തണൽ തേടി: ഭാഗം 35

എഴുത്തുകാരി: റിൻസി പ്രിൻസ്
നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം.
അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി….
പിറ്റേന്ന് തന്നെ സിമിയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് വിടുവാനുള്ള തയ്യാറെടുപ്പുകളും ആയി രാവിലെ മുതൽ തിരക്കായിരുന്നു സെബാസ്റ്റ്യനും വീട്ടുകാരും. എല്ലാത്തിനും ഒരു സഹായത്തിന് ഓടിനടക്കാൻ സണ്ണിയും ആനിയും ഉണ്ടായിരുന്നത് വലിയ ആശ്വാസം തന്നെയായിരുന്നു.
കുഞ്ഞിന്റെ ഉടുപ്പുകൾ ഒക്കെ ബാഗിൽ അടുക്കി വയ്ക്കുമ്പോൾ സാലിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിരുന്നു. ആശുപത്രി മുതൽ കയ്യിലെടുത്തതാണ് ഇന്ന് അവൾ പോവുകയാണെന്ന് അറിയുമ്പോൾ വല്ലാത്തൊരു വേദന മനസ്സിനെ നീറ്റുന്നു..
അവൾ പോകും എന്നുള്ള ഒരു ചിന്ത പോലും സഹിക്കാൻ പറ്റുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും സിനി വന്നിരുന്നു.
സിനി വന്നതോടെയാണ് ലക്ഷ്മിക്ക് ജീവൻ വീണത്.. ആ വീട്ടിൽ ഇതിനോടകം തന്നെ സിനിയുമായി ഒരു ആത്മബന്ധം ലക്ഷ്മി നേടിയെടുത്തിരുന്നു. എന്ത് കാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു അടുത്ത സുഹൃത്ത് തന്നെയാണ് ഇപ്പോൾ തനിക്ക് സിനി. അത്രമേൽ പ്രിയപ്പെട്ട ആരോ വന്നതുപോലെ അവൾ സിനിയുടെ അരികിലേക്ക് ഓടി ചെല്ലുന്നുണ്ടായിരുന്നു.
അവര് തമ്മിലുള്ള ആ ഒരു അടുപ്പം സെബാസ്റ്റ്യനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇരുവരും തമ്മിൽ ഒരു പ്രത്യേക ആത്മബന്ധം ഉടലെടുത്തു എന്ന് സെബാസ്റ്റ്യന് തോന്നിയിരുന്നു.. വന്നതേ ലക്ഷ്മിയുടെ കയ്യിൽ കയറി പിടിച്ചിരുന്നു സിനി
എടീ അനു നീ എപ്പോ വന്നു..?
അനുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സിനി ചോദിച്ചു..
ഞാൻ ഉച്ചയ്ക്ക് വന്നത് ആണ്
ലക്ഷ്മി ചേച്ചിയേ പരിചയപ്പെട്ടിരുന്നോ.
ലക്ഷ്മിയെ നോക്കി സിനി ചോദിച്ചു
ആഹ് പരിചയപ്പെട്ടു…
അവൾ അത്രയും പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന ആ നിമിഷം ലക്ഷ്മിയിൽ ഉടലെടുത്തിരുന്നു. തന്റെ മുഖത്തേക്ക് പോലും അവൾ നോക്കുന്നില്ല. വന്നപ്പോൾ മുതൽ തന്നോട് എന്തോ ഒരു ഇഷ്ടക്കേട് ഉണ്ട്…
പള്ളിയിൽ പോയിട്ട് എന്തായി ചേച്ചി…
അവൾ ഏറെ സന്തോഷത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു. അപ്പോഴേക്കും സിനിയോടൊപ്പം ലക്ഷ്മി മുറിയിലേക്ക് പോയിരുന്നു. കുഞ്ഞിനും അമ്മയ്ക്കും തേക്കാനുള്ള എണ്ണ മുറുക്കുവാൻ വേണ്ടി എണ്ണ വാങ്ങാനും പിന്നെ സിമിയ്ക്ക് കൊടുത്തുവിടാനുള്ള അല്ലറചില്ലറ സാധനങ്ങൾ വാങ്ങാനും ഒക്കെയായി സെബാസ്റ്റ്യനേ കവലയിലേക്ക് വിട്ടിരിക്കുകയായിരുന്നു…
അതുകൊണ്ടുതന്നെ സിനിയ്ക്കൊപ്പം മാത്രമായിരുന്നു ലക്ഷ്മിയുടെ ഇരിപ്പ്. അവളോട് ഇതുവരെയും മിണ്ടാൻ ഒന്നും തുടങ്ങിയിട്ടില്ല. അതിന്റെ ഒരു ബുദ്ധിമുട്ട് അവൾക്കുണ്ടായിരുന്നു..
അതുകൊണ്ടു തന്നെ അടുക്കളയിലേക്ക് ചെന്ന് അവരെ എന്തെങ്കിലും സഹായിക്കണമോന്ന് ചോദിക്കാൻ അവൾക്ക് മടി തോന്നി. അഥവാ ഒന്നും മിണ്ടാത്ത ഒരു രീതിയാണ് കാണിക്കുന്നതെങ്കിൽ അത് തനിക്ക് സങ്കടം ആകുമല്ലോ എന്നാണ് അവൾ ചിന്തിച്ചത്. എല്ലാത്തിലും ഉപരി അടുക്കളപ്പണി ഒന്നും ചെയ്യാൻ തനിക്ക് അത്ര വശവും ഇല്ല. വീട്ടിൽ ചെറിയമ്മ ഉള്ളതുകൊണ്ട് അത്തരം കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് ചെറിയമ്മ തന്നെയായിരുന്നു. അത്യാവിശ്യം ചില വീട്ടുജോലികൾ മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. അലക്കലും വീട് ക്ലീൻ ചെയലും അങ്ങനെയുള്ള കാര്യങ്ങൾ മാത്രമേ തനിക്ക് അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവിടെ ചെന്ന് അവരെന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞാൽ എന്ത് മറുപടി പറയും എന്നുള്ള ഒരു ആശങ്കയും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.
മടിചു മടിച്ചാണ് സിനിയോട് അവള് ചോദ്യം ചോദിച്ചത്.
ആ കുട്ടി നിങ്ങളുടെ കസിൻ ആണോ.?
ഏതു കുട്ടിയ ചേച്ചി…
മനസ്സിലാവാത്തതുപോലെ സിനി ചോദിച്ചു
ആ കുട്ടി അനു ഇപ്പോ നമ്മൾ കണ്ടില്ലേ.?
അനുവോ.? അനു നമ്മുടെ ആനി ആന്റിയുടെ അനിയത്തിയുഡെ മോള് ആണ്. പറഞ്ഞിരുന്നില്ലേ.?
പറഞ്ഞിരുന്നു, എന്തോ വന്നപ്പം മുതലേ എന്നെ ആ കുട്ടിക്ക് ഇഷ്ടായില്ലെന്ന് തോന്നുന്നു. വല്ലാത്ത ദേഷ്യത്തോടെ നോക്കുകയായിരുന്നു.
തന്റെ വിഷമം സിനിയോടെങ്കിലും പറഞ്ഞില്ലെങ്കിൽ വല്ലാത്ത ഒരു സങ്കടം തോന്നും എന്ന് അവൾക്ക് തോന്നിയിരുന്നു.
അതാണോ അതിന് പ്രത്യേകമായ ഒരു കാരണം കാണും ചേച്ചി..
ചിരിയോടെ സിനി പറഞ്ഞപ്പോൾ മനസ്സിലാകാത്തത് പോലെ അവൾ സിനിയുടെ മുഖത്തേക്കൊന്നു നോക്കി..
അവളെ കുറച്ചുനാള് ചേട്ടായേയും മനസ്സിൽ കൊണ്ട് നടന്നതാ..
സിനിയുടെ ആ വെളിപ്പെടുത്തലിൽ ഞെട്ടി പോയിരുന്നു ലക്ഷ്മി..
ആണോ..?
അവൾ ഒന്നുകൂടി എടുത്തു ചോദിച്ചു
അങ്ങനെ അധികം ആർക്കും ഒന്നും അറിയില്ല. ചേട്ടായിക്ക് പോലും അറിയില്ല. പക്ഷേ എനിക്കറിയാം എന്റെ ഒരു കൂട്ടുകാരിയുടെ അനിയത്തിയും ഇവളും ഒന്നിച്ചായിരുന്നു പഠിക്കുന്നത്. ആ സമയത്ത് ഇവള് ചേട്ടായിയേ കാണാൻ വേണ്ടി സ്ഥിരമായിട്ട് ചേട്ടായി പോകുന്ന ബസ്സിന് പോകും. പിന്നെ നമ്മുടെ ബന്ധത്തിലുള്ള കൊച്ചല്ലേ അതുകൊണ്ട് ചേട്ടായി മിണ്ടുകയും പറയുകയും ഒക്കെ ചെയ്യും. അതുവച്ച് ഇവൾ കൂട്ടുകാരിയോട് പറഞ്ഞത് ഇവളും ചേട്ടായും തമ്മിൽ ലൈൻ ആണെന്ന്. അവസാനം എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനിത് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. അവസാനം ഞാൻ അവളോട് ചോദിച്ചപ്പഴാ അവള് പറയുന്നത്, അവൾക്ക് ചേട്ടായിയേ ഇഷ്ടമാണെന്ന്. അപ്പോൾ ചേട്ടായി സ്നേഹിച്ചു കൊണ്ട് വന്ന പെണ്ണിനോട് ഒരു കുശുമ്പ് കാണിക്കാതിരിക്കുമോ.?
അതുകൊണ്ടായിരിക്കും ചേച്ചിയേ ഇഷ്ടമില്ലാത്തത് പോലെയൊക്കെ കാണിച്ചത്.
സിനി പറഞ്ഞപ്പോൾ ഒരു നിമിഷം അനുവിനോട് എന്തെന്നില്ലാത്ത ഒരു ദേഷ്യം അവൾക്കും തോന്നിയിരുന്നു.
എന്തിനാണ് ആ പെൺകുട്ടിയോടെ തനിക്ക് ദേഷ്യം തോന്നുന്നത് എന്ന് പലകുറി ചിന്തിച്ചു. അവനെ മറ്റൊരു പെൺകുട്ടി മനസ്സിൽ ആരാധിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു എന്ന തോന്നലാണോ അതിന് കാരണം എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…