തണൽ തേടി: ഭാഗം 23
എഴുത്തുകാരി: റിൻസി പ്രിൻസ്
നീ തൽക്കാലം തിരിച്ചു വീട്ടിൽ പോകു, വണ്ടികൂലി ഇല്ലെങ്കിൽ അത് ഞാൻ തരാം..
അവൻ അത്രയും പറഞ്ഞപ്പോഴേക്കും ലക്ഷ്മി കരഞ്ഞിരുന്നു. സെബാസ്റ്റ്യന് ദേഷ്യം പിടിച്ചു നിർത്തുന്നതിന് പരിധിയുണ്ടായിരുന്നു.
പരിധി വിട്ടതും സെബാസ്റ്റ്യൻ കൈയ്യ് ദേഷ്യത്തോടെ വിവേകിന്റെ കവിളിൽ പതിഞ്ഞു
വിവേകിന്റെ മുഖം ദേഷ്യത്താൽ നിറഞ്ഞു….
” പ്രേമിക്കുമ്പോൾ നിനക്ക് അറിയില്ലായിരുന്നോ ഇവളെ നോക്കണമെന്ന്..?
ദേഷ്യത്തോടെ സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ അതിലും ദേഷ്യത്തോടെ ലക്ഷ്മിയെ ഒന്ന് നോക്കി വിവേക് തുടർന്നു…
” ഒറ്റ ദിവസം നീ കിടന്നു കൊടുത്തപ്പോഴേക്കും നിനക്ക് വേണ്ടി പരിചയമില്ലാത്ത ഒരുത്തനെ തല്ലാൻ വരെ ഇവൻ തയ്യാറായോ.? അതിനുമാത്രം എന്ത് സുഖമാഡി ഇവന് നീ കൊടുത്തത്…ഞാൻ ഒന്ന് ബൈക്കിൽ കയറാൻ വിളിക്കുമ്പോൾ പോലും നിനക്ക് വല്ല്യ ഡിമാൻഡ് ആയിരുന്നല്ലോ,
ദേഷ്യത്തോടെ വിവേക് ചോദിച്ചപ്പോൾ ലക്ഷ്മിക്ക് പൊട്ടി കരയാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ..
അപ്പോഴേക്കും ദേഷ്യത്തോടെ സെബാസ്റ്റ്യൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചിരുന്നു ..
” കാര്യം കഴിഞ്ഞ് എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നോടോ ഒരു രാത്രി തന്റെ കൂടെ കഴിഞ്ഞ ഐറ്റത്തിനേ ഞാൻ ഏറ്റെടുക്കണം എന്ന് ആണോ പറയുന്നത്.
” നായിന്റെ മോനെ, അനാവശ്യം പറയുന്നോടാ
അതും പറഞ്ഞുകൊണ്ട് സെബാസ്റ്റ്യൻ അവന്റെ അടുത്ത കവിളിൽ കൂടി ഒന്ന് പ്രഹരിച്ചിരുന്നു.
” അന്തസായിട്ട് ഒരു പെണ്ണിനെ പ്രേമിക്കാനും അവളെ നോക്കാനും പറ്റത്തില്ലെങ്കിൽ ആ പരിപാടിക്ക് നീയൊന്നും നിൽക്കരുത് നായെ, എന്നിട്ട് അനാവശ്യം കൂടി പറയുന്നോ
സെബാസ്റ്റ്യൻ പറഞ്ഞു
” തനിക്ക് അത്രയ്ക്ക് വിഷമം ആണേൽ താൻ അങ്ങ് കെട്ടടോ.? അങ്ങനെയല്ലേ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത്. എന്റെ തലമണ്ടയ്ക്ക് കെട്ടിവയ്ക്കാൻ നോക്കണ്ട..
വിവേക് പറഞ്ഞു
” ഇത്രയും വൃത്തികെട്ട രീതിയിൽ ചിന്തിക്കുന്ന ഒരുത്തനെ നിനക്ക് വേണോ?
അവളുടെ മുഖത്തേക്ക് നോക്കി വിവേകിന്റെ കുത്തിന് പിടിച്ച് മുറുക്കിക്കൊണ്ട് സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ, വേണ്ട എന്ന അർത്ഥത്തിൽ അവൾ തലയാട്ടി കാണിച്ചു..
” എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നെ സ്നേഹിച്ചു എന്നുള്ളത് ആണ്, മനസ്സിൽ ഇത്രത്തോളം ദുഷിപ്പ് വെച്ച് നടക്കുന്ന ഒരുത്തനായിരുന്നു നിയെന്ന് ഞാൻ അറിഞ്ഞില്ല
അവന്റെ അരികിലേക്ക് വന്നുകൊണ്ട് അവൾ അത് പറഞ്ഞപ്പോൾ താല്പര്യം ഇല്ലാതെ അവൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. വിവേകിന്റെ രണ്ട് കവിളും തിണർത്ത് കിടക്കുന്നുണ്ടായിരുന്നു
അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. സെബാസ്റ്റ്യൻ അവനെ ഞെരിച്ചു പിടിച്ച സമയത്ത് അവന് ശ്വാസം മുട്ടുന്നതായി തോന്നിയിരുന്നു.
” വാ….
അവളുടെ കൈയിൽ അധികാരത്തോടെ പിടിച്ചു കൊണ്ട് സെബാസ്റ്റ്യൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങിയിരുന്നു.
ഒരു ജീവച്ഛവം കണക്കെ അവനൊപ്പം പോകുമ്പോൾ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു അവളുടെയും മനസ്സിൽ..
ഇനി തന്റെ ജീവിതം എവിടേക്കാണെന്ന് പോലും അറിയില്ല. വിവേകിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒട്ടും തന്നെ പ്രതീക്ഷിച്ചതും അല്ല ലക്ഷ്മി
സെബാസ്റ്റ്യൻ നല്ല ദേഷ്യത്തിൽ ആണെന്ന് തോന്നിയതുകൊണ്ട് തന്നെ അവനോട് ഒന്നും പറയാൻ അവൾ നിന്നില്ല. അവിടെ നിന്ന് നേരെ അവൻ കയറിയത് ഒരു ബേക്കറിയിൽ ആണ്
” കുടിക്കാൻ രണ്ട് ലൈമും അവൻ പറഞ്ഞിരുന്നു.
അവൾ അപ്പോഴും മറ്റെന്തോ ചിന്തയിലാണ്.
അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് നാണം തോന്നി.. അത്രത്തോളം വൃത്തികേടുകളാണ് വിവേക് പറഞ്ഞത്. തന്നെക്കുറിച്ച് അങ്ങനെയൊക്കെ പറയാൻ അവൻ എങ്ങനെ നാവു പൊങ്ങി എന്ന് പോലും ലക്ഷ്മി ഓർത്തു.
സെബാസ്റ്റ്യനും നല്ല ദേഷ്യത്തിലാണ്. തന്നെ നോക്കുന്നു പോലും ഇല്ല. മറ്റെങ്ങോ നോക്കി ഇരിക്കുകയാണ്..
” ഈ നാട്ടിൽ വേറെ ആമ്പിള്ളേർ ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇതുപോലെ വൃത്തികെട്ട ഒരുത്തനെ നീ സ്നേഹിച്ചത്.?
ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ ചോദിച്ചു.
” എന്നെ ഇഷ്ടമാണെന്ന പറഞ്ഞിരുന്നത്, ഇങ്ങനെ പറ്റിക്കുന്ന് കരുതിയില്ല..
കണ്ണുനീരോടെ അവൾ പറഞ്ഞപ്പോൾ പിന്നെ അവളെ ഒന്നും പറയാൻ അവന് തോന്നിയില്ല.
” കൂടുതൽ ഒന്നും പറ്റിയില്ലല്ലോ അത് തന്നെ ഭാഗ്യം
സെബാസ്റ്റ്യൻ പറഞ്ഞു
” ഞാൻ കാരണം സഹിക്കാവുന്നതിനപ്പുറം ബുദ്ധിമുട്ടുകൾ ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം. നമുക്ക് പോലീസ് സ്റ്റേഷനിൽ പോവാം, അവിടെ ചെന്ന് ഞാൻ എല്ലാ കാര്യങ്ങളും തുറന്നു പറയാം, ഇനി ഞാൻ ബുദ്ധിമുട്ടിക്കില്ല..
അവൾ കരഞ്ഞു പറഞ്ഞു
” പോലീസ് സ്റ്റേഷനിൽ ചെന്ന് എല്ലാം തുറന്നു പറഞ്ഞിട്ട് താൻ എങ്ങോട്ട് പോകും.?..
സെബാസ്റ്റ്യൻ ചോദിച്ചു
” വീട്ടിലേക്ക് പോകൂമോ.?
അവൻ ചോദിച്ചു
” അവിടേക്ക് ഞാൻ എങ്ങനെ പോകും.?
അവൾ ചോദിച്ചു
” അച്ഛനോട് എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറയാം. ഞാൻ പറയുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാകും.
സെബാസ്റ്റ്യൻ പറഞ്ഞു
” അച്ഛനോട് പറഞ്ഞു തന്നെ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റാൻ പറയാം.. തൽക്കാലം വീട്ടിൽ നിൽക്കാതിരുന്നാൽ മതിയല്ലോ, തന്റെ അച്ഛന്റെ നമ്പർ പറ ഞാൻ വിളിക്കാം, വിളിക്കട്ടെ
അവൻ ചോദിച്ചു
” അവൻ പറഞ്ഞപ്പോൾ തനിക്ക് മുൻപിൽ മറ്റു മാർഗ്ഗമില്ലന്ന് മനസ്സിലാക്കി അവൾ അച്ഛന്റെ നമ്പർ പറഞ്ഞു കൊടുത്തു..
അവനത് ഫോണിൽ ചെയ്തു. അപ്പോഴേക്കും ജ്യൂസും എത്തിയിരുന്നു. അത് അവൾക്ക് നേരെ നീക്കി കൊണ്ട് അവൻ പറഞ്ഞു
” കുടിക്ക്…
ഫോൺ ബെല്ലടിക്കുതോറും അവളുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി…
” ഹലോ..!
മറുവശത്ത് നിന്നും സ്ത്രീ സ്വരം കേട്ടു. ആ ശബ്ദം ചെറിയമ്മയുടെതാണെന്ന് അവൾ തിരിച്ചറിഞ്ഞു.
അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവൻ ഫോൺ കട്ട് ചെയ്തു..
” എന്താടോ..?
” ചെറിയമ്മയുടെ ശബ്ദമാണ്, അവർ ആണ് എടുക്കുന്നത് എങ്കിൽ വിളിക്കുന്നത് ആരാണെന്ന് പറയേണ്ട. അച്ഛന്റെ ഒരു സുഹൃത്താണെന്ന് മറ്റോ പറഞ്ഞാൽ മതി.
“ഓക്കേ തന്റെ അച്ഛന്റെ പേര് എന്തായിരുന്നു.?
“ദേവൻ
അവൾ അവനോട് പറഞ്ഞപ്പോൾ അവൻ സമ്മതിച്ച് ഫോൺ എടുത്തു വീണ്ടും വിളിച്ചു.
ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു..
” ഹലോ ആരാ..?
” ദേവൻ ചേട്ടൻ ഇല്ലേ.?
അവൻ ചോദിച്ചു
” ഇല്ലല്ലോ ചേട്ടൻ ഇന്നലെ വൈകിട്ട് തിരിച്ചുപോയി.. നിങ്ങളാരാ..?
ലക്ഷ്മിയുടെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നതായിരുന്നു ആ മറുപടി..
” ഞാൻ പുള്ളിയുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ റിലേറ്റീവ് ആണ്. കുറച്ച് സാധനം കൊടുത്തു വിടാൻ വിളിക്കാൻ പറഞ്ഞിരുന്നു..
” ആഹ്, ചേട്ടൻ കുറച്ച് നേരത്തെ പോയി, ലീവ് ക്യാൻസൽ ചെയ്താ പോയത്…
അപ്പുറത്ത് നിന്നും ചെറിയമ്മ പറഞ്ഞപ്പോൾ തന്നെ മറുപടിയൊന്നും പറയാതെ അവൻ ഫോൺ കട്ട് ചെയ്തു.. അവളുടെ മുഖത്തേക്ക് നോക്കി..
അവൾ എന്തു ചെയ്യും എന്ന് അറിയാതെ ഇരിക്കുകയാണ്. കണ്ണുകൾ നിറയാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടെന്ന് അവന് തോന്നി…
” ലക്ഷ്മി….
അവൻ വിളിച്ചപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി…
” താൻ എന്റെ കൂടെ വരുന്നോ.?
സെബാസ്റ്റ്യൻ ചോദിച്ചു……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…