തണൽ തേടി: ഭാഗം 34

എഴുത്തുകാരി: റിൻസി പ്രിൻസ്
എന്നെ… എന്നെ…….
അവൾ വിയർത്തു
തന്നെ..?
അവൻ ചോദിച്ചു
എന്നെ…. ശരിക്കും ഇഷ്ടായോ..?
അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു
“എന്തേ ഇപ്പോൾ അങ്ങനെയൊരു ചോദ്യം.?
അവളുടെ മുഖത്തേക്ക് നോക്കി അല്പം കുസൃതിയോടെ അവൻ ചോദിച്ചു.?
അത്….. അത് അറിയണമല്ലോ…
അതുകൊണ്ട
അവൾ ഒരു നാണത്തോടെ പറഞ്ഞപ്പോൾ ചിരി അടക്കിപ്പിടിച്ച് കീഴ്മീശ അകത്തേക്ക് ഇട്ട് മേൽചുണ്ട് കൂട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് അതെന്ന് അർത്ഥത്തിൽ അവനൊന്നു തലയാട്ടി കാണിച്ചു..
അവന്റെ ആ പ്രവർത്തിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നിപ്പോയി. അവളുടെ ചൊടിയിലും ഒരു പുഞ്ചിരി താനെ വന്നു.
ആ പുഞ്ചിരി അവൻ കാണാതെ പെട്ടെന്നവൾ ഒളിപ്പിച്ചു
..
മറ്റെന്നാൾ മുതൽ ഞാൻ ബസ്സിൽ പോയിത്തുടങ്ങും. ഒരാഴ്ച ഒന്നും പോവാതിരിക്കാൻ l പറ്റില്ല. ഇനിയങ്ങോട്ട് ചെലവുകൾ ഒക്കെ വരില്ലേ.?
അവൾ തലയാട്ടി
“എങ്കിൽ കയറിയിക്കോ
അവൻ ബൈക്കിലേക്ക് കയറി അത് സ്റ്റാർട്ട് ചെയ്തു. അവന്റെ ഒപ്പം ബൈക്കിൽ ഇരിക്കുമ്പോൾ തന്റെ ജീവിതം തന്നെ ഇവിടേക്ക് എത്തിച്ചതിനെ കുറിച്ച് ആയിരുന്നു അവൾ ചിന്തിച്ചത്. എത്ര പെട്ടെന്നാണ് താൻ പോലും അറിയാതെ തന്റെ ജീവിതം മാറി തുടങ്ങിയത്. ഒട്ടും പരിചിതമല്ലാത്ത ഒരു സ്ഥലം. ഒരാഴ്ച കഴിഞ്ഞാൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഇടമായി മാറുകയാണ്. ഇവിടെ പ്രിയപ്പെട്ട ഒന്നാക്കി മാറ്റാൻ തനിക്ക് സാധിക്കുമോ.?
ഓരോ ചിന്തകൾക്കൊപ്പം വീട് എത്തിയത് അവൾ അറിഞ്ഞിരുന്നില്ല.. വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ആനിയും സണ്ണിയും ഉമ്മറത്ത് നിൽപ്പുണ്ട്. ഒപ്പം പുതിയൊരു ആളും.
സ്ട്രൈറ്റ് ചെയ്ത മുടിയും സ്ലീവ്ലെസ്സ് കുർത്തിയും പലസോ പാന്റും ഒക്കെ അണിഞ്ഞ ഒരു പെൺകുട്ടിയാണ് .
എപ്പോഴും കറക്കം ആണോടാ
സണ്ണി ചോദിച്ചു
“ഒന്ന് പോ സണ്ണി ചാച്ചാ പള്ളിയിൽ പോയതാ
അവൻ ചിരിയോടെ പറഞ്ഞു
വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ ആ പെൺകുട്ടി ലക്ഷ്മിയെ അടിമുടി ഒന്നു നോക്കി..
” ഇതെന്താ സണ്ണി ചാച്ചൻ പെട്ടെന്ന്.?
സെബാസ്റ്റ്യൻ ചോദിച്ചു
“ഞാൻ ലീവെടുത്ത് പൊന്നു. നാളെ സിമിയെ കൊണ്ടുപോകണമെന്ന് നീ പറഞ്ഞില്ലായിരുന്നോ.? അതുകൊണ്ട് ഞാനിങ് പോന്നതാ.പിന്നെ ഇവളു ഇവിടെ ആയതുകൊണ്ട് ഒരു സുഖമില്ല. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ. അനുമോൾ ആണെങ്കിൽ രാവിലെ വന്നത് ആണ്. ഇവൾ ഇല്ലാത്തോണ്ട് തിരിച്ചു പോകാൻ തുടങ്ങിയത് ആണ്. അപ്പൊ പിന്നെ ഞാൻ അവളെയും കൂടി കൊണ്ടുവന്നു..
സെബാസ്റ്റ്യൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവളുടെ മുഖത്തിന് അത്ര വലിയ തെളിച്ചമില്ല എന്ന് ലക്ഷ്മി ശ്രദ്ധിച്ചു.
അനു ഇതാ ചേച്ചി,
ലക്ഷ്മിയെ ചൂണ്ടിക്കൊണ്ട് ആനി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി. ആ പെൺകുട്ടിക്ക് തന്നെ ഒട്ടും ഇഷ്ടമായിട്ടില്ല എന്ന് പെട്ടെന്ന് തന്നെ ലക്ഷ്മിക്കു മനസ്സിലായി.
ലക്ഷ്മി ഇത് ആൻ മരിയ, ആനി ആന്റിയുടെ അനിയത്തിയുടെ മോള് ആണ്. താൻ പഠിച്ച കോളേജിൽ തന്നെയാണ് പഠിക്കുന്നത്..
സെബാസ്റ്റ്യൻ അവളോട് പറഞ്ഞു
ചേട്ടായി ഞങ്ങളോട് ആരോടും ഇതൊന്നും പറഞ്ഞില്ലല്ലോ.
പരിഭവത്തോടെ അനു സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി..
ഇതൊക്കെ അങ്ങനെ പറഞ്ഞുകൊണ്ട് നടക്കാൻ പറ്റുവൊടി.?
ഒരു കുസൃതിയോടെ അവളോട് പറഞ്ഞവൻ അകത്തേക്ക് കയറി. ലക്ഷ്മി അപ്പോഴും പുറത്ത് നിൽക്കുകയാണ്
എന്നതാ കൊച്ചേ നിന്നേ പ്രത്യേകം ക്ഷണിക്കണോ കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പിന്നെ നീയല്ലേ വീട്ടുകാരി.
ചെറു ചിരിയോട് ആനി അത് പറഞ്ഞപ്പോൾ അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അനുവിന്റെ നോട്ടം ലക്ഷ്മിയുടെ മുഖത്ത് തന്നെ.. അവൾക്ക് എന്തോ വല്ലായ്മ തോന്നി. താൻ എന്തോ തെറ്റ് ചെയ്തത് പോലെയാണ് ആ പെൺകുട്ടി തന്നെ നോക്കുന്നത്.
തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് എളപ്പമായിരിക്കും അവൾ എന്ന് തോന്നിയിരുന്നു. ആനിക്കൊപ്പം അകത്തേക്ക് കയറിയപ്പോഴേക്കും മുൻപിൽ തന്നെ അവൾ കയറി പോയിരുന്നു.
സെബാസ്റ്റ്യൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ഹോളിലെ കസേരയിൽ ഇരിപ്പുണ്ട്. തൊട്ടടുത്ത് തന്നെ സണ്ണിയും ഇരിപ്പുണ്ട്.
അച്ഛൻ എന്നാ പറഞ്ഞടാ
ഫോൺ കട്ട് ചെയ്തതും അകത്തുനിന്നും സാലിയുടെ ചോദ്യം വന്നു..
അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വിശദമായി അവൻ പറഞ്ഞു
“എത്രനേരം ഉണ്ടെന്നാ പറഞ്ഞത് മഠത്തിൽ ക്ലാസ്
സാലി വീണ്ടും മകനോട് ചോദിച്ചു
രാവിലെ ഒരു എട്ടു മണിയാകുമ്പോൾ ചെല്ലാനാ പറഞ്ഞത്. ഒരു പത്തുമണിയിൽ കൂടുതൽ ഒന്നും കാണുന്നില്ല.
സെബാസ്റ്റ്യൻ പറഞ്ഞു
ഈ കൊച്ചിന് ഇവിടെ ഒന്നും പരിചയമില്ലല്ലോ. രാവിലെ ഞാൻ പോരുമ്പോൾ എന്റെ കൂടെ പോരട്ടെ. ക്ലാസ് കഴിയുമ്പോൾ നിന്റെ വണ്ടിയില് തിരിച്ചു വരത്തില്ലേ.? ആ സമയത്ത് അല്ലേ നിന്റെ ബസ് അതിലെ കൂടെ പോകുന്നത്. അല്ലേ പിന്നെ ചാച്ചൻ വന്നു കൊണ്ടുവരണം. അങ്ങേരെ നോക്കിയിരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എപ്പോഴാ ബോധവും പോക്കണവും പോകുന്നത് എന്ന് പറയാൻ പറ്റില്ല.
സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊർന്നിരുന്നു. അവളുടെ കാര്യത്തിൽ അമ്മച്ചിക്ക് ശ്രദ്ധയുണ്ടല്ലോ എന്നൊരു ആശ്വാസം ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നു.
സണ്ണി കണ്ടോ സ്നേഹം എന്ന രീതിയിൽ സെബാസ്റ്റ്യനേ നോക്കി.. അവൻ ചിരിച്ചു
അമ്മച്ചി തന്നെ രാവിലെ കൊണ്ടുപോയാൽ മതി. ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, പിന്നെ തിരിച്ചു ഇങ്ങോട്ട് ബസിന് വന്നോളും അല്ലേ.?
ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.
നിങ്ങൾക്ക് വെള്ളം വേണോടാ.?
അവനോടായാണ് ചോദ്യം എങ്കിലും അവളെ കൂടി അതിൽ ഉൾപ്പെടുത്തിയതിൽ അവൾക്ക് സന്തോഷം തോന്നി.
അവൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ വേണ്ട എന്ന ഭാവമാണ്.
എനിക്ക് കുറച്ച് കഞ്ഞി വെള്ളം ഉണ്ടെങ്കിൽ ഇങ്ങ് എടുത്തോണ്ട് വാ..
സെബാസ്റ്റ്യൻ പറഞ്ഞു..ഉടനെ തന്നെ സാലി അകത്തേക്ക് പോയി കഞ്ഞിവെള്ളം എടുത്തു കൊണ്ടുവന്നു.
നിന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു
അനുവിനോട് ആയി സെബാസ്റ്റ്യൻ ചോദിച്ചു.
താല്പര്യമില്ലാത്ത മട്ടിൽ കുഴപ്പമില്ല എന്ന് മറുപടി പറയുന്നുണ്ട് അവൾ. അപ്പോഴും അവളുടെ നോട്ടം ഇടയ്ക്ക് തന്റെ മുഖത്തേക്ക് ആണ് എന്ന് ലക്ഷ്മി ശ്രദ്ധിച്ചു.
എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നുള്ള ഭാവം ആയിരുന്നു ആ നിമിഷം ലക്ഷ്മിയുടെ ഉള്ളിൽ.
കുളികഴിഞ്ഞു അകത്തേക്ക് വന്ന സിമി അനുവിനെ കണ്ടപ്പോഴേക്കും സന്തോഷത്തോടെ അവളുടെ അടുത്തേക്ക് വന്നു.
അനുമോളെ നീ എപ്പോഴാ വന്നത്.?
ഏറെ സ്നേഹത്തോടെ അവളുടെ അരികിൽ വന്ന് സിമി ഇരുന്നപ്പോൾ ലക്ഷ്മിക്ക് ചെറിയൊരു വേദന തോന്നി. താൻ ഇവിടെ വന്ന് ഈ നിമിഷം വരെ തന്റെ മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല ആള്.
ഞാൻ വന്നതേയുള്ളൂ ചേച്ചി അവളുടെ മുഖത്തേക്ക് നോക്കി അനു പറഞ്ഞു
വാവച്ചി എവിടെ?
നല്ല ഉറക്കം
കുഞ്ഞ് അങ്ങ് പോവല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം. ഇതുവരെ ഒരു അനക്കം ഒക്കെ ഉണ്ടായിരുന്നു.
വേദനയോടെ സാലി പറഞ്ഞപ്പോൾ സണ്ണി ഒന്ന് ചിരിച്ചുകൊണ്ട് സെബാസ്റ്റ്യനേ നോക്കി.
ഏതായാലും ഒരു കല്യാണം നടക്കാൻ പോകുവല്ലേ ചേച്ചി, ഇനിയിപ്പോ സ്വന്തമായിട്ട് ഒരു കൊച്ചുമോനെയോ കൊച്ചുമോളെയോ തരാൻ മോനോട് പറ..
സണ്ണിയുടെ ആ വർത്തമാനത്തിൽ ലക്ഷ്മിയും സെബാസ്റ്റ്യനും ഒരേപോലെ ഞെട്ടിപ്പോയിരുന്നു. വിളറിയ മുഖത്തോടെ സെബാസ്റ്റ്യൻ അറിയാതെ ലക്ഷ്മിയേ ഒന്നു നോക്കി. അവളും ചമ്മി നിൽക്കുകയാണ്.
എന്ത് മറുപടി പറയണം എന്ന് അറിയാതെ ആരെയും ഫേസ് ചെയ്യാൻ പറ്റാത്തതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി. അത് കണ്ടു സെബാസ്റ്റ്യനും വല്ലാതെയായി…
കല്യാണം പോലും കഴിഞ്ഞിട്ടില്ല അപ്പോഴേക്കും അങ്ങേരുടെ ഒരു വർത്തമാനം, എന്ത് എവിടെ എപ്പോഴാ പറയേണ്ടത് എന്ന് ഒരു ബോധവുമില്ല.
ആനി ഭർത്താവിനെ വഴക്കു പറഞ്ഞു.
കല്യാണം കഴിഞ്ഞാൽ അടുത്തതായിട്ട് സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇവിടെ ഒച്ചയും അനക്കവും ഇല്ലെന്നുള്ള സാലി ചേച്ചിയുടെ പരാതി തീരട്ടെ എന്ന് വിചാരിച്ചു.
സണ്ണി നിഷ്കളങ്കതയോടെ പറഞ്ഞപ്പോൾ സാലി വരെ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി.
ആ പെൺകൊച്ചു എന്ത് വിചാരിച്ചു കാണും.? അത് ഉടനെ തന്നെ ഓടിപ്പോയി.
ആനി അകത്തേക്ക് നോക്കി പറഞ്ഞു
കഞ്ഞിവെള്ളം കുടിച്ച ഗ്ലാസ് അമ്മച്ചിയുടെ കൈകളിലേക്ക് തിരിച്ചു കൊടുത്തിട്ട് സെബാസ്റ്റ്യനും നേരെ മുറിയിലേക്ക് പോയി.
അവൻ മുറിയിൽ ചെന്ന് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് സാലിയുടെ വരവ്
നീ എന്നാടാ രണ്ടുമൂന്നു ദിവസമായിട്ട് എങ്ങോട്ടും പോകാതെ ഇവിടെ തന്നെ അട ഇരിക്കുന്നത്? ഞങ്ങൾ ആരെങ്കിലും നിന്റെ പെണ്ണിനെ പിടിച്ചു തിന്നുമെന്ന് പേടിച്ചിട്ടാണോ.?
അവന്റെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു.
അമ്മച്ചി ദൈവത്തെ വിചാരിച്ച് എന്നോട് പിടുത്തത്തിന് വരരുത്.
അവൻ തൊഴുതു
പുറത്തോട്ടൊന്നും ഇറങ്ങാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ലല്ലോ എനിക്ക്, അതുകൊണ്ടാ പോവാതിരുന്നത് ആണ്
ഞായറാഴ്ച ദിവസം പോലും നിന്നെ വീട്ടിൽ കാണുന്നതല്ല. അതുകൊണ്ട് ചോദിച്ചെന്നേയുള്ളു..
ഒന്നും രണ്ടും പറഞ്ഞ് വഴക്ക് വേണ്ട എന്ന് കരുതി സെബാസ്റ്റ്യൻ ഒന്നും മിണ്ടിയില്ല.
നാളെ രാവിലെ സിമിയെ കൊണ്ടുവിടാൻ ഇവിടുന്ന് എല്ലാരും പോകുന്നുണ്ട്. ആ പെണ്ണിനെ കൊണ്ടുപോകാൻ പറ്റില്ല. അതിനോട് അതെങ്ങനെയാ പറയുന്നത്.?
അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അതൊന്നും ഓർത്ത് അമ്മച്ചി ടെൻഷൻ അടിക്കേണ്ട.
അവൻ പറഞ്ഞു
പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു പെൺകുട്ടിയേ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകാൻ പറ്റുമോ.?
അതിനെന്താ മുറി അടച്ചു ഇവിടെ ഇരുന്നാൽ പോരെ.?
സെബാസ്റ്റ്യൻ പരിഹാരവും കണ്ടെത്തി.
എടാ ഞായറാഴ്ചയാ നാളെ അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യരെല്ലാം പള്ളിയിൽ പോയിട്ട് ഉച്ച ആയിട്ട് തിരിച്ചു വരത്തുള്ളൂ. നമ്മൾ വരുമ്പോഴും ചിലപ്പോൾ വൈകുന്നേരമാകും. അതുവരെ ആ പെൺകൊച്ച് ഇവിടെ തന്നെ ഇരിക്കുക എന്ന് പറഞ്ഞാൽ എനിക്ക് ഒരു സമാധാനം കേടാ. അതും ഇന്നത്തെ കാലത്ത്…
അമ്മച്ചിയുടെ വാക്കുകളിൽ അവളോടുള്ള വാത്സല്യം നിറഞ്ഞിരുന്നു.
നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം.
അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…