തണൽ തേടി: ഭാഗം 27
എഴുത്തുകാരി: റിൻസി പ്രിൻസ്
അവനാണേൽ ആരെയും മൈൻഡ് ചെയ്യാതെ വണ്ടിയുമായി പോവുകയും ചെയ്തു.
രണ്ടുപേരും വീട്ടിലേക്ക് എത്തുമ്പോൾ കുറച്ച് അധികം ആളുകൾ അവരെ കാത്തിരിപ്പുണ്ടായിരുന്നു
മുറ്റത്തെ ചാമ്പയുടെ
തണലിലേക്ക് ബൈക്ക് നിർത്തിയപ്പോൾ ഒരു ഭയത്തോടെ തന്നെയാണ് ലക്ഷ്മി ഇറങ്ങിയത്. ബൈക്ക് ഓഫ് ചെയ്ത് താക്കോലും എടുത്ത് സെബാസ്റ്റ്യനും ഇറങ്ങി.
വരാന്തയിൽ തന്നെ ജോജിയും പള്ളിയിലെ കമ്മിറ്റിയിലെ രണ്ടുമൂന്നു പേരും ഇരിപ്പുണ്ട്. വിവരമറിഞ്ഞുള്ള വരവാണ് എന്ന് സെബാസ്റ്റ്യന് തോന്നിയിരുന്നു…
ലക്ഷ്മി അവന്റെ പുറകിൽ ആയി നിന്നു.
” സെബാനെ കേറി വാ…
കമ്മറ്റിയിലുള്ള മുതിർന്ന തങ്കച്ചൻ അവനെ വിളിച്ചു.
അവൻ അകത്തേക്ക് കയറിയപ്പോൾ ലക്ഷ്മിയുടെ മുഖത്തേക്ക് എല്ലാരും നോക്കി…
അകത്തേക്ക് പോയിക്കോ എന്നൊരു ആംഗ്യം അവൻ കാണിച്ചു…
അവൾ അതനുസരിച്ച് അകത്തേക്ക് കയറി.
എല്ലാവരും തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു.
” എന്നതാടാ ഈ കേൾക്കുന്നതൊക്കെ… ഈ പള്ളിയും പട്ടക്കാരുമായിട്ടൊക്കെ നടക്കുന്ന നമുക്ക് ഈ വിളിച്ചോണ്ട് വരവ് ഒക്കെ പറഞ്ഞിട്ടുള്ള കാര്യമാണോ.?
തങ്കച്ചൻ സെബാസ്റ്റ്യനോട് ചോദിച്ചു
പെട്ടെന്ന് എന്ത് മറുപടി പറയണമെന്ന് അവന് അറിയില്ലായിരുന്നു…
സിനി പഠിക്കുന്നത് പള്ളിയുടെ ഇൻസ്റ്റിട്യൂട്ടിൽ ആണ്. ഫീസിൽ ഒക്കെ ഇളവ് ഉണ്ട്. അതുകൊണ്ട് അറുത്ത് മുറിച്ചു ഒന്നും പറയാനും പറ്റില്ല. അച്ഛന്റെ കെയർ ഓഫ് ആയോണ്ട് ഫീസ് ഒക്കെ കുറച്ചാണ് പഠിപ്പിക്കുന്നത്.
” തങ്കച്ചായാ പ്രത്യേക ഒരു സാഹചര്യത്തിൽ പറ്റി പോയതാ…
” ഉം… ഏതായാലും പറ്റിയത് പറ്റി. നമുക്ക് കല്യാണം എത്രയും പെട്ടെന്ന് നടത്തിയേക്കാം. ആ പെൺകൊച്ച് നമ്മുടെ സഭയിലോട്ട് ചേർന്നാൽ മതിയല്ലോ…
തങ്കച്ചൻ പറഞ്ഞപ്പോൾ അകത്തു നിന്ന ലക്ഷ്മി ഞെട്ടിപ്പോയിരുന്നു. ഇത്രയും കാലം താൻ കൂടെ കൊണ്ട് നടന്ന വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം മറന്നു മറ്റൊരു മതത്തിലേക്ക്… അത് അവൾക്ക് ചിന്തക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല. പക്ഷേ എതിർക്കാൻ സാധിക്കില്ലല്ലോ.
തന്റെ അവസ്ഥ ഇപ്പോൾ അങ്ങനെ ആയിപ്പോയില്ലേ.?
” അതിനെക്കുറിച്ച് ഒക്കെ നമുക്ക് പിന്നെ സംസാരിക്കാം… ഞാൻ ഈ കാര്യത്തിനകത്ത് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.
അവൻ പറഞ്ഞു
” എടുത്തിട്ടില്ലെന്ന് പറയുമ്പോൾ ആ പെൺകൊച്ചിനെ തിരിച്ചുകൊണ്ട് ആക്കാൻ ആണോ നീ വിചാരിക്കുന്നത്.?
അയാൾ ചോദിച്ചു
” എന്തായാലും ഞാൻ അറിയിക്കാം,
സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മച്ചി ആയിരിക്കും ഇവരെയൊക്കെ വിളിച്ചു വരുത്തിയത് എന്ന് ഉറപ്പായിരുന്നു.
” എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ, നീ എന്താണെന്ന് ഒരു തീരുമാനമെടുക്കുക. അച്ഛൻ ഒന്നും കാര്യങ്ങൾ അറിഞ്ഞിട്ടില്ല. അച്ഛനൊക്കെ അറിഞ്ഞാൽ നാണക്കേടാ….
തങ്കച്ചൻ പറഞ്ഞപ്പോൾ അവൻ ഒന്ന് തലയാട്ടി കാണിച്ചിരുന്നു.
തങ്കച്ചനും കൂടെയുണ്ടായ ബാബുവും കൂടി ഇറങ്ങിപ്പോയതോടെ ജോജി അവനെയൊന്ന് ചിരിയോടെ നോക്കി
” അളിയൻ എപ്പോ വന്നു..? ഞാൻ കുറച്ചു മുമ്പ് വന്നതേയുള്ളൂ.
അപ്പോഴേ അവരെല്ലാരും ഇവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നേ പിടിച്ചു ഇവിടെ ഇരുത്തി.
അവനെ നോക്കാൻ സെബാസ്റ്റ്യന് ഒരു മടിയുണ്ടായിരുന്നു. പെങ്ങളുടെ ഭർത്താവാണ്, അവൻ തന്നെക്കുറിച്ച് എന്ത് കരുതും എന്നുള്ള ഒരു സംശയം അവന്റെ മുഖത്ത് ഉണ്ടായിരുന്നു. അത് ജോജിക്കും തോന്നിയിരുന്നു… അത് മനസ്സിലാക്കി എന്നതുപോലെ അവന്റെ അരികിലേക്ക് വന്നിരുന്നു ജോജി
ശേഷം പറഞ്ഞു
” ഇതൊന്നും വലിയ കാര്യമല്ല അളിയാ… നമുക്കൊരു പെൺകൊച്ചിനെ ഇഷ്ടപ്പെടുന്നു അതിനെ നമ്മൾ കല്യാണം കഴിക്കാൻ തീരുമാനിക്കണം. അതിൽ നമുക്ക് ഇല്ലാത്ത ബുദ്ധിമുട്ട് നാട്ടുകാർക്ക് എന്താ.? അതൊന്നും കാര്യമാക്കണ്ട. പിന്നെ വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ ഒരു സമയം കഴിയുമ്പോൾ അങ്ങ് തീർന്നോളും. നാളെ ഒരു കൊച്ചു ഉണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ ഇതൊക്കെ. ആദ്യം തന്നെ ഞങ്ങളുടെ കല്യാണത്തിന് എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു. ഇപ്പോൾ അമ്മച്ചിക്ക് ഇപ്പോൾ അവളെ കാണാതിരിക്കാൻ വയ്യ. എന്നാ വിളിച്ചുകൊണ്ടു വരുന്നേന്ന് ചോദിക്കാൻ ആണ് എന്നോട് പറഞ്ഞു വിട്ടിരിക്കുന്നത്.
ജോജി അങ്ങനെ പറഞ്ഞപ്പോൾ നേരിയൊരു ആശ്വാസം സെബാസ്റ്റ്യന് ഉണ്ടായി. അവനൊന്ന് ചിരിക്കുക മാത്രം ചെയ്തു.
” എന്നാൽ ഞാൻ ഇറങ്ങിയേക്കട്ടെ, പിന്നെ അവളെ കുഞ്ഞിനെ ഞാൻ നാളെ വണ്ടി വിളിച്ചോണ്ട് വന്ന വീട്ടിലോട്ട് അങ്ങ് കൊണ്ടുപോകട്ടെ.? ഇനിയിപ്പോ അളിയനെ ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽ കൊണ്ടുവിടാൻ ഒന്നും നിൽക്കണ്ട. എനിക്ക് സാഹചര്യമൊക്കെ അറിയാമല്ലോ.
” അതുവേണ്ട അളിയാ, ചടങ്ങ് ചടങ്ങ് പോലെ തന്നെ നടക്കട്ടെ.. ഞായറാഴ്ചത്തേക്ക് അവളെയും കുഞ്ഞിനെയും വീട്ടിലേക്ക് ഞാൻ കൊണ്ടു വിടാം.
” എന്നാ ശരി…..അങ്ങനെയാവട്ടെ, ഞാൻ ഇറങ്ങിയേക്കുവാ
അതും പറഞ്ഞ് ജോജി പോയപ്പോൾ ഇനി മുൻപോട്ട് എന്തൊക്കെ തരണം ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥ അവന് തോന്നി.
അകത്തേക്ക് കയറിയപ്പോൾ അവിടെ നിൽക്കുന്ന ലക്ഷ്മിയെ കണ്ട് അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…
” വന്നപാടെ നിക്കാതെ പോയി കുളിക്കുക മറ്റോ ചെയ്യ്…
അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മച്ചിയും എത്തിയിരുന്നു…
” കാപ്പി വല്ലോം വേണോടാ.?
അവനെയും ലക്ഷ്മിയേയും നോക്കി കൊണ്ടാണ് അവരത് പറഞ്ഞത്…
” ചോറ് ഇരിപ്പുണ്ടോ..?
അവൻ ക്ഷീണത്തോടെ ചോദിച്ചു
” നീ ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലേ.?
” പോയടത്ത് തിന്നാൻ ഒന്നും കിട്ടിയില്ലേ..?
അവളെ നോക്കി കൊണ്ടാണ് അവർ ചോദിച്ചത്.
“ഞാൻ പറഞ്ഞത് തിരിച്ചെടുത്തു..
അവൻ ദേഷ്യത്തോടെ മുറിയിലേക്ക് പോയപ്പോൾ അവർക്ക് സങ്കടം തോന്നി.
അവരു പെട്ടെന്ന് അടുക്കളയിലേക്ക് പോയി ചോറും കറികളും എടുത്ത് മേശപ്പുറത്തേക്ക് നിരത്തിവച്ചു. ശേഷം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
” അവനെ വിളിച്ചു കൊണ്ടുവാ, എന്നിട്ട് ചോറ് വിളമ്പിക്കൊടുത്ത് കഴിക്കാൻ നോക്ക്.
അവൾ അനുസരണയോടെ തലയാട്ടി,
അവന്റെ മുറിയുടെ അരികിലേക്ക് ചെന്നപ്പോൾ അവൻ ഷർട്ട് ഊരി ഇടുകയാണ്. അവൾ പെട്ടെന്ന് തുറന്നു കിടന്ന വാതിലിൽ ഒന്ന് കൊട്ടി.
അവൻ തിരിഞ്ഞുനോക്കി അവളെ കണ്ടപ്പോൾ പെട്ടെന്ന് ഷർട്ട് എടുത്ത് വീണ്ടും ശരീരത്തിലേക്ക് ഇട്ടു.
” ചോറ് കഴിക്കാൻ പറഞ്ഞു അമ്മ…
” ഓ വേണ്ട…
അവൻ താല്പര്യമില്ലാതെ പറഞ്ഞു
” അമ്മ എല്ലാം വിളമ്പി വച്ചു. ഇനി കഴിച്ചില്ലെങ്കിൽ അത് വിഷമം ആവില്ലേ..?
അവൾ ചോദിച്ചപ്പോൾ അവൻ അവളെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു
“മ്മ്മ്…. ഞാൻ വരാം താൻ ചെല്ല്…തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…