തണൽ തേടി: ഭാഗം 32
![thanal thedi](https://metrojournalonline.com/wp-content/uploads/2024/12/thanal-thedi-780x470.avif)
എഴുത്തുകാരി: റിൻസി പ്രിൻസ്
അവൻ പുറത്തേക്ക് നടന്നപ്പോൾ വിവാഹക്കാര്യം സംസാരിക്കാൻ ആയിരിക്കും അവൻ പോകുന്നത് എന്ന് അവൾക്കും ഉറപ്പായിരുന്നു. അത് ആലോചിച്ചപ്പോൾ തന്നെ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം അവന് അനുഭവപ്പെട്ടു
അവൻ പോയിക്കഴിഞ്ഞതും അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ മുറിയിൽ തന്നെ ഇരുന്നു..
അപ്പോഴാണ് അകത്തേക്ക് സിനിയുടെ തുണി മടക്കിക്കൊണ്ട് സാലി വരുന്നത്
” വേറെ ഏതോ ജാതിയിലുള്ള ഒരു ചെറുക്കനെ സ്നേഹിച്ചതോ പോട്ടെ, അവന്റെ വീട്ടുകാർ പോലും അറിയാതെ അവന്റെ കൂടെ ഇറങ്ങിപ്പോന്നതും പോട്ടെ, ഇനിയുള്ള കാലം എങ്കിലും അവനെയും അവന്റെ വീട്ടുകാരും വിശ്വസിക്കുന്ന രീതിയിൽ മുന്നോട്ടു ജീവിക്കുകയല്ലേ വേണ്ടത്.?
ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട് ഈ ചെറുക്കന്മാർ ആകാശത്തു നിന്ന് പൊട്ടി വീഴുന്നത് പോലെ ആണ് ഉണ്ടാവുന്നതെന്ന്. അവരെ നല്ലോണം കഷ്ടപ്പെട്ട് തന്നെ വളർത്തുന്നേ, പ്രേമിച്ചു കഴിയുമ്പോൾപിന്നെ അവന്റെ വീട്ടുകാര് വേണ്ട, നാട്ടുകാര് വേണ്ട അവനേ മാത്രം മതി. അവൻ എങ്ങനെ ഉണ്ടായി എന്ന് ഇവളുമാരൊന്നും ചിന്തിക്കത്തില്ല.
തുണി മടക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ സാലി പറഞ്ഞപ്പോൾ അത് തന്നെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായി തന്നെ ലക്ഷ്മിക്ക് മനസ്സിലായി. അവൾക്ക് ഒരു കരച്ചിൽ വന്നിരുന്നു. ഒരുപക്ഷേ മാമോദിസക്ക് താൻ സമ്മതിക്കില്ല എന്ന് അവർ വിചാരിക്കുന്നുണ്ടാവും എന്ന് അവൾക്ക് തോന്നിയിരുന്നു. അവരോട് എന്ത് പറയണം എന്ന് പോലും അവൾക്ക് അറിയില്ല. എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ.?
” ഞാനെന്റെ ചെറുക്കനെ നല്ല മര്യാദയ്ക്ക് ആണ് വളർത്തിയിരിക്കുന്നത്. അതുകൊണ്ട് എന്താ അവനായിട്ട് ഒരു പെൺകൊച്ചിനെ പറ്റിച്ചില്ല . പിന്നെ പെണ്ണുങ്ങൾ ആവുമ്പോൾ കുറച്ചൊക്കെ കണ്ടറിഞ്ഞ് നിൽക്കണം.. കേറി വരുന്ന കുടുംബത്തിന്റെ സമാധാനം പെണ്ണുങ്ങളുടെ കൈയിൽ ആണെന്നുള്ള ഒരു ചിന്ത കൂടി വേണം.
അത്രയും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴാണ് വാതിൽക്കൽ സെബാസ്റ്റ്യൻ നില്കുന്നത് അവർ കണ്ടത്. മുഖത്ത് ദേഷ്യം ആണ്. അത് കണ്ടപ്പോഴേക്കും അവരൊന്ന് ഭയന്നു പോയിരുന്നു..
” ഞാനിവിടെനിന്ന് ഇറങ്ങാൻ നോക്കിയിരിക്കുകയായിരുന്നോ പാരായണം തുടങ്ങാൻ.?
അവൻ ദേഷ്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” നീ ഒരുത്തിയെ വിളിച്ചോണ്ട് വന്നുവെന്ന് പറഞ്ഞു ഇവിടെ ഉള്ളോർക്ക് മിണ്ടാൻ പറ്റില്ലേ.,? എന്റെ വിഷമം ആണ് ഞാൻ പറഞ്ഞത്
അവർ പെട്ടന്ന് കണ്ണ് നിറച്ചു
” നിങ്ങൾക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞുകൂടെ, ഞാൻ കുറച്ചുമുമ്പ് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതല്ലേ.? പിന്നെന്തിനാ ഇപ്പോൾ ഇവിടെ ഈ കഥാപ്രസംഗം നടത്തുന്നത്.?
അവൻ ചോദിച്ചതിനോടൊപ്പം തന്നെ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും അവൻ കണ്ടിരുന്നു. ഒപ്പം അമ്മച്ചിയുടെയും. ആരുടേ കണ്ണുനീർ ആണ് കണ്ടില്ലന്നു വയ്ക്കുന്നത്.?
” ഞാൻ എന്തെങ്കിലും പറയുമ്പോൾ മാത്രം തട്ടിക്കയറാൻ നിനക്ക് അറിയത്തുള്ളല്ലോ, കല്യാണത്തിന് മുമ്പ് തന്നെ നീ ഇങ്ങനെ, അവൾ പറയുന്നത് കേട്ട് തുള്ളി കൊണ്ട് നടന്നോ കല്യാണം കഴിയുമ്പോൾ നിന്റെ അവസ്ഥ എന്താകും.? ഈ പോക്ക് പോയാൽ അവളുടെ അടിപ്പാവാട വരെ നീ അലക്കേണ്ടി വരും
സാലി അത്രയും പറഞ്ഞപ്പോൾ സെബാസ്റ്റ്യന് നന്നേ ദേഷ്യം വന്നിരുന്നു
അവൻ തന്റെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ നന്നായി ഒന്ന് ആഞ്ഞിടിച്ചു. ഒരു വലിയ ശബ്ദം തന്നെ ആ നിമിഷം ഉണ്ടായിരുന്നു. അത് കണ്ടതും സാലി ഭയന്നു ഒപ്പം തന്നെ ലക്ഷ്മിയും ഒന്ന് ഭയന്നിരുന്നു .
” സമാധാനത്തോടെ പൊയ്ക്കോട്ടെ എന്നോർത്ത ഞാൻ ഇത്രയും നേരം ഒന്നും പറയാതിരുന്നത്. പിന്നെയും പിന്നെയും അമ്മച്ചി ഒന്നും രണ്ടും പറഞ്ഞ് ഇവിടെ വഴക്കുണ്ടാക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ എന്തൊക്കെ ആയിരിക്കും ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. അല്ലെങ്കിൽ തന്നെ എനിക്ക് വട്ടു പിടിക്കാ, എന്റെ ക്ഷമ പരീക്ഷിക്കരുത് ഞാൻ പറഞ്ഞേക്കാം, വെറുതെ പ്രശ്നം ഉണ്ടാക്കാതെ അമ്മച്ചി ഒരു പൊടിയ്ക്ക് ഒതുങ്ങാൻ നോക്ക്
ദേഷ്യത്തോടെ സെബാസ്റ്റ്യൻ അത്രയും പറഞ്ഞ് അപ്പുറത്തേക്ക് പോയപ്പോൾ
സാലി അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം മുറിയിൽ നിന്നും ഇറങ്ങി പോയിരുന്നു. അപ്പോഴേക്കും ആനി ഹാളിലേക്ക് വരുന്നതും സെബാസ്റ്റ്യനോട് എന്തൊക്കെയോ സംസാരിക്കുന്നതും കേൾക്കാമായിരുന്നു. അമ്മച്ചിയുടെ ഭാഗം പറഞ്ഞ് അവനെ അനുനയിപ്പിക്കുകയാണ്.
വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് പറയുന്നതും അവൻ ഉച്ചത്തിൽ എന്തൊക്കെയോ അമ്മയോട് സംസാരിക്കുന്നതും അവൾ കേട്ടു. എല്ലാത്തിനും കാരണം താനാണെന്ന് ചിന്ത അവളെ വല്ലാത്തൊരു വേദനയിൽ തന്നെയാണ് കൊണ്ട് എത്തിച്ചത്.
കുറച്ചു സമയങ്ങൾക്ക് ശേഷം മുറിയിലേക്ക് ആനി വന്നു. കുറച്ചു മുൻപും അവർ തന്നെ കാണാനായി വന്നിട്ടുണ്ടായിരുന്നു.. അപ്പോൾ വളരെ സ്നേഹത്തോടെ തന്നോട് സംസാരിച്ചിട്ടാണ് പോയത്.
” എന്നതാ കൊച്ചെ, കുറച്ചുനേരം കൊണ്ട് ഇവിടെ എന്നാ പ്രശ്നം ഉണ്ടായത്.?
ഞാൻ സിനിയുടെ കൂടെ തോട്ടിലേക്ക് പോയേക്കുവായിരുന്നു. എന്നതാ പറ്റിയത്.?
അവർ അലിവോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
” ഞാനായിട്ട് ഒരു പ്രശ്നമുണ്ടാക്കിയില്ല ആന്റി.
അല്പം ഭയത്തോടെ ആണ് അവൾ മറുപടി പറഞ്ഞത്..
” അതെനിക്കറിയാം
പള്ളിയിൽ പോവാണെന്ന് പറഞ്ഞിട്ട് ആൾ പോയി, അപ്പോഴേക്കും അമ്മ കയറി വന്നിട്ട് ഞാൻ എന്തോ മോശമായിട്ട് ചെയ്തന്നുള്ള രീതിയിൽ സംസാരിച്ചു. ആളത് കേട്ടോണ്ട് വന്നത് ആണ്. പിന്നെ അവര് തമ്മിൽ എന്തൊക്കെയോ പറഞ്ഞു വഴക്കായി.
ഒരു വിധത്തിൽ ലക്ഷ്മി എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു, ഒപ്പം കരഞ്ഞും പോയി
” ആ പോട്ടെ സാരമില്ല, ചേച്ചി എന്തെങ്കിലുമൊക്കെ ഇങ്ങനെ കുത്തി കുത്തി പറഞ്ഞുകൊണ്ടിരിക്കും. അത് കുറച്ചു ദിവസത്തേക്ക് ഉള്ളതാണ്. രജിസ്റ്റർ കല്യാണം നടത്താൻ പോകുവാന്നു പറയുമ്പോൾ അത് ഈ വീട്ടിലെ പ്രായമായവർക്ക് ഒന്നും പിടിക്കത്തില്ലെന്നേ, അതുകൊണ്ട
” ആന്റി
അവൾ വിളിച്ചു
” എന്നതാ മോളെ
വാത്സല്യത്തോടെ ആനി ചോദിച്ചു
ഇങ്ങോട്ട് മാറാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞിട്ട് ഒന്നുമില്ല.
അവൾ തന്റെ ഭാഗം വിശദീകരിച്ചു
” അത് ചേച്ചിക്ക് അറിയില്ലല്ലോ അതുകൊണ്ട ചേച്ചി ഇങ്ങനെയൊക്കെ പറയുന്നത്. സമയം പോലെ ഈ കാര്യത്തെക്കുറിച്ച് സെബാസ്റ്റ്യനോട് സംസാരിച്ചു നോക്ക്. എന്നതാണെങ്കിലും അവനെ കല്യാണം കഴിച്ചാൽ പിന്നെ നീ ഇവിടുത്തെ കൊച്ചല്ലേ.? അവന്റെ മിന്നും ആയി ഈ വീട്ടിൽ ജീവിക്കേണ്ടതല്ലേ, ഇവിടെ ആണേൽ വേറെ ആണ്പിള്ളേരും ഇല്ല. ഇങ്ങോട്ട് മാറിയില്ലേൽ മരിച്ചു കഴിഞ്ഞാൽ അവന്റെ അടുത്ത് അടക്കുക പോലുമില്ല. അതുകൊണ്ട, കൊച്ച് തന്നെ അവനോട് കാര്യം പറഞ്ഞ് മനസ്സിലാക്കു..
ആനി പറഞ്ഞപ്പോൾ അവൾ തലയാട്ടി. ഒപ്പം തന്നെ നേരെ സെബാസ്റ്റ്യന്റെ മുറിയിലേക്ക് ചെന്നു
അവിടെ ചെന്നപ്പോൾ അവനെ അവിടെ കണ്ടില്ല. ഇനിയും പോയോ എന്ന് സംശയിച്ചപ്പോൾ ഹാളിലേ ജനലിലൂടെ പുറത്ത് ബൈക്ക് ഇരിക്കുന്നത് കാണാൻ കഴിയുന്നുണ്ടായിരുന്നു.
ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ മുറ്റത്തെ ചാമ്പക്കരികിലുള്ള കല്ലിൽ ഇരിപ്പുണ്ട്. എന്തോ അഗാധമായ ചിന്തയിലാണ്. താൻ കാരണം അവന്റെ സമാധാനം നഷ്ടമായി എന്ന് അവൾക്ക് തോന്നി.
അതെ
അവൾ വിളിച്ചപ്പോഴാണ് അവൻ തല ഉയർത്തി നോക്കിയത്..
” ഞാൻ ഇന്ന് പോകുന്നില്ല. ആരും ഇനി തന്നെ ഒന്നും പറയില്ല. ഞാൻ നാളെ പകലോ മറ്റോ അച്ഛനെ കാണാൻ പോകുന്നുള്ളൂ.. ഫോൺ മറന്നത് എടുക്കാൻ വേണ്ടി വന്നതാണ് ഞാൻ. അതേതായാലും കാര്യമായി..
അവൻ പറഞ്ഞു
” എന്തിനാ ഇങ്ങനെ വഴക്ക് ഇടുന്നത്. അമ്മയേ ഇനി വിഷമിപ്പിക്കേണ്ട. ഇപ്പൊ തന്നെ ഒരുപാട് വിഷമിച്ചില്ലേ.? മാമോദിസയ്ക്ക് എനിക്ക് സമ്മതമാ.! അല്ലെങ്കിലും ഞാൻ ഇവിടെയല്ലേ ഇനി നിൽക്കേണ്ടത്. കല്യാണം കഴിഞ്ഞാൽ പിന്നെ എനിക്ക് വേറെ ആരാ ഉള്ളത്.?
അവളുടെ ആ ചോദ്യം കേട്ട് അവൻ തലചെരിച്ചു അവളെ ഒന്ന് നോക്കി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…