തണൽ തേടി: ഭാഗം 24
Jan 30, 2025, 08:39 IST

എഴുത്തുകാരി: റിൻസി പ്രിൻസ്
ലക്ഷ്മി.... അവൻ വിളിച്ചപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി... " താൻ എന്റെ കൂടെ വരുന്നോ.? സെബാസ്റ്റ്യൻ ചോദിച്ചു അത് മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് അവൾ നോക്കി... " എങ്ങോട്ട്..?. " എന്റെ വീട്ടിലേക്ക്, അല്ലാതെ എവിടേക്കാ..? ഏതായാലും നാട്ടുകാരെല്ലാവരും അറിഞ്ഞു.. പോലീസ് സ്റ്റേഷനിൽ എഴുതി വയ്ക്കുകയും ചെയ്തു. തനിക്ക് സമ്മതമാണെങ്കിൽ എന്റെ കൂടെ പോര്, അവൾ അമ്പരപ്പോടെ അവനെ നോക്കി.. " ഏതെങ്കിലും അനാഥാലയത്തിൽ പോകുന്നതിലും നല്ലതല്ലേ.? ഇങ്ങനെയൊക്കെ പറയാമോ എന്ന് എനിക്കറിയില്ല. പക്ഷേ ഈയൊരു സാഹചര്യത്തിൽ ഇങ്ങനെ അല്ലാതെ വേറൊന്നും എനിക്ക് പറയാൻ തോന്നുന്നില്ല. തെറ്റായെങ്കിൽ താൻ എന്നോട് ക്ഷമിക്കുക, പൊന്നുപോലെ നോക്കാം എന്ന് ഒന്നും പറയാൻ പറ്റില്ല. എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ നോക്കിക്കോളാം.. എന്നെ വിശ്വാസമാണെങ്കിൽ, സ്നേഹിക്കാൻ പറ്റുമെങ്കിൽ താനെന്റെ കൂടെ പോരെ... എന്താണെങ്കിലും വഴിയിൽ ഇട്ടിട്ടു പോവില്ല. അവന്റെ വെളിപ്പെടുത്തൽ കേട്ട് ലക്ഷ്മി ഞെട്ടി പോയിരുന്നു. അവൻ അങ്ങനെ സംസാരിക്കുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. " പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, തന്റെ സങ്കല്പത്തിൽ എന്നെപ്പോലുള്ള ഒരാളൊന്നും ആയിരിക്കില്ലെന്ന് അറിയാം. പക്ഷേ വേറെ എങ്ങനെയാ ഞാനിപ്പോ തന്നെ സഹായിക്കുന്നത്.? വഴിയിൽ ഇട്ടിട്ട് പോകാനും തോന്നുന്നില്ല.. അവൻ അത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി... ജീവൻ കൊടുത്ത് സ്നേഹിച്ചവൻ പോലും നിർദാക്ഷ്യണ്യം തന്നെ ഉപേക്ഷിച്ചു കളഞ്ഞ സ്ഥാനത്താണ് ഒരുവൻ തന്നെ ഉപേക്ഷിച്ചു പോകാൻ പറ്റില്ലന്ന് പറയുന്നത്. അവൻ തന്നെ ക്ഷണിക്കുന്നത് ഒരു ജീവിതത്തിലേക്ക് ആണോ.? അവൾക്ക് മനസിലായില്ല. എന്താണ് മറുപടി പറയുന്നത്. സർവ്വം നഷ്ടപ്പെട്ട തനിക്ക് അവസാനമായി ദൈവം വച്ച് നീട്ടുന്ന കച്ചിത്തുരുമ്പാണോ.? " എനിക്ക് മനസ്സിലായില്ല പറഞ്ഞത്...! അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. " ഇതിലെന്താ മനസ്സിലാവാത്തത്? അവൻ അല്പം മടിയോടെ അവളോട് ചോദിച്ചു. " ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. " ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാ മനസ്സിലാക്കി പറയുന്നത്... അവനും ഒരു ചമ്മൽ തോന്നിയിരുന്നു. " തനിക്ക് കുഴപ്പമില്ലെങ്കിൽ അവിടെ എഴുതിവെച്ചത് പോലെ ഞാൻ.... തന്നെ....... അവനൊന്നു നിർത്തി, അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി... " തന്നെ കല്യാണം കഴിച്ചോളാം..! അവന്റെ ആ തുറന്ന് പറച്ചിൽ അവളിൽ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിച്ചു. അവളുടെ മുഖത്തേക്ക് നോക്കാൻ മടിച്ചിരിക്കുന്നവനെ അവൾ സൂക്ഷ്മമായി നിരീക്ഷിച്ചു. അത് കണ്ട് അവൻ പറഞ്ഞു. " ഞാൻ പറഞ്ഞില്ലേ പറഞ്ഞത് തെറ്റായി പോയെങ്കിൽ അത് ഞാൻ തിരിച്ച് എടുത്തിരിക്കുന്നു. പോലീസ് സ്റ്റേഷനിൽ എഴുതി വച്ചതിന്റെ പേരിലോ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതിയിട്ടോ അല്ല, തന്നോട് തോന്നിയ സഹതാപത്തിന്റെ പേരിലും അല്ല, ഒറ്റയ്ക്കൊരു പെൺകുട്ടിയെ ഇട്ടിട്ട് പോകാനൊരു ബുദ്ധിമുട്ട്. അതും താൻ ഇത്രയൊക്കെ കാര്യങ്ങൾ എന്നോട് പറഞ്ഞിട്ട് തന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ട് ഞാൻ തന്നോട് അങ്ങനെ ഒരു തെറ്റ് ചെയ്താൽ അത് ദൈവം പൊറുക്കുമോന്നൊരു തോന്നൽ. അവൻ പറഞ്ഞപ്പോൾ അവൾ അവനെ തന്നെ നോക്കി.. " വിവാഹത്തെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ ഉള്ള ഒരാളായിരിക്കില്ലേ..? ഞാൻ നിങ്ങളുടെ ജീവിതം നശിപ്പിച്ചത് പോലെ ആവില്ലെ..?. അവൾ ചോദിച്ചു, അവനൊന്നു ചിരിച്ചു " അങ്ങനെ സങ്കല്പങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല, എന്നെയും എന്റെ വീട്ടുകാരെ സ്നേഹിക്കുന്ന ഒരു പെൺകൊച്ച് ആയിരിക്കണം എന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ. പിന്നെ ഈ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും ഒക്കെ ഇടയ്ക്ക് എന്ത് സങ്കല്പം.. അതിനൊക്കെ എവിടുന്ന് നേരം.? അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. സമ്മതമാണെന്ന് താൻ പറഞ്ഞാൽ ഒന്ന് നഷ്ടപ്പെട്ട ഉടനെ അടുത്ത സ്നേഹം ബന്ധം തേടി എത്തിയ ഒരു മോശം പെൺകുട്ടിയായി അവൻ തന്നെ ചിത്രീകരിക്കുമോന്ന് അവൾ ചിന്തിച്ചു.. " ലക്ഷ്മി.. അവൻ വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും അവൾ ഉണർന്നത്.. " തന്റെ സാഹചര്യം ഞാൻ മുതലെടുക്കാണെന്ന് തോന്നരുത്. എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞെന്നേയുള്ളൂ... തനിക്ക് സമ്മതമല്ലെങ്കിൽ തുറന്നു പറഞ്ഞോളൂ... " നിങ്ങളെപ്പോലെ ഒരാളെ ഭർത്താവായി കിട്ടുന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്.. പക്ഷേ എനിക്ക് അതിനുള്ള അർഹതയില്ല... അവള് പറഞ്ഞപ്പോൾ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. " ഒരു പെൺകുട്ടിക്ക് സംരക്ഷണം നൽകുന്നവൻ ആയിരിക്കണം പുരുഷൻ. ഞാൻ ആരാണെന്ന് പോലും അറിയാതെ എന്റെ പ്രശ്നങ്ങൾ എന്താണെന്ന് പോലും അറിയാതെ എന്നെ സഹായിക്കാൻ മനസ്സ് കാട്ടിയ ആളാണ് നിങ്ങൾ. പിന്നീട് സ്വന്തക്കാര് പോലും എന്നോട് ചെയ്യാത്ത വിധത്തിലുള്ള സഹായങ്ങൾ ഈ നിമിഷം വരെ നിങ്ങൾ എനിക്ക് ചെയ്തു തന്നിട്ടുള്ളത്. ഞാനാരും അല്ലാഞ്ഞിട്ട് പോലും എനിക്ക് ഇത്രയും കെയർ തന്ന നിങ്ങളോട് എനിക്ക് വലിയ ബഹുമാനം ആണ്... പക്ഷേ... അവൾ പറഞ്ഞു നിർത്തി " പക്ഷെ..? അവൻ ചോദിച്ചു ' ഞാനിപ്പോൾ നിങ്ങൾക്കൊപ്പം വരാൻ സമ്മതമാണെന്ന് പറഞ്ഞാൽ എന്നെക്കുറിച്ച് നിങ്ങൾ എന്തായിരിക്കും കരുതുന്നത്..? ആ മനസ്സിൽ ഞാൻ എന്നും ഒരു ചീത്ത പെണ്ണ് ആയിരിക്കില്ലേ.? കാമുകൻ സ്വീകരിക്കാതെ വന്നപ്പോൾ ഉടനെ അടുത്ത ബന്ധം തേടിപ്പോയ ഒരു മോശം പെണ്ണ്.! അവൾ തന്റെ മനസിലുള്ള സംശയം ചോദിച്ചപ്പോൾ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.....തുടരും