരു രഹസ്യം പോലെ ജോസപ്പേട്ടൻ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചിരുന്നു. ജോസപ്പേട്ടൻ വണ്ടിയുമായി വരുന്നത് വരെ പരിസരത്ത് ആരുമില്ലന്ന് അവൻ ഉറപ്പിച്ചു. ശേഷം ഓട്ടോ ബസ്സിന്റെ അടുത്ത് എത്തിയപ്പോൾ അവൻ ഇരു കൈകളിലായി അവളെ കോരിയെടുത്തു. ഓട്ടോയിലേക്ക് കയറി. വളരെ വേഗം തന്നെ ഓട്ടോ ആശുപത്രി ലക്ഷ്യമാക്കി പറന്നു...ഹോസ്പിറ്റലിൽ എത്തിയതും അവൻ അവളെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി കിടത്തി. " എടാ ഇതെന്തോ വള്ളിക്കെട്ട് കേസ് ആണ്. നമുക്ക് ക്യാഷ്വാലിറ്റിയിൽ ഇറക്കിയിട്ട് തിരിച്ചുപോകാം. ഇല്ലെങ്കിൽ അവസാനം നമ്മുടെ മണ്ടയിൽ ഇരിക്കും. അവന്റെ ചെവിയിൽ സ്വകാര്യമായി ജോസപ്പേട്ടൻ പറഞ്ഞു. " ജോസഫേട്ടാ അങ്ങനെ തള്ളിയിട്ടു പോകുന്നത് ശരിയല്ലല്ലോ. ഒരു പെൺകൊച്ചു അല്ലേ.? " എങ്കിൽ പിന്നെ നീ എന്താണെന്ന് വച്ചാൽ ചെയ്യ്. എനിക്ക് മൂന്ന് പെൺപിള്ളേർ ഉള്ളതാ. എനിക്ക് വയ്യ കേസും വക്കാണവും ആയിട്ട് നില്കാൻ.ഞാൻ പോവാ കാഷ്വാലിറ്റിയിലേക്ക് അവളെ കോരിയെടുത്തുകൊണ്ടാണ് സെബാസ്റ്റ്യൻ നടന്നത്. അപ്പോഴേക്കും ജോസഫ് ഏട്ടൻ പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ തെറ്റുപറയാൻ കഴിയില്ല എന്ന് അവന് തോന്നി. ആരാണെങ്കിലും ഇങ്ങനെ ചെയ്യു. പ്രത്യേകിച്ച് ജോസഫേട്ടൻ മറ്റു വിഷയങ്ങളിൽ ഒന്നും തലയിടാൻ താല്പര്യമില്ലാതെ ഒഴിഞ്ഞുമാറി നടക്കുന്ന കൂട്ടത്തിൽ ആണ്. അങ്ങനെയുള്ള ഒരാൾ ഒരിക്കലും ഇതിൽ കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട. ഇപ്പോൾ തന്നെ താൻ ആയതുകൊണ്ടാണ് പുള്ളി വന്നത് തന്നെ. ഇല്ലെങ്കിൽ വരില്ല. പണ്ടൊരിക്കൽ ഓട്ടോയിൽ കയറിയ ഒരാൾക്ക് അറ്റാക്ക് പോലെ വന്നതിനു ശേഷം ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവരുടെ ബന്ധുക്കൾ ജോസഫേട്ടൻ അയാളുടെ കയ്യിലിരുന്ന പണം തട്ടിയെടുക്കാൻ വേണ്ടി കൊല്ലാൻ ശ്രമിച്ചതാണ് എന്ന് ആണ് പറഞ്ഞത്.. അതിനുശേഷം ആരെയും സഹായിക്കുന്ന പരിപാടി ആൾക്ക് ഇല്ല ക്യാഷ്വാലിറ്റിയിൽ അവളെ കിടത്തിയപ്പോഴേക്കും നേഴ്സ് വന്നിരുന്നു. " എന്താ പറ്റിയത്..? അവളുടെയും സെബാസ്റ്റ്യന്റെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് നേഴ്സ് ചോദിച്ചു. " അറിയില്ല പെട്ടെന്ന് തലകറങ്ങി വീഴായിരുന്നു. . അങ്ങനെ പറയാനാണ് അവന് തോന്നിയത്. " നിങ്ങൾ ഈ കുട്ടിയുടെ ആരാ..? നേഴ്സിന്റെ ആ ചോദ്യത്തിന് എന്തു മറുപടി പറയണം എന്ന് അവൻ അറിയില്ലായിരുന്നു. ഒരു നിമിഷം ജോസഫേട്ടൻ പറഞ്ഞതുപോലെ ക്യാഷ്വാലിറ്റിയിൽ കിടത്തിയിട്ട് പോയാൽ മതിയായിരുന്നു എന്ന് പോലും അവൻ ഓർത്തു. " എനിക്ക് പരിചയമുള്ള കുട്ടിയാണ്. എന്താന്നറിയില്ല ഉറങ്ങിപ്പോയതാണ് എന്നാണ് കരുതിയത്. പക്ഷേ പെട്ടെന്ന് തല ചുറ്റി വീണു. ചുണ്ടിലൂടെ ചോരയൊക്കെ വന്നു. അറിയില്ലെന്ന് പറഞ്ഞാൽ അവർ ചികിത്സ നൽകാൻ മടിച്ചാലോ എന്ന് കരുതിയാണ് അങ്ങനെ ഒരു കള്ളം അവൻ പറഞ്ഞത്. നേഴ്സ് പെട്ടെന്ന് തന്നെ ഓപിയിലേക്ക് പോയി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെയും കൂട്ടി വന്നു. അവർ വന്ന് വിശദമായി അവളെ പരിശോധിക്കുകയും ഒക്കെ ചെയ്തിരുന്നു. " ഈ കുട്ടി നിങ്ങളുടെ ആരാണെന്നാ പറഞ്ഞത്.? ഡോക്ടർ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. വെപ്രാളവും പരിഭ്രമവും ഒക്കെയായാണ് അവൻ മറുപടി പറഞ്ഞത്. " ഞാനൊരു ബസ് ഡ്രൈവറാണ്, എന്റെ ബസ്സിലെ ഇടയ്ക്ക് കേറുന്ന കുട്ടിയാ. പരിചയമുണ്ട്. വേണ്ടപ്പെട്ട കുട്ടിയാ.. " ബസ്സിൽ കയറുന്നവരെല്ലാം വേണ്ടപ്പെട്ടവരാണോ..? " അങ്ങനെയല്ല, അങ്ങനെ കണ്ടു കണ്ട് പരിചയമായി വേണ്ടപ്പെട്ട കുട്ടിയാണെന്ന ഉദ്ദേശിച്ചത്. " എന്താണെങ്കിലും ഇതൊരു സൂയിസൈഡ് അറ്റംമ്റ്റ് ആണ്. അതുകൊണ്ട് പോലീസിനെ അറിയിക്കാതെ നിർവാഹമില്ല. നിങ്ങളുടെ ഡീറ്റെയിൽസ് ഒക്കെ ഇവിടെ കൊടുക്കണം. പിന്നെ ഇയാൾ പോകാതെ നോക്കണം. നേഴ്സിനോട് അത്രയും പറഞ്ഞു ഡോക്ടർ മുറിയിലേക്ക് പോയപ്പോൾ ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ നിന്നു പോയിരുന്നു സെബാസ്റ്റ്യൻ.. ഇതുകൊണ്ടാണ് ഇന്നത്തെ കാലത്ത് ആരുമാർക്കും ഒരു സഹായവും ചെയ്യാത്തത് എന്ന് അവൻ ഓർത്തു. അതേസമയം തന്നെ കുറച്ച് അപ്പുറത്ത് മാറി നിന്ന് ഡോക്ടർ പോലീസിനെ വിളിക്കുന്നതും വിവരങ്ങൾ പറയുന്നതും ഒക്കെ അവൻ കേൾക്കുന്നുണ്ടായിരുന്നു. തല മുതൽ കാൽ വരെ അവൻ വിയർക്കാൻ തുടങ്ങി. ഒരു നിമിഷം അവളെ ആശുപത്രിയിൽ കൊണ്ടുവരാൻ തോന്നിയ സമയത്ത് അവൻ പഴിച്ചു.......തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story