Novel

തണൽ തേടി: ഭാഗം 29

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഞാൻ പറഞ്ഞതുപോലെ നീ അവളെ അങ്ങ് കെട്ട്.! അവൾക്കും ഒരു ജീവിതമാകും, നിനക്ക് അവളെ ഇഷ്ടമല്ലേ..?

ശിവൻ ചോദിച്ചപ്പോൾ ലക്ഷ്മി അവന്റെ മറുപടിക്ക് വേണ്ടി കാതോർത്തു

” ഞാനെന്തിനാ അവളോട് ഇഷ്ടകേട് കാണിക്കുന്നത്.? അവൾ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ… പിന്നെ കല്യാണം കഴിക്കാൻ ഉള്ള ഒരു ഇഷ്ടമാണെങ്കിൽ അതിനൊക്കെ കുറച്ച് സമയം വേണ്ട അണ്ണാ..?ഞാനാ കൊച്ചിനെ കണ്ടിട്ട് തന്നെ ഇത്രയ്ക്ക് ഇത്ര ദിവസമായിട്ടുള്ളൂ. പിന്നെ അതിന്റെ അവസ്ഥയൊക്കെ ഓർത്ത് എനിക്ക് അതിനോട് ഒരു ഇഷ്ടമുണ്ട്. അതിനെ പ്രേമം എന്ന് ഒന്നും വിളിക്കാൻ പറ്റില്ലല്ലോ.

“എടാ എന്നാപ്പിന്നെ നീ അവളെ എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സത്യങ്ങളൊക്കെ പറയിപ്പിക്കു, എന്നിട്ട് വീട്ടിൽ കൊണ്ട് വിട്. നമ്മൾ എത്ര എന്ന് കണ്ടാ അതിനെ സംരക്ഷിക്കുന്നത്.
അവളുടെ വിധി എന്താണെന്നുവെച്ചാൽ അതുപോലെ നടക്കട്ടെ എന്ന് വിചാരിക്കുക..

ശിവൻ പറഞ്ഞപ്പോൾ ലക്ഷ്മിക്ക് കണ്ണുകളിൽ നിന്നും കണ്ണുനീരുതിർന്നിരുന്നു.

” എല്ലാo അറിഞ്ഞുകൊണ്ട് ഞാൻ എങ്ങനെയാ അണ്ണാ അങ്ങനെ ചെയ്യുന്നത്.? എനിക്ക് മനസ്സ് വരത്തില്ല. നാളെ അവൾക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ പിന്നെ ജീവിതത്തിൽ എനിക്ക് സമാധാനം കിട്ടുമോ.? എനിക്ക് സഹായിക്കാൻ പറ്റുമായിരുന്നു എന്ന് എപ്പോഴെങ്കിലും എനിക്ക് തോന്നും. അവൾ ഇവിടെ നിന്നോട്ടെ, ഒരാളും കൂടി ഇവിടെ നിക്കുന്നൂന്നും പറഞ്ഞ് എന്ത് ബുദ്ധിമുട്ട് ഉണ്ടാവാനാ.?

സെബാൻ പറഞ്ഞു

” ഒരു ബുദ്ധിമുട്ടുമില്ല പക്ഷേ അങ്ങനെ വെറുതെ അവളെ നിർത്താൻ പറ്റില്ല. നീ ഒരു മിന്നു വാങ്ങി കഴുത്തിൽ കെട്ട്. എന്നിട്ട് അവൾ എത്ര നാൾ വേണേലും ഇവിടെ നിന്നോട്ടെ, അല്ലാതെ നില്കുന്നതിന് നാട്ടുകാർ കൊടുക്കുന്ന പേര് വേറെയാ, നീ അത് മനസ്സിലാക്ക്. ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോൾ നിന്റെ വീട്ടുകാർ തന്നെ പ്രശ്നം ഉണ്ടാക്കും. അതുമാത്രമാണോ ഇപ്പോൾ വന്നതുപോലെ പള്ളിക്കാരും മതക്കാരും ലാസ്റ്റ് പോലീസുകാര് വരെ വരും. ഇപ്പോഴത്തെ കാലവാ എന്തെങ്കിലും ഒരു ന്യൂസ് കിട്ടാൻ നോക്കിയിരിക്കുക ചാനൽ. എന്തിനാണ് വെറുതെ കുടുംബക്കാരുടെ ഉള്ള സമാധാനം കൂടി കളയുന്നത്.? നീ ഒരു സാധാരണക്കാരന്, അന്നത്തെ അന്നം കൊണ്ട് ജീവിക്കുന്നവൻ, നിനക്ക് ഇതിന്റെ പുറകെ നടക്കാൻ നേരമുണ്ടോ.? അല്ലെങ്കിൽ പൈസ ഉണ്ടോ.? ഇതിനൊക്കെ നല്ല രീതിയിലുള്ള സ്വാധീനം വേണം.

” ഞാനിപ്പോ എന്ത് ചെയ്യണം എന്ന നിങ്ങൾ പറയുന്നത്.?

” ഒന്നെങ്കിൽ അവിടെ എഴുതി വെച്ചിരിക്കുന്നത് പോലെ നീ അവളെ കല്യാണം കഴിക്ക്. അല്ലെന്നുണ്ടെങ്കിൽ അവളെ തിരിച്ചുകൊണ്ടു വിട്. ഇന്നത്തെ കാലത്ത് മനസാക്ഷിയും കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നവരെല്ലാം നശിച്ചു പോയിട്ടേയുള്ളൂ. ശിവൻ അത് പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ നിന്നു. ഇനി ഒന്നും കേൾക്കാൻ വയ്യാത്തത് പോലെ ലക്ഷ്മി അകത്തേക്കും പോയി.

” ചേച്ചി….

സിനിയുടെ വിളി കേട്ടുകൊണ്ടാണ് അവൾ തലയുയർത്തി നോക്കിയത്. നോക്കിയപ്പോൾ കയ്യിൽ ഒരു കട്ടൻ ചായയുമായി അവൾ ചിരിയോടെ നിൽക്കുകയാണ്.

” ഇത് കുടിയ്ക്ക് ചേച്ചി…

” എനിക്ക് വേണ്ടായിരുന്നു സിനി. ഞാൻ കുറച്ചു മുൻപ് ചോറ് കഴിച്ചത് ഉള്ളൂ…

” അതൊന്ന് ദഹിക്കട്ടെ, പിന്നെ ചേച്ചിക്ക് തുണി ഒക്കെ അലക്കാൻ ഉണ്ടെങ്കിൽ അപ്പുറത്തൊരു തോട് ഉണ്ട് ഞാൻ അങ്ങോട്ട് പോകുന്നുണ്ട് എന്തെങ്കിലും അലക്കാൻ ഉണ്ടെങ്കിൽ താ…

” ഞാനും കൂടി വരാം അപ്പോ എനിക്ക് അലക്കാല്ലോ …

” ഈ സന്ധ്യ സമയത്ത് ചേച്ചി അങ്ങോട്ട് വരണ്ട, പരിചയം ഇല്ലല്ലോ, പിന്നെ അവിടെ നിറച്ചു പെണ്ണുങ്ങൾ കാണും, അവർ വല്ലോം ചോദിക്കാൻ വരും, ഇന്നലെ ഇട്ടതല്ലേ ഉള്ളൂ. അത് ഞാൻ അലക്കിക്കൊണ്ടു വരാം..

മറുപടിയൊന്നും പറയുന്നത് കാത്തുനിൽക്കാതെ അവൾ അയയയിൽ കിടന്ന് മുഷിഞ്ഞ ഡ്രസ്സ് എടുത്തു കൊണ്ടു പോയപ്പോൾ തടയാൻ പോലുമുള്ള ത്രാണി ഉണ്ടായിരുന്നില്ല ലക്ഷ്മിക്ക്.

ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു അവൾ. കാപ്പി കുടിച്ച് ആ ഗ്ലാസ്സുമായി അടുക്കളയിലേക്ക് ചെന്നപ്പോൾ സാലിയേ അവിടെ കാണാനില്ല ഇട്ടിരുന്ന നൈറ്റിക്ക് മുകളിൽ കൂടി ഒരു ഷോളും ഇട്ടു കൊണ്ട് അടുക്കളയുടെ ഇടയിലുള്ള വഴിയിലൂടെ അപ്പുറത്തെ വീട്ടിലേക്ക് കയറുന്നത് കണ്ടു. അവൾക്ക് ആശ്വാസം തോന്നി, അവൾ സിങ്കിലിട്ട് കുടിച്ച ഗ്ലാസ് കഴുകി തിരിയാൻ നോക്കിയപ്പോഴാണ് അടുക്കള വാതിലിലേക്ക് സെബാസ്റ്റ്യനും വരുന്നത്…

അവനു ഗ്ലാസുമായി ആണ് നിൽക്കുന്നത്. ലക്ഷ്മിയെ കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു. അവൾ കൈ നീട്ടി, ഗ്ലാസിനാണെന്ന് മനസ്സിലായതും അവൻ അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടി… ആ ഗ്ലാസ് അവൾ കഴുകി വച്ചു തിരിഞ്ഞു നോക്കിയപ്പോൾ അവൻ പോയിട്ടില്ല…

തന്നോട് എന്തോ പറയാനുള്ള നിൽപ്പാണ് എന്ന് അവൾക്ക് തോന്നി, അതുകൊണ്ട് തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…

” നമ്മളെ അവിടെ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത് ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ കല്യാണം നടത്തുമെന്ന് ആണ്. ഇപ്പോൾ ശിവണ്ണൻ വന്നിരുന്നു. ആ കാര്യത്തെക്കുറിച്ച് ഒക്കെ എന്നോട് പറയായിരുന്നു. എന്താ ഇപ്പോ ചെയ്യുന്നത്..? ഞാൻ ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല, പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് എല്ലാം പറഞ്ഞാലും തനിക്ക് നീതി കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റെ വീട്ടിലേക്ക് തന്നെ വിടാൻ ഒട്ടും എനിക്ക് മനസ്സും ഇല്ല.

സെബാസ്റ്റ്യൻ പറഞ്ഞു

“ഞാനൊരു കാര്യം ചോദിക്കട്ടെ.?

അവൾ ചോദിച്ചപ്പോൾ അവൻ എന്ത് എന്ന അർത്ഥത്തിൽ മുഖമുയർത്തി അവളെ നോക്കി.

” ഇന്ന് രാവിലെ എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ ശരിക്കും ഹൃദയത്തിൽ തട്ടി പറഞ്ഞതാണോ.?

” എന്ത് കാര്യം..?

അവൻ മനസ്സിലാവാതെ അവളെ നോക്കി

” കല്യാണത്തെക്കുറിച്ച് ഒക്കെ പറഞ്ഞില്ലേ.? അതോ അതൊക്കെ എന്നെ വെറുതെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ.?

അവൾ ഉദ്ദേശിച്ചത് എന്താണെന്ന് അവന് അപ്പോൾ മനസ്സിലായി.

” അതൊന്നും ഞാൻ വെറുതെ പറഞ്ഞതല്ല, ശരിക്കും കാര്യമായിട്ട് തന്നെ പറഞ്ഞത് ആണ്. പക്ഷേ പിന്നെയാണ് ഞാൻ ആലോചിച്ചത് ഞാൻ അങ്ങനെ പറഞ്ഞാലും തനിക്ക് തന്റേത് ആയിട്ടുള്ള ഇഷ്ടങ്ങളൊക്കെ കാണില്ലേ.? പെട്ടെന്ന് ഒരു ദിവസം ഞാൻ അങ്ങനെ പറഞ്ഞാൽ ആ ഇഷ്ടങ്ങൾ ഒക്കെ മാറ്റാൻ പറ്റുമോ.? പിന്നെ ഞാനെങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ആണ് എനിക്ക് തോന്നിയത്. താനിത്രയും വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ.? എന്നെപ്പോലൊരാളെയൊന്നും താൻ ഒരിക്കലും അക്സെപ്റ്റ് ചെയ്യാൻ സാധ്യതയില്ല. പിന്നെ തന്റെ സാഹചര്യം ഞാൻ മുതലെടുക്കാണെന്ന് തനിക്ക് തോന്നിയാലോ.?

അവൻ ഒട്ടൊരു കുറ്റബോധത്തോടെ പറഞ്ഞപ്പോൾ അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി. ശേഷം പറഞ്ഞു

” എന്നെ ആരും സ്നേഹിച്ചിട്ടില്ല. അച്ഛൻ പോലും എന്നെ സ്നേഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ടാരുന്നു എങ്കിൽ ഞാൻ പറഞ്ഞത് വിശ്വസിക്കില്ലായിരുന്നോ.?വിവേകെന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നപ്പോൾ ഞാൻ മറ്റൊന്നും ആഗ്രഹിച്ചില്ല. എന്നെ സ്നേഹിക്കുമെന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ. പലപ്പോഴും എന്റെ അവസ്ഥ അറിഞ്ഞപ്പോൾ വിവേക്ക് എന്നേ ഒഴിവാക്കാൻ ശ്രമിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. വിവേക് വിളിക്കുമ്പോൾ ഞാൻ സിനിമയ്ക്ക് പോകാതിരിക്കുമ്പോൾ, ഫോണിലൂടെ പല കാര്യങ്ങളും പറയുമ്പോൾ ഞാൻ അതിന് റെസ്പോണ്ട് ചെയ്യാതിരിക്കുമ്പോൾ. അപ്പോഴൊക്കെ അവൻ എന്നോട് ദേഷ്യം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മൾ രണ്ടുപേരെയും കുറിച്ച് അത്രയും മോശമായിട്ട് സംസാരിച്ചപ്പോൾ അവന് ഞാൻ ഒരു ടൈം പാസ് മാത്രമായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നത്. ഞാൻ ഹൃദയം തുറന്ന് സ്നേഹിച്ച അവന് കോളേജിൽ ഓർക്കാനുള്ള ഒരു ടൈം പാസ് മാത്രമായിരുന്നു ഞാൻ. മറ്റൊരു സങ്കല്പങ്ങളും എനിക്കില്ല, എന്നെ സ്നേഹിക്കാൻ പറ്റുന്ന ആൾ ആയിരിക്കണം എന്ന് മാത്രമേ ഉള്ളു… നിങ്ങളുടെ സങ്കല്പത്തിന് ഞാൻ യോജിക്കുമെങ്കിൽ. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ അവിടെ എഴുതിവെച്ചത് പോലെ നമുക്ക് കല്യാണം കഴിക്കാം..? അത് പറ്റില്ല എങ്കിൽ എന്നേ വീട്ടിൽ കൊണ്ട് വിട്ടേക്ക്, ഈശ്വരൻ എനിക്ക് വിധിച്ചത് എന്തോ അത് സംഭവിക്കട്ടെ,

അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. അത്ഭുതത്തോടെ അവൻ അവളെ നോക്കി…

“ദൈവം വിധിച്ചത് എന്റെ ഒപ്പം ജീവിക്കാൻ ആവും

ചെറു ചിരിയോടെ അവൻ പറഞ്ഞു……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!