തണൽ തേടി: ഭാഗം 33
![thanal thedi](https://metrojournalonline.com/wp-content/uploads/2024/12/thanal-thedi-780x470.avif)
എഴുത്തുകാരി: റിൻസി പ്രിൻസ്
ചെറുക്കന്റെ കല്യാണം നടത്തേണ്ട മനുഷ്യനാ. ഇങ്ങനെ നാല് കാലേ നടക്കുന്നത്. നീ കേറി പോയി വല്ലോം കഴിച്ച് കിടക്കാൻ നോക്ക് കൊച്ചേ. അങ്ങേര് ഇങ്ങനെ ഓരോന്ന് പറയും
ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി പറഞ്ഞു
ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയറി പൊയ്ക്കോളാൻ അവൻ കണ്ണുകൾ കൊണ്ട് അവളോട് ആംഗ്യം കാണിച്ചു…
എന്നാപ്പിന്നെ മോള് പോയി വല്ലതും കഴിച്ചു കിടക്കാൻ നോക്ക്, ചാച്ചൻ രാവിലെ മോളോട് സംസാരിച്ചോളാം.
അവളെ നോക്കി അയാള് പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
നിന്നേ മോളെ ഇത് ചാച്ചൻ മോൾക്ക് വേണ്ടി വാങ്ങിച്ചതാണ്.
അയാൾ കയ്യിലിരുന്ന ഒരു പൊതിയെടുത്ത് അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങിയാൽ പ്രശ്നമാകുമോ എന്ന രീതിയിൽ സെബാസ്റ്റ്യനേ നോക്കിയപ്പോൾ വാങ്ങാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
അത് തുറന്ന് നോക്കിയപ്പോൾ അതിൽ പരിപ്പുവടയും ഉഴുന്നുവടയും ഒക്കെയാണ്.
മോള് ആവശ്യത്തിന് കഴിച്ചിട്ട് ബാക്കി ഉണ്ടെങ്കിൽ ഇവിടെ ഉള്ളവർക്കൊക്കെ കൊടുത്താൽ മതി കേട്ടോ..
വാൽസല്യത്തോടെ ആന്റണി പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.
അവൾ അകത്തേക്ക് നടന്നപ്പോൾ അവൾക്കൊപ്പം സീനിയും അകത്തേക്ക് പോയിരുന്നു.
“:നിങ്ങൾ ഇങ്ങനെ നാല് കാലിൽ നടക്കുന്നതല്ലാതെ ഇവിടെ നടക്കുന്ന വല്ല കാര്യങ്ങളും അറിയുന്നുണ്ടോ മനുഷ്യ.? കല്യാണം നടത്തണം മാമോദിസ നടത്തണം, മാമോദിസ മറ്റെന്നാൾ നടത്താമെന്ന് അച്ഛൻ പറഞ്ഞിരിക്കുന്നത്. അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് പോയി തിരക്കാണെങ്കിലും നിങ്ങൾ പോകുമോ.? എല്ലാത്തിനും കൂടി ഇവനെയാണോ വിടുന്നത്.? അവന്റെ കല്യാണത്തിന് ഓടി നടക്കേണ്ടത് നിങ്ങളല്ലേ.?
മാമോദിസ കഴിഞ്ഞ് പെട്ടെന്ന് കല്യാണം തീരുമാനിക്കണം ഒന്ന് രണ്ട് ആഴ്ചയ്ക്കിടയിൽ തന്നെ നടത്തണം. നിങ്ങളുടെ ആലപ്പുഴയിൽ ഉള്ളവരെ ഒക്കെ വിളിക്കേണ്ട.? എന്റെ നിരണത്ത് ഉള്ളോരേ വിളിക്കണം. അതിനൊക്കെ ആരോടി നടക്കുന്നേ എന്നെക്കൊണ്ട് തന്നെ എല്ലായിടത്തും എത്താൻ ഒന്നും പറ്റത്തില്ല. നാളെ തൊട്ടെങ്കിലും നിങ്ങൾ ഈ പരിപാടി നിർത്തിയില്ലെങ്കിൽ ഞാനെന്റെ പാട്ടിന് ഇറങ്ങിപ്പോകും.
സാലി പറഞ്ഞപ്പോൾ ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും തമ്മിൽ വഴക്ക് തുടങ്ങി..
” എന്റെ പൊന്നമ്മച്ചി ഒന്ന് നിർത്താമോ.! അമ്മച്ചിയും കൂടി ഇങ്ങനെ തുടങ്ങിയാലോ. ചാച്ചനു ബോധം ഇല്ല എന്നേങ്കിലും പറയാം, അമ്മച്ചി അതിലും കഷ്ടമാണല്ലോ. ഇതൊക്കെ കൊണ്ടാണ് ഞാൻ പറഞ്ഞത് രജിസ്റ്റർ കല്യാണം മതിയെന്ന്. അപ്പോൾ കല്യാണം ആയിട്ട് തന്നെ നടത്തണം, ഇനി ഇതിനൊക്കെയുള്ള പൈസ ഞാൻ എവിടുന്നുണ്ടാക്കുമെന്നാ.?
സെബാസ്റ്റ്യൻ ചോദിച്ചു
” അതൊന്നു ഓർത്തു നീ ബുദ്ധിമുട്ടണ്ട, ഞാൻ അയൽക്കൂട്ടത്തിൽ നിന്ന് ഒരു ലക്ഷം രൂപ നിനക്ക് ലോണെടുത്ത് അങ്ങ് തീരും. അത് പതിയെ തീർത്താൽ മതി, ഞാനും കുറച്ച് അടയ്ക്കാം. പിന്നെ കുറച്ചു പൈസ നീയും കൂടി എങ്ങനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചാൽ മതി. അങ്ങനേ ആണേൽ ചെറിയ രീതിയിൽ ഈ കല്യാണം നടത്താം. മര്യാദയ്ക്ക് ഒരു കല്യാണം നടത്തി ഇങ്ങനെ കിടന്നു ബുദ്ധിമുട്ടേണ്ട ആവശ്യമുണ്ടായിരുന്നോ.?
അതിനിടയിൽ അവർ മകനെ കുറ്റപ്പെടുത്തി അത് അകത്തെ മുറിയിൽ ലക്ഷ്മി കേൾക്കുന്നുണ്ടായിരുന്നു, അവൾക്ക് വേദന തോന്നി
“അമ്മച്ചിയോട് ആര് പറഞ്ഞു മര്യാദയ്ക്ക് അല്ല കല്യാണം എന്ന് ? ഞാൻ എന്റെ കല്യാണം ആർഭാടം ഒന്നും ഇല്ലാതെ നടത്തണം എന്ന് സിമിയുടെ കല്യാണസമയത്ത് തന്നെ കരുതിയതാ.? അമ്മച്ചി ഒരുപാട് പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യാനാ.?
” നിനക്ക് അങ്ങനേ ഒക്കെ പറയാം. ആകപ്പാടെ ഉള്ള ഒരാൺതരിയുടെ കല്യാണം നടത്താതെ എനിക്ക് പിന്നെ ഒരു മനസ്സമാധാനം കാണുകയില്ല. നിന്നെ കൊണ്ട് പറ്റത്തില്ലെങ്കിൽ ഞാൻ പതുക്കെ ആണെങ്കിലും അത് അടച്ചു തീർത്തോളാം.
അവര് പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാൻ സെബാസ്റ്റ്യൻ നിന്നില്ല.
പിറ്റേദിവസം ലക്ഷ്മിയെ ഒന്ന് അച്ഛന് കാണണം എന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് കല്യാണം വേണമെന്നതുകൊണ്ട് മാമോദിസയുടെ ക്ലാസുകളും മറ്റും അവൾക്ക് സഭയെക്കുറിച്ചും ബൈബിളിൽ ഉള്ളതുമായ കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുക്കുവാനുള്ള സമയമില്ലായിരുന്നു. അതുകൊണ്ട് ചെറിയ രീതിയിൽ അച്ഛൻ ലക്ഷ്മിയോട് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച ചെറിയ ഒരു ക്ലാസ്സിൽ മഠത്തിൽ പഠിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു മാമോദിസയും അതിന്റെ അടുത്ത ആഴ്ചയിൽ കല്യാണവും എന്ന തീരുമാനത്തിൽ എത്തി.
സെബാസ്റ്റ്യനും ലക്ഷ്മിയും കൂടി പോയാണ് അച്ഛനെ കണ്ടത്. അച്ഛൻ സംസാരിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി സെബാസ്റ്റ്യൻ ചോദിച്ചു
തനിക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ.?
ഇല്ല ഞാൻ പറഞ്ഞില്ലേ പൂർണ്ണ മനസ്സോടെ ആണെന്ന്
ഒരു ഭാവവ്യത്യാസമില്ലാതെ അവൾ പറഞ്ഞപ്പോഴാണ് അവനും സമാധാനമായത്..
പിന്നെ ചാച്ചൻ കുടിച്ചു കഴിഞ്ഞാൽ കുറച്ച് ബോറാ. അതോണ്ടാ ഇന്നലെ അങ്ങനെയൊക്കെ, തനിക്കത് ബുദ്ധിമുട്ടായോ.?
അവൻ മടിയോടെ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു..
തന്റെ അച്ഛൻ പോലും എന്തെങ്കിലും പ്രത്യേകിച്ച് തനിക്കായി വാങ്ങിച്ചു കൊണ്ട് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ആ സാഹചര്യത്തിലാണ് ഇന്നലെ തനിക്ക് വേണ്ടി ആണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പ്രത്യേകം ഒരു പൊതികെട്ടുമായി വന്നത്. ആ സന്തോഷം എത്രയാണെന്ന് എങ്ങനെയാണ് സെബാസ്റ്റ്യനെ പറഞ്ഞു മനസ്സിലാക്കുന്നത് എന്നായിരുന്നു അവളപ്പോൾ ചിന്തിച്ചത്.
ഇന്നലെ കുടിച്ചോണ്ടാണോ ചാച്ചൻ എന്നേ ഇഷ്ടമാണെന്നൊക്കെ പറഞ്ഞത്.. ഇന്ന് പിണക്കം വല്ലതും കാണിക്കൂമോ.?
പേടിയോടെ അവള് ചോദിച്ചു
അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്, അമ്മച്ചിയെ പോലെ ഒന്നുമല്ല ചാച്ചൻ. കുറച്ചും കൂടി ഫ്രീയാ ഇന്നലെ തന്നെ പറഞ്ഞത് കേട്ടില്ലേ പറഞ്ഞിരുന്നെങ്കിൽ ചാച്ചൻ പോയി വിളിച്ചുകൊ, ണ്ടു വന്നേനെ എന്നൊക്കെ അങ്ങനത്തെ ഒരു രീതിയാണ്. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല.
അവൻ പറഞ്ഞു
എനിക്ക് പക്ഷെ ഒരുപാട് സന്തോഷമായി. ആദ്യായിട്ടാ എന്നോട് ഇത്രയും സ്നേഹത്തോടെ ഒരാൾ, എനിക്ക് വേണ്ടി പ്രത്യേകിച്ച് പലഹാരങ്ങൾ ഒക്കെ വാങ്ങിക്കൊണ്ടൊക്കെ വരുന്നത്.. അച്ഛൻ എന്നെ നോക്കിയിരുന്നു കല്യാണം ഒക്കെ കഴിയുന്നതിനുമുമ്പ് വരെ.അത് കഴിഞ്ഞ് നോക്കിയിട്ടില്ല എന്നല്ല പിന്നെ ഒരു അകൽച്ച പോലെ, ചിലപ്പോൾ മനപ്പൂർവം ഉണ്ടായതായിരിക്കില്ല. എങ്കിലും അത് ഉണ്ടായിട്ടുണ്ട്.
അവൾ പറഞ്ഞപ്പോൾ അവന് സങ്കടം തോന്നി..
പോട്ടെ വിഷമം ഉള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട. ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ മതി ..
അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് മടിയോടെ നോക്കി എന്തോ ഒരു കാര്യം ചോദിക്കണോ ചോദിക്കണ്ടേ എന്നൊരു അവസ്ഥ അവളുടെ മുഖത്ത് ഉണ്ട് എന്ന് അവനും തോന്നി
എന്താടോ
അവൻ ചോദിച്ചു
എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു പക്ഷേ അത് ചോദിക്കാൻ ഒരു മടി പോലെ..
എന്താ ചോദിക്ക്
സെബാസ്റ്റ്യൻ പ്രോത്സാഹിപ്പിച്ചു.
കല്യാണം എന്നൊക്കെ പറയുമ്പോൾ ഒരുപാട് പൈസ ആവില്ലേ.എന്റെ കൈയിലും സഹായിക്കാൻ മാത്രം ഒന്നുമില്ല. കയ്യിൽ കിട്ടിയ കുറച്ച് ഡ്രസ്സ് മാത്രം എടുത്താണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. വാങ്ങിവച്ച സ്വർണ്ണം കൂടി കൊണ്ടുപോയി എന്ന് പറയിപ്പിക്കണ്ട എന്ന് കരുതി. ഇതുകൊണ്ട് ഒന്നും ആവില്ലെന്ന് അറിയാം. എങ്കിലും ഇത് മാത്രമേ എന്റെ കയ്യിലുള്ളു.
കഴുത്തിൽ കിടന്ന അരപവൻ വരുന്ന ചെയിനും കാലിൽ കിടന്ന രണ്ടു പവൻ വരുന്ന പാദസരവും കയ്യിലെ നേർത്ത ചെയനും അവന് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു
“3 പവൻ ഉണ്ടാകും.
അതൊന്നും വേണ്ട
അത്ര വലിയ കല്യാണമൊന്നുമല്ലല്ലോ പള്ളിയിൽ വെച്ച് കല്യാണം കഴിക്കണം എന്ന് മാത്രമേ അമ്മച്ചിക്ക് ആഗ്രഹമുള്ളൂ. അത് നടക്കും അത് കഴിഞ്ഞ് അത്യാവശ്യക്കാർക്കും അയൽപക്കത്തുള്ളവർക്കും വേണ്ടിയുള്ള ചെറിയൊരു സൽക്കാരമല്ലേ അതിന് അമ്മച്ചി പറഞ്ഞ ആ തുക തന്നെ ധാരാളം.
തന്റെ കയ്യിലുള്ളതൊക്കെ അവിടെ തന്നെ ഇരുന്നോട്ടെ
എങ്കിലും ഒരുപാട് ചെലവില്ലേ.?
അത്യാവശ്യം എന്റെൽ ഉണ്ടെടോ, അതൊക്കെ മതിയാവും. സിമിയെ നാളെ കൊണ്ട് അവളുടെ വീട്ടിൽ വിടണം. തന്നെ കൂടെ കൊണ്ടുവാൻ നിർവാഹമില്ല. വീട്ടിലെ ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ടില്ലല്ലോ.?
മടിയോടെയാണ് അവൻ ചോദിച്ചത്.
ഇല്ല
അവൾ മറുപടി പറഞ്ഞു
അച്ഛൻ പറഞ്ഞത് അടുത്ത വ്യാഴാഴ്ച കഴിഞ്ഞുള്ള വ്യാഴം രാവിലത്തെ കുർബാന കഴിഞ്ഞ് കല്യാണം നടത്താമെന്നാ തനിക്ക് ഒക്കെയാണോ.? ഇനിയൊരു രണ്ടാഴ്ച കൂടിയേ ഉള്ളൂ,
മടിയോടെ അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കിക്കൊണ്ട് അവൾ ഇല്ല എന്ന് പറഞ്ഞു.
എല്ലാം തീരുമാനിച്ചാൽ മതി
കല്യാണമല്ലേ തനിക്ക് ആരെയെങ്കിലും വിളിക്കണമെങ്കിൽ വിളിക്ക്..
അവൻ പറഞ്ഞപ്പോൾ അവൾ ഓർമ്മ കൂട്ടിൽ ഒന്ന് പരതി ആരെയാണ് തനിക്ക് വിളിക്കാനുള്ളത്.? കോളേജിൽ പഠിക്കുമ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു സുഹൃത്ത് അർച്ചന മാത്രമാണ്. അവളെ വിളിക്കണമെന്ന് പലകുറി മനസ്സിൽ വിചാരിച്ചതായിരുന്നു
കോളേജിൽ പഠിച്ച സമയത്ത് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവളെ വിളിക്കുന്നുണ്ടായിരുന്നു.
നമ്പർ അറിയാമെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയോ അതോ പോയി വിളിക്കണമോ.?
അവൻ ചോദിച്ചു
ഫോണിൽ വിളിച്ചാൽ മതി എങ്കിൽ പിന്നെ വിളിച്ചോ
അവൻ ഫോൺ നമ്പർ നീട്ടിക്കൊണ്ട് അവളോട് പറഞ്ഞു.
എന്നിട്ടും സംശയം തീരാതെ അവളുടെ മുഖത്തേക്ക് നോക്കി. തന്നെ നിൽക്കുന്ന അവളെ അവൻ ഒന്ന് കൂർപ്പിച്ചു നോക്കി..
തനിക്ക് എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ.? അവൻ ചോദിച്ചപ്പോൾ തന്റെ മനസ്സ് എങ്ങനെ അവൻ അറിഞ്ഞു എന്ന് അത്ഭുതത്തോടെ അവൾ അവനെ നോക്കി. ശേഷം പറഞ്ഞു
എന്നെ… എന്നെ…….
അവൾ വിയർത്തു
തന്നെ..?
അവൻ ചോദിച്ചു
എന്നെ…. ശരിക്കും ഇഷ്ടായോ..?
അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…