തണൽ തേടി: ഭാഗം 3

എഴുത്തുകാരി: റിൻസി പ്രിൻസ്
അതേസമയം തന്നെ കുറച്ച് അപ്പുറത്ത് മാറി നിന്ന് ഡോക്ടർ പോലീസിനെ വിളിക്കുന്നതും വിവരങ്ങൾ പറയുന്നതും ഒക്കെ അവൻ കേൾക്കുന്നുണ്ടായിരുന്നു. തല മുതൽ കാൽ വരെ അവൻ വിയർക്കാൻ തുടങ്ങി. ഒരു നിമിഷം അവളെ ആശുപത്രിയിൽ കൊണ്ടുവരാൻ തോന്നിയ സമയത്ത് അവൻ പഴിച്ചു.
നേഴ്സ് അപ്പോൾ തന്നെ അവന്റെ വിവരങ്ങൾ എല്ലാം ചോദിച്ചറിയുകയും അവന്റെ കൈയിലുണ്ടായിരുന്ന ആധാർ കാർഡ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി അതിന്റെ ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. ഒരു മനുഷ്യനെ സഹായിക്കാൻ പാടില്ല എന്നൊരു വലിയ പാഠം കൂടി ഇതിൽ നിന്നും അവൻ പഠിക്കുകയായിരുന്നു. വെറുതെയല്ല ആക്സിഡന്റ് കണ്ടാൽ പോലും ആളുകൾ തിരിഞ്ഞു നോക്കാതെ പോകുന്നത് എന്ന് ആ നിമിഷം അവൻ ഓർത്തു. അതേസമയം തന്നെ കള്ളം പറയാൻ തോന്നിയ നിമിഷത്തെ അവൻ പഴിക്കുകയും ചെയ്തു.
അവളെ അറിയില്ല എന്ന് തന്നെ പറഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോൾ പരിചയമുള്ള കുട്ടിയാണെന്ന് പറഞ്ഞു. പോലീസുകാർ വരുമ്പോൾ താൻ ഇനി അത് എങ്ങനെ തിരുത്തി പറയും.
” ഈശോയെ കാത്തോണേ…
അവൻ മനസ്സിൽ പറഞ്ഞ് കഴുത്തിൽ കിടക്കുന്ന കൊന്തയിലെ കുരിശിൽ ഒന്ന് മുറുക്കി പിടിച്ചു..
നേഴ്സും ഡോക്ടറും കൂടി വന്ന് എന്തൊക്കെയോ അവളെ ചെയ്യുന്നുണ്ട്. മൂക്കിലൂടെ ഒരു ട്യൂബ് കയറ്റിയപ്പോൾ അവൾ ആഞ്ഞ് ഒന്ന് ശ്വാസമെടുത്തത് അവൻ കണ്ടു. അവന് വല്ലാതെ വന്നു. അവൻ പുറത്തേക്കിറങ്ങി നിന്നു.
കുറെ അധികം സമയം കഴിഞ്ഞപ്പോഴാണ് ഡോക്ടർ ഇറങ്ങിവന്നത്
” അത്ര വലിയ കുഴപ്പമൊന്നുമില്ല പാരസെറ്റമോൾ കൂടുതൽ കഴിച്ചത് ആണ്. പിന്നെ ആ കുട്ടി രാവിലെ മുതൽ ഒന്നും കഴിച്ചില്ല, ബിപി ലോ ആണ്. വയർ ക്ലീൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡ്രിപ്പ് ഇട്ടിട്ടുണ്ട്. എന്തെങ്കിലും ലൈറ്റ് ആയി ഫുഡ് മേടിക്കണം. അത്ര ഹെവി ആയിട്ടുള്ള ഒന്നും വേണ്ട. വല്ല കാപ്പിയോ ബണ്ണോ അങ്ങനെ എന്തെങ്കിലും വാങ്ങിയിട്ട് വരു,
ഡോക്ടർ പറഞ്ഞപ്പോൾ അവൻ തലയാട്ടി പുറത്തേക്ക് നടന്നു.
ഇനി തിരിച്ചു വരാതിരുന്നാലോ എന്ന് പോലും അവൻ ചിന്തിച്ചു.
അപ്പോഴാണ് തന്റെ ഡീറ്റെയിൽസ് മുഴുവൻ അവരുടെ കയ്യിൽ ഉണ്ട് എന്ന് അവൻ ഓർത്തത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ഒരാളെ സഹായിക്കാൻ ശ്രമിച്ചു. പോലീസുകാരോട് ആ കാര്യം തുറന്നു പറയാം. അതിൽ എന്തിനാണ് ഭയക്കുന്നത്. ഗവൺമെന്റ് ആശുപത്രി ആയതുകൊണ്ട് തന്നെ പുറത്താണ് ആഹാരം കിട്ടുന്നത്.
ആശുപത്രിയുടെ വരാന്തയിൽ നിന്നും പുറത്തേക്കിറങ്ങി ഒരു ചെറിയ കടയിൽ നിന്നും ഡിസ്പോസിബിൾ ഗ്ലാസിൽ ഒരു ചായയും ഒരു കവർ ബണ്ണും വാങ്ങി കൊണ്ടാണ് അവൻ തിരികെ പോയത്.
കാഷ്വാലിറ്റിയിലേക്ക് ചെന്നപ്പോൾ മുൻപ് കണ്ട നേഴ്സ് മാത്രമാണ് ഉള്ളത്.
” ചെറിയ മയക്കത്തിലാ ഒന്ന് വിളിച്ച് കാപ്പി കൊടുത്തേക്ക്, ഞാൻ വാർഡിലുള്ളവർക്ക് മരുന്ന് കൊടുത്തിട്ട് ഇപ്പൊ വരാം..
അവനോട് അത്രയും പറഞ്ഞ് നേഴ്സ് പുറത്തേക്ക് പോയപ്പോൾ അവൻ അവൾക്ക് അരികിൽ ആയി ഒരു കസേരയിലായി ഇരുന്നു.
എങ്ങനെ വിളിക്കും..? പേര് പോലും അറിയില്ല.
താമര തണ്ട് പോലെ വാടി കിടക്കുന്ന ഒരു പെണ്ണ്. ഒരു ചമയങ്ങളും ഇല്ലെങ്കിലും ഒരു അപ്സരസിനേ പോലെ സുന്ദരിയാണ് അവൾ.
എന്തിനായിരിക്കും അവൾ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.? കണ്ടാൽ ഒരു 21 വയസ്സിന് അപ്പുറം തോന്നില്ല. ഇത്രയും ചെറിയ പ്രായത്തിൽ ജീവിതം മടുക്കാനും മാത്രം എന്ത് ബുദ്ധിമുട്ടുകളാണ് അവൾ നേരിട്ടത്.? അത്തരത്തിൽ പല ചിന്തകളും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
നിഷ്കളങ്കതയും വാൽസല്യവും മാത്രം തുളുമ്പുന്ന ഒരു മുഖം.
” അതേ കൊച്ചേ….
അവൻ അവളെ വിളിച്ചുവെങ്കിലും അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
” ഏയ്…
അവൻ അവളുടെ തോളിൽ കുലുക്കി വിളിച്ചപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു. നീളമുള്ള ആ കൂവളമിഴികൾ ക്ഷീണാവസ്ഥയിൽ പോലും മനോഹരമാണെന്ന് അവന് തോന്നി. പതിയെ കണ്ണുകൾ തുറന്നു അവൾ അവന്റെ മുഖത്തേക്ക് നോക്കി.
പരിചിതമല്ലാത്ത ഒരു വ്യക്തിയെ കണ്ടതിന്റെ അപരിചിതത്വം ആ കണ്ണുകളിൽ അവൻ കണ്ടു.
” ഞാന് സെബാസ്റ്റ്യൻ, കൊച്ചു കയറിയ ബസിലെ ഡ്രൈവറാണ്
അവൻ തന്നെ സ്വയം പരിചയപ്പെടുത്തി.
” താനാ വണ്ടിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. ഞാൻ വിളിച്ചപ്പോൾ വായിൽ നിന്ന് ചോരയൊക്കെ വന്ന്.. ഇവിടെ കൊണ്ടുവന്നപ്പോഴാ ആത്മഹത്യാശ്രമം ആണെന്ന് അറിഞ്ഞത്.
അവൾ മറുപടി ഒന്നും പറഞ്ഞില്ല. മനസ്സിലാവാത്ത പോലെ അവനെ നോക്കി.
” ബോധത്തിലോട്ട് കയറിയിട്ടില്ല അല്ലേ..? ഒന്ന് എഴുന്നേറ്റേ , എന്നിട്ട് ഈ കാപ്പിയും ബണ്ണും കഴിച്ചേ. ഡോക്ടർ പറഞ്ഞത് ആണ്. ഒരു ഉന്മേഷം വരുമ്പോൾ എല്ലാം മനസിലാകും.
അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.
” ഇതെവിടെയാ സ്ഥലം..?
പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു..
” എവിടാന്നോ.? എങ്ങോട്ട് ആണെന്ന് അറിയാതെ ആന്നോ ബസിൽ കേറിയത്.? ഇത് കോട്ടയം,
“കൊച്ച് എവിടുന്നാ ബസിൽ കയറിയത്.
” ചങ്ങനാശ്ശേരി..
“കൊച്ചിന്റെ വീട് എവിടാ..?
അവൻ ചോദിച്ചു
” കൊല്ലം
” പേരെന്നാ..?
” ലക്ഷ്മി
അവളുടെ മുഖത്തിന് ശരിക്കും ഇണങ്ങുന്നതാണ് ആ പേര് എന്ന് അവന് തോന്നി. ശരിക്കും ഒരു ലക്ഷ്മി തന്നെ.!
“ആഹ്.. കഥയൊക്കെ പിന്നെ പറയാം, ആദ്യം ഇത് കഴിക്ക്. കൊച്ചിന്ന് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. അതെന്നാ പറ്റി..? എന്നാത്തിനാ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.?
അവൾക്ക് നേരെ ചായ നീട്ടിക്കൊണ്ട് അവൻ ചോദിച്ചു. നിറഞ്ഞ കണ്ണുകൾ മാത്രമായിരുന്നു അതിനുള്ള മറുപടി.
അവളെ അലട്ടുന്ന അത്രമേൽ വേദനിപ്പിക്കുന്ന എന്തോ ഒരു പ്രശ്നം ഉള്ളിൽ കിടക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.
ഈ സമയത്ത് അവളോട് ഒന്നും ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി.
” അയ്യോടാ കരയുവാണോ.? കരയാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. വിഷമമുള്ള കാര്യമാണെങ്കിൽ പറയണ്ട. താൻ ഇത് കുടിച്ചിട്ട് ഈ ബണ്ണ് കൂടി കഴിക്ക്.
എഴുന്നേൽക്കാൻ പാടുപെടുന്നവളെ അവൻ തന്നെയാണ് അപ്പുറത്ത് കിടന്ന ഒരു തലയണയെടുത്ത് ചാരിവച്ച് അതിലേക്ക് പിടിച്ചിരുത്തിയത്.
അപ്പോഴേക്കും സെബാസ്റ്റ്യന്റെ ഫോൺ അടിച്ചിരുന്നു.
” ഒരു മിനിറ്റ്
, അവളോട് പറഞ്ഞു അവൻ. അവൾ മേല്ലെ തല ചലിപ്പിച്ചു.
അവൻ വെളിയിലേക്ക് ഇറങ്ങി.
അമ്മച്ചിയാണ്
“അമ്മച്ചി പറ,
അവൻ ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു
“നീ എവിടെയാടാ? സമയം എത്ര ആയി
“എനിക്ക് ഒരു അത്യാവശ്യമായിട്ടുള്ള പരിപാടിയുണ്ടായിരുന്നു.ഞാൻ വന്നോളാം,
” സെബാനെ വെള്ളമടിച്ച് പാതിരാത്രി കയറിവരാൻ ആണേൽ എനിക്ക് നോക്കിയിരിക്കാൻ വയ്യ.
” എന്റെ പൊന്നമ്മച്ചി അങ്ങനെയുള്ള പരിപാടി ഒന്നുമില്ല. ഞാൻ അങ്ങ് എത്തിക്കോളാം. അമ്മച്ചി കിടന്നോ. ഞാൻ കുറച്ച് തിരക്കിലാ. പിന്നെ വിളിക്കാം.!
അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടപ്പോൾ തന്നെ ഹോസ്പിറ്റലിന്റെ മുൻപിൽ ഒരു പോലീസ് ജീപ്പ് കൊണ്ട് നിർത്തിയിരുന്നു…….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…