തണൽ തേടി: ഭാഗം 39

എഴുത്തുകാരി: റിൻസി പ്രിൻസ്
അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു
ബാലൻസ് കിട്ടുവാൻ വേണ്ടി അവളും പെട്ടെന്ന് അവന്റെ തോളിൽ ഒന്ന് പിടിച്ചിരുന്നു. അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു
” സെബാനെ….
അവനെ വിളിച്ചുകൊണ്ട് മുറിയിലേക്ക് വന്ന സണ്ണി ഈ രംഗം കണ്ടുകൊണ്ട് ഒന്നു കിളി പാറി നിന്നുവെങ്കിലും പെട്ടെന്ന് അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു..
ഡാ നിന്നെ അവിടെ എല്ലാവരും തിരക്കുന്നു പെട്ടെന്ന് ഒന്ന് വരണേ…
അയാളെ കണ്ടപ്പോൾ തന്നെ രണ്ടുപേരും അകന്നു മാറിയിരുന്നു.
ഞാൻ…. ഇത്…. തേച്ചത് വയ്ക്കാൻ വേണ്ടി വന്നതാ..
അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. അവന് ചിരി വന്നു പോയിരുന്നു. അവൾക്ക് തന്നെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അവനു തോന്നി..
ഇതൊക്കെ സിനി ചെയ്യൂമായിരുന്നില്ലേ.?
അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“സിനിക്കും പോകണ്ടേ..? ഞാൻ അതുകൊണ്ട് അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി.
അവൾ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു.
എങ്കിൽ പിന്നെ താൻ റെഡി ആയിക്കോ ഞങ്ങൾ പോകുന്ന കൂട്ടത്തിൽ തന്നെ, തന്നെ ഞാൻ ശിവണ്ണന്റെ വീട്ടിലേക്ക് ഇറക്കാം.
അവൾ തലയാട്ടി, മുറിക്ക് പുറത്തേക്ക് കടന്നിരുന്നു. രണ്ടുപേരുടെയും ചൊടിയിൽ ഒരു പുഞ്ചിരി ആ നിമിഷം ബാക്കിയായിരുന്നു..
പുറത്തേക്കിറങ്ങി വന്ന സെബാസ്റ്റ്യനേ നോക്കി അവിടെ സണ്ണി നിൽപ്പുണ്ടായിരുന്നു.
എടാ വീട് ആണെന്നുള്ള ബോധമെങ്കിലും നിനക്ക് ഉണ്ടോ.? ഒരു പെങ്കൊച്ച് ഉള്ള വീടാ, കല്യാണം കഴിയുന്നതുവരെയെങ്കിലും ആവശ്യമില്ലാത്ത പരിപാടികളൊക്കെ മാറ്റി വെച്ചേക്കണം…
ഒരു ശാസന പോലെ അയാൾ പറഞ്ഞപ്പോൾ കാര്യം മനസ്സിലാവാതെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി.
എന്റെ പൊന്ന് സണ്ണി ചാച്ച നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമില്ല
ഓ പിന്നെ, നീ പിന്നെ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവിടെ കുമ്പസാരിക്കുവാരുന്നു…
അയാൾ അതും പറഞ്ഞ് പുറത്തേക്ക് പോയപ്പോൾ അറിയാതെ സെബാസ്റ്റ്യൻ ചിരിച്ചു പോയിരുന്നു…
എല്ലാവരും റെഡി ആകുന്ന തിരക്കിലാണ് അതിനിടയിൽ പെട്ടെന്നൊന്ന് കുളിച്ചെന്ന് വരുത്തി ലക്ഷ്മി കയ്യിൽ കിട്ടിയ ചുരിദാറും എടുത്താണ് റെഡിയായിരുന്നത്.
പുറത്തേക്കിറങ്ങണോ വേണ്ടയോ എന്ന് അറിയാത്ത നിന്നപ്പോഴാണ് പെട്ടെന്ന് വാതിൽക്കൽ സിമിയെ കണ്ടത്.
താൻ വന്നതിന് ശേഷം ഇതുവരെയും ഈ മുറിക്ക് പുറത്ത് തന്നെ കണ്ട് ഒന്ന് നോക്കിയിട്ട് പോലുമില്ല. സിനിയെ തിരക്കി വന്നതായിരിക്കും എന്ന് കരുതി അവൾ പെട്ടെന്ന് എഴുന്നേറ്റു..
സിനി പുറത്തേക്ക് പോയി
സിമിയോടായി അവൾ പറഞ്ഞു..
സിനി പുറത്തുണ്ട് ഞാന് അവളെ കണ്ടിട്ട വന്നത്…
സിമിയുടെ ആ വാക്കിൽ നിന്നു തന്നെ കാണുവാനുള്ള വരവാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. എന്താണാവോ ഇനി തന്നെ കണ്ട് സംസാരിക്കാനുള്ളത്. ഒരു നിമിഷം അവൾക്ക് ഭയവും തോന്നി. തന്നോട് വഴക്കിടാനോ മറ്റോ ആണോ.?
ഞാൻ പോവാ, ഇനി കല്യാണത്തിന്റെ സമയത്ത് വരാം….
അവൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു. ഇവിടെ വന്നിട്ട് ഇത് ആദ്യമായാണ് സിനി തന്നോടും മിണ്ടുന്നത്. മനസ്സിനുള്ളിൽ അതൊരു കുഞ്ഞു വേദനയായി ഉണ്ടായിരുന്നു. അവൾ ഏറെ സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു. സിമി തലയാട്ടി കാണിച്ചു. സിനി മുറിക്ക് പുറത്തേക്ക് പോയപ്പോഴേക്കും സെബാസ്റ്റ്യൻ അവളെ തിരക്കി അവിടേക്ക് വരുന്നുണ്ടായിരുന്നു..
ചേട്ടായി രണ്ട് വണ്ടിക്കുള്ള ആളുണ്ടല്ലോ നമ്മൾ ഒരു വണ്ടിയല്ലേ പറഞ്ഞിട്ടുള്ളൂ.
അപ്പുറത്തെ ശോഭ ചേച്ചി ലാലി ആന്റിയും ഒക്കെയുണ്ട്. എല്ലാവരും കൂടി ഒരു ഇന്നോവയിൽ പറ്റില്ല.
സിമി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
അത് സാരമില്ലടി ഞാൻ അറേഞ്ച് ചെയ്തോളാം. നീ വണ്ടിയിലോട്ട് കയറിക്കോ… നീയും ചാച്ചനും സിനിയും അമ്മച്ചിയും ആനി ആന്റിയും കൂടി ഇന്നോവയിൽ കയറിക്കോ. സണ്ണി ചാച്ചൻ വണ്ടി ഓടിച്ചോളും പിന്നെ ഒരു വണ്ടി അത് ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. അത് ശിവണ്ണൻ ഓടിച്ചു വന്നോളും.
സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ സിമി ലക്ഷ്മിയേ ഒന്നുകൂടി ഒന്നു നോക്കി കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു പുറത്തേക്ക് നടന്നിരുന്നു. കുഞ്ഞിനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം ലക്ഷ്മിക്ക് ഉണ്ടായിരുന്നു ഇവിടെ വന്നപ്പോൾ മുതൽ കരഞ്ഞും ശബ്ദമുണ്ടാക്കിയും അവൾ വല്ലാതെ തന്നെ ആകർഷിച്ചിട്ടുണ്ട് ഒന്ന് എടുക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അത് ആരോടും പറഞ്ഞില്ല.
സെബാസ്റ്റ്യൻ ഇതിനോടകം നന്നായി വിയർത്തു കുളിച്ചിട്ടുണ്ടെന്ന് ലക്ഷ്മി ശ്രദ്ധിച്ചു. കുറച്ചു മുൻപ് താൻ തേച്ച് കൊടുത്ത ഷർട്ട് ഒക്കെ വിയർത്ത് ഒഴുകി നനഞ്ഞു തുടങ്ങിയിട്ടുണ്ട്.
ചെന്നിയിൽ നിന്നും വിയർപ്പ് ചെറുതായി ഒഴുകി വരുന്നുണ്ട്.
കഴിച്ചായിരുന്നോ….?
അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
ഇല്ല…. തിരക്കായിരുന്നു അടുത്തുള്ള വീട്ടിൽ നിന്നൊക്കെ ആൾക്കാർ വന്നില്ലേ, അതാ ഞാനിങ്ങ് മാറിയിരുന്നത്. അമ്മയ്ക്ക് അതിനി ഒരു ബുദ്ധിമുട്ട് ആയാലോ..
അങ്ങനെയൊന്നും വിചാരിക്കേണ്ട..
സെബാനെ
പുറത്തുനിന്ന് ആരോ വിളിച്ചപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ പുറത്തേക്ക് പോയിരുന്നു .
പുറത്തേക്ക് പോയവൻ കുറെ സമയം കഴിഞ്ഞിട്ടും വരാതായപ്പോൾ എന്തോ തിരക്കിൽ പെട്ടു എന്ന് അവൾക്ക് തോന്നിയിരുന്നു.
പരസ്പരം സ്നേഹമുള്ള ബന്ധുക്കൾ.. ഇങ്ങനെയുള്ള ആളുകളെ താൻ അധികം കണ്ടിട്ടില്ലെന്ന് ലക്ഷ്മി ഓർത്തു.
തന്റെ വീട്ടിൽ ബന്ധുക്കൾ തമ്മിൽ വലിയ അടുപ്പം ഒന്നുമില്ല. ചെറിയമ്മയ്ക്ക് വീട്ടിൽ ആരും വരുന്നത് പോലും ഇഷ്ടമല്ല. ഇവിടെ അമ്മയും ആനി ആന്റിയും തമ്മിൽ എന്തൊരു സ്നേഹമാണ്. നാത്തൂന്മാർ തമ്മിൽ ഇത്രയും സ്നേഹമുണ്ടെന്ന് മനസ്സിലാക്കുന്നത് തന്നെ ഇവിടെ വന്നതിനു ശേഷം ആണ്.
പപ്പയുടെ പെങ്ങളും ചെറിയമ്മയും കണ്ടാൽ തന്നെ പിണക്കമാണ്. എപ്പോൾ നോക്കിയാലും അവരുടെ കുറ്റം അച്ഛനോട് പറയാൻ മാത്രമാണ് ചെറിയമ്മയ്ക്ക് താൽപര്യം. ഇങ്ങനെയൊരു സാഹചര്യം തനിക്ക് ഉണ്ടായില്ലല്ലോ എന്ന് അവൾ ആ നിമിഷം ആലോചിക്കുകയായിരുന്നു..
കുറച്ച് സമയങ്ങൾക്ക് ശേഷമാണ് റൂമിന്റെ മുൻപിൽ ഒരു തലവട്ടം കണ്ടത്. നോക്കിയപ്പോൾ സെബാസ്റ്റ്യൻ ആണ്. കയ്യിൽ ഒരു പേപ്പർ പ്ലേറ്റും അതിനുമുകളിൽ എന്തോ പൊതിഞ്ഞു വെച്ച മറ്റൊരു പേപ്പർ പ്ലേറ്റും അതിന്റെ പുറത്തോരു പേപ്പർ ഗ്ലാസും ഉണ്ട്..
താൻ കഴിച്ചോ? പുറത്തോട്ട് വരാൻ വയ്യെങ്കിൽ ഇവിടെ ഇരുന്ന് കഴിച്ചൊ
അവളുടെ കൈയ്യിലേക്ക് അത് നീട്ടി അവൻ പറഞ്ഞു
തനിക്കുള്ള ഭക്ഷണവുമായി ആണ് അവൻ വന്നതെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു.
ഈ തിരക്കിനിടയിലും തന്നെക്കുറിച്ച് അവൻ ചിന്തിക്കുന്നുണ്ടല്ലോ തനിക്ക് അവൻ പ്രാധാന്യം നൽകുന്നുണ്ടല്ലോ ആ ഒരു ചിന്ത അവളെ വല്ലാത്ത ആനന്ദത്തിൽ തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചത്.
എനിക്കാണോ…?
വിശ്വസിക്കാൻ കഴിയാതെ അവൾ ചോദിച്ചു.
പിന്നല്ലാതെ… ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ..?
അവൻ പറഞ്ഞു
കുറച്ച് തിരക്ക് ഉണ്ട് ഞാനിപ്പോ വരാം..
അതേ…
പോകാൻ തുടങ്ങിയവയെ അവൾ വിളിച്ചു
കഴിച്ചോ..?
അല്പം മടിയോടെയെങ്കിലും അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..
ഇല്ല എല്ലാവരും കഴിക്കട്ടെ ഇറങ്ങുന്നതിനു മുൻപ് കഴിച്ചോളാം…
അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അവന് മറുപടി പറഞ്ഞത്. അവളത് തിരക്കിയതിന്റെ സന്തോഷം അവന്റെ മനസ്സിലും ഉണ്ടായിരുന്നു.
താൻ ഇവിടെ ഇരുന്ന് സമാധാനത്തോടെ കഴിക്ക്. തൽക്കാലം ഇങ്ങോട്ട് അധികമാരും വരില്ല.
അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങിയിരുന്നു.
ആന്റണി ആണെങ്കിൽ കൊച്ചുമകളെ കയ്യിൽ വച്ചുകൊണ്ടിരിക്കുകയാണ്.
ആ കാഴ്ച കണ്ട സാലിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
ആരാടാ ഇങ്ങേർക്ക് രാവിലെ തന്നെ കുടിക്കാൻ മേടിച്ചു കൊടുത്തത്.?
സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ സാലി ചോദിച്ചു. സെബാസ്റ്റ്യൻ സൂക്ഷിച്ച് അപ്പച്ചനെ ഒന്ന് നോക്കിയപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല എന്ന രീതിയിൽ അയാൾ അവനെ നോക്കി.
ചാച്ചന് കുടിക്കാൻ ആണോ വകുപ്പില്ലാത്തത്.? ഇപ്പൊ എന്തുണ്ടായി.?
അവൻ സാലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
കൊച്ചിനെ എടുത്ത് കരയുന്നു ചിരിക്കുന്നു ഇവിടെ വരുന്നവർക്ക് ഒക്കെ മനസ്സിലായി കുടിച്ചിട്ട് ഇരിക്കുവാന്ന്, എന്തൊക്കെ കോപ്രായങ്ങൾ ആണ്, കരഞ്ഞിട്ടുപോലും ആ കൊച്ചിനെ സിമിയുടെ കയ്യിൽ കൊടുക്കാതെ വച്ചോണ്ടിരിക്കുവാ
സാലി പറഞ്ഞു
എന്ന് പറഞ്ഞാൽ ചാച്ചൻ കുടിക്കുന്ന കാര്യം ഇവിടെ ആർക്കും അറിയില്ലല്ലോ. അമ്മച്ചി ചുമ്മാ രാവിലെ പിടുത്തത്തിന് നിൽക്കാതെ വേറെ വല്ല കാര്യവും നോക്കിക്കേ..
സെബാസ്റ്റ്യൻ അവരെയും വഴക്കു പറഞ്ഞ് പുറത്തേക്ക് നടന്നിരുന്നു. അതിനിടയിൽ ആന്റണിയുടെ കയ്യിലിരുന്ന കുഞ്ഞി പെണ്ണിനെ അവൻ ഒന്ന് കയ്യിലെടുത്തു..
രണ്ടുമൂന്നു ദിവസമായി കുഞ്ഞിനെ കയ്യിൽ എടുത്തിട്ടില്ല. ലക്ഷ്മി വന്നതിനു ശേഷം സിമിയ്ക്ക് എന്തോ പിണക്കം പോലെയാണ്. അങ്ങോട്ട് ചെന്ന് കുഞ്ഞിനെ വാങ്ങാനും ഒരു പേടി. പൊതുവേ കുഞ്ഞിനെ കൈയിലെടുത്ത് ശീലം ഒന്നുമില്ല. സാധാരണ രാവിലെ ഉണർന്നു വരുമ്പോഴേക്കും അവൾ മടിയിൽ കൊണ്ടുവന്നിരുത്തി തരും. അതാണ് പതിവ്.
അങ്ങനെയായിരുന്നു കൊഞ്ചിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ കുഞ്ഞൊന്നു കരഞ്ഞാൽ അപ്പോൾ അവളെ വിളിക്കും. അവൾ ഉടനെ കൊണ്ടുപോകും. കുഞ്ഞിനെ കയ്യിലെടുക്കാൻ ഒന്നും വശമില്ല ഇപ്പോൾ രണ്ടും കൽപ്പിച്ച് എടുത്തതാണ്.. അവളീ വീട്ടിൽ നിന്ന് പോകുന്നതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് താൻ ആണ്. പക്ഷേ പുറത്തു പറയുന്നില്ല. ജനിച്ച് കൈയിൽ കിട്ടിയ സമയം മുതൽ ഉമ്മകൾ കൊണ്ട് അവന്റെ മൂടുകയാണ്.
കവിളിൽ ഉമ്മ വച്ച് കവിൾ ചാടുമെടാ എന്ന് അമ്മച്ചി എപ്പോഴൊക്കെ പറഞ്ഞുവെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് അവൻ കുഞ്ഞിനെ നോക്കുന്നത്. അല്ലെങ്കിലും പെങ്ങളുടെ കുഞ്ഞ് എന്ന് പറഞ്ഞാൽ അത് അമ്മാച്ചൻമാർക്ക് ഒരു പ്രത്യേക അനുഭവം ആണല്ലോ .
എടാ സെബാനെ നിന്റെ പെണ്ണന്തേ..? കണ്ടില്ലല്ലോ.
ലാലി ചോദിച്ചപ്പോൾ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി നിറഞ്ഞു…
“നിന്റെ പെണ്ണ്…. ”
ആ വാക്ക് അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഒപ്പം അവളുടെ മുഖവും
പറഞ്ഞതുപോലെ ആ കൊച്ചെന്ത്യെ.? ഞാൻ ഇതിനിടയിൽ അതിന്റെ കാര്യ വിട്ടുപോയി…
സാലി അപ്പോഴാണ് അത് ഓർത്തത് പോലെ സെബാസ്റ്റ്യൻ മുഖത്തേക്ക് നോക്കിയത്..
അവൾ അകത്ത് ഇരന്നു കഴിക്കുന്നുണ്ട് ഇപ്പൊ അങ്ങോട്ട് പോണ്ട…
അവൻ പതുക്കെ അമ്മച്ചിക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു..
അതെ എന്താണെന്ന് അർത്ഥത്തിൽ അവർ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി
എല്ലാവരും വന്നിരിക്കുന്നത് കൊണ്ട് പുറത്തെങ്ങാനും വന്ന അമ്മച്ചി വല്ലതും പറയുമോ എന്നുള്ള ടെൻഷനിലാ അതുകൊണ്ട് പറഞ്ഞതാ..
അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ട് പതുക്കെ അവൻ പറഞ്ഞു.
സെബാനേ….
പുറത്തുനിന്ന് ശിവൻ വിളിച്ചപ്പോഴേക്കും അവൻ അവിടേക്ക് പോയിരുന്നു.. തന്റെ ചോദ്യത്തിന് മറുപടി കിട്ടാത്തതിന്റെ നീരസം ലാലിയുടെ മുഖത്ത് ഉണ്ടായിരുന്നു…
എന്നതാ ആ പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മയും മോനും കൂടെ ഒരു സ്വകാര്യം.. പെണ്ണ് ഇട്ടിട്ടു പോയോ..?
അല്പം പരിഹാസത്തോട ലാലി ചോദിച്ചപ്പോൾ അത് അത്ര ഇഷ്ടപ്പെട്ടില്ല സാലിയ്ക്ക്…
അതെന്താ ലാലി അങ്ങനെ ഒരു വർത്തമാനം, എന്റെ ചെറുക്കൻ അത്രയ്ക്ക് മോശക്കാരൻ ആണോ അവന്റെ പെണ്ണ് അവനേ ഇട്ടിട്ടു പോകാനും മാത്രം..
അയ്യോ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല സാലി ഇന്നത്തെ കാലത്തെ പെമ്പിള്ളാർ അല്ലേ ആദ്യത്തെ പൂതി തീരുമ്പോൾ ഇറങ്ങി പോകുന്നതല്ലേ കല്യാണം കഴിഞ്ഞത് പോകുന്നു പിന്നെയാ വിളിച്ചോണ്ട് വന്നത്…
ലാലി അൽപം പരിഹാസത്തിൽ പറഞ്ഞപ്പോൾ സാലി അവരെയൊന്നു കൂർപ്പിച്ചു നോക്കി….
ഇതങ്ങനെ ഇറങ്ങി പോകുന്ന പെൺകൊച്ച് ഒന്നുമല്ല…
ലക്ഷ്മിയേയും മറ്റുള്ളവർ കളിയാക്കിയത് അത്ര ഇഷ്ടപ്പെട്ടില്ല സാലിയ്ക്ക്
മരുമോളെ പറഞ്ഞപ്പോൾ സാലിയ്ക്ക് പിടിച്ചില്ല..
ശോഭ അത് ഏറ്റുപിടിച്ചു.
പിന്നല്ലാതെ എന്തൊക്കെ പറഞ്ഞാലും എന്റെ ചെറുക്കൻ ഇഷ്ടപ്പെട്ടു കൊണ്ടുവന്നതല്ലേ അപ്പോൾ എന്റെ സിനിയെയും സിമിയെയും പോലെ തന്നെയാണ്,
സാലി പറഞ്ഞു
അല്ല ആ കൊച്ചിനെ ഇവിടെ ഇങ്ങനെ നിർത്തുവാണോ.? അവരുടെ കല്യാണം ഒന്നും നടത്തി കൊടുക്കുന്നില്ലേ.?
ശോഭ ചോദിച്ചു
അടുത്ത മാസത്തേക്ക് എന്താണെങ്കിലും കല്യാണം ഉണ്ടാവും. അതിന്റെ കാര്യങ്ങളൊക്കെ പള്ളിയിൽ പറഞ്ഞു വെച്ചിരിക്കുകയാ. ഇവളെ ഒന്ന് കൊണ്ടുവിടട്ടെ എന്നോർത്തിട്ട് കൂടിയ….
വലിയ വീട്ടിലെ പെങ്കൊച്ച് ആണെന്നൊക്കെ ആണല്ലോ സാലി കേട്ടത്, സത്യമാണോ
ലാലി ചോദിച്ചു …
കയ്യിലും കഴുത്തിലും ഒക്കെ വല്ലതും ഉണ്ടോ.? അല്പം ശബ്ദം താഴ്ത്തി രഹസ്യം പോലെയാണ് ലാലി അത് ചോദിച്ചത്.
ഓ ഞാൻ നോക്കിയില്ല. സെബാസ്റ്റ്യൻ പണ്ടേ പറയാറുണ്ട് കല്യാണം കഴിക്കുമ്പോൾ സ്ത്രീധനം മേടിക്കത്തില്ലെന്ന്. സിമിയുടെ കല്യാണത്തിന് കഷ്ടപ്പെട്ടത് എന്റെ കുഞ്ഞാ അതുകൊണ്ട് ഞങ്ങൾ അങ്ങനെയൊന്നും നോക്കിയിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ അവൻ വിളിച്ചോണ്ട് വന്നപ്പോൾ തന്നെ ഞാന് ഒരു പ്രശ്നവും ഇല്ലാതെ അകത്തേക്ക് കയറ്റുമോ.?
ചേച്ചിയെ…..
ആനി വിളിച്ചപ്പോൾ സാലി അകത്തേക്ക് പോയപ്പോൾ ശോഭയും ലാലിയും പരസ്പരം നോക്കി ചിരിച്ചു
ഒരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കയറ്റിയത്രെ ഞാൻ ഈ വിവരം വിളിച്ച് പറഞ്ഞപ്പോൾ ഈ പഞ്ചായത്ത് മൊത്തം അറിയിച്ചത് ഇവരാ, കരഞ്ഞു കൂവി എന്താരുന്നു. ആ പെണ്ണിനെ വിളിച്ചുകൊണ്ടുവന്ന കെട്ടി തൂങ്ങി ചാകുമെന്ന് ആ ചെറുക്കനോട് പറഞ്ഞവര. ഒരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കയറ്റിയെന്ന്
ശോഭ പറഞ്ഞു
പിന്നല്ലേ ആ ചെറുക്കനും പെണ്ണും കൂടെ വന്ന് എത്രനേരം വെളിയിൽ നിന്നു. അവസാനം അവന്റെ മുതലാളിയും ആ കൂട്ടുകാരൻ ചെറുക്കനും കൂടി പറഞ്ഞ ഒരു വിധത്തിൽ അകത്തേക്ക് കയറ്റിയത്. നോക്കണേ നമ്മുടെ മുഖത്ത് നോക്കി നുണ പറയുന്നത്.
ലാലിയും ശോഭയും പരസ്പരം പറഞ്ഞു ചിരിച്ചു . വണ്ടി വന്നതും എല്ലാവരും വണ്ടിയിലേക്ക് കയറിയിരുന്നു.
കാറിലേക്ക് സെബാസ്റ്റ്യൻ കയറാത്തപ്പോൾ സംശയത്തോടെ സാലി അവനെ നോക്കി….
ഞാൻ പുറകെ ബൈക്കിന് വന്നോളാം അവളെ ശിവണ്ണന്റെ വീട്ടിൽ ആക്കണ്ടേ.?സാലിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവർ തലയാട്ടി.
അധികം താമസിക്കാതെ വന്നേക്കണം
മകന് അവർ നിർദേശം കൊടുത്തു.
അവൻ അതിന് മറുപടിയൊന്നും പറയാതെ അകത്തേക്ക് പോയിരുന്നു. പോകുന്നതിനുമുമ്പ് ലക്ഷ്മിയോട് ആനിയും ആന്റണിയും സിനിയും യാത്രയൊക്കെ പറഞ്ഞാണ് പോയത്. സാലി ഒന്ന് നോക്കുക മാത്രം ചെയ്തു.
കാറിൽ കയറിയിരുന്ന കുഞ്ഞി പെണ്ണിന്റെ കാലിൽ ഒരു മുത്തം കൊടുത്തിരുന്നു സെബാൻ.
രണ്ടു വണ്ടിയും പോയതിനുശേഷം അവൻ അകത്തേക്ക് കയറി ലക്ഷ്മി അപ്പോൾ പോകാൻ തയ്യാറായി നിൽക്കുകയാണ് …
ഇറങ്ങിയാലോ ..? അവൻ ചോദിച്ചു
കഴിച്ചില്ലല്ലോ … അവനെ അവൾ ഓർമ്മിപ്പിച്ചു….
ഇനിയിപ്പോ വേണ്ട, വിശപ്പ് അങ്ങ് കെട്ടു അവൻ പറഞ്ഞു…
ഒരുപാട് നേരം അവിടെ നിൽക്കേണ്ടതല്ലേ.? രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ. ചായ പോലും കുടിക്കാതെ അല്ലേ പള്ളിയിൽ പോയത്.?
അവൾ ചോദിച്ചു
തന്റെ ഈ കാര്യങ്ങളൊക്കെ അവൾ ശ്രദ്ധിച്ചിരുന്നു എന്നത് അവനിൽ ഒരു വലിയ പുതുമ തന്നെ നിറച്ചിരുന്നു….
അവൾ പെട്ടെന്ന് അടുക്കളയിലേക്ക് പോയി രണ്ട് അപ്പവും അല്പം കറിയും പ്ലേറ്റിൽ എടുത്തു കൊണ്ട് അവന് നേരെ വന്നു… അവൻ നിന്നുകൊണ്ടാണ് അത് കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ മുഖത്തേക്ക് തന്നെയായിരുന്നു അവളുടെ നോട്ടം. കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരുവനാണ് അവൻ എന്ന് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് തോന്നിയിരുന്നു.
എന്തെങ്കിലും വേണോ..? അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നുണ്ടായിരുന്നു.
അവൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി..
പെട്ടെന്ന് ഭക്ഷണം കഴിച്ച പ്ലേറ്റ് മേശപ്പുറത്ത് വച്ച് അവൻ കൈകഴുകി.. ആ നേരം കൊണ്ട് അവള് പ്ലേറ്റെടുത്ത് അടുക്കളയിൽ കൊണ്ടുപോയി കഴുകി വെച്ചു. അടുക്കളയിൽ നിന്ന് തിരികെ നടന്നപ്പോൾ വെള്ളമെടുക്കാനായി അകത്തേക്ക് വന്ന സെബാസ്റ്റ്യന്റെ നെറ്റിയിൽ തട്ടി വീണ്ടും അവള്, നെറ്റികൾ പരസ്പരം കൂട്ടിയിടിച്ചു
ആഹ്ഹ് …
വേദന കൊണ്ട് അവൾ അറിയാതെ വിളിച്ചു പോയിരുന്നു…
സെബാസ്റ്റ്യനും വേദന എടുത്തിരുന്നു…
എന്നാ പറ്റി..?
അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
തനിക്കൊരു ശ്രദ്ധയില്ലല്ലോ.. പുറകിന്ന് ഒരാൾ വരുന്നുണ്ടോ ഇല്ലയോ എന്നറിയാതെ അങ്ങ് ഓടിയേക്കുവാണോ.??
അവളെ വഴക്ക് പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റി തിരുമ്മിയപ്പോൾ ഒരു നിമിഷം അവൾ വല്ലാതെയായി. ആ വേദനയിലും കണ്ണുകൾ തുറന്നു അവൾ അവന്റെ മുഖത്തേക്ക് നോക്കി. കുറച്ചു മുൻപ് കൈയും വായും കഴുകിയതിന്റെ പ്രതീകമായി അവന്റെ മീശയിലും താടിതുമ്പിലും ജല തുള്ളികൾ ചെറിയൊരു തിളക്കം സൃഷ്ടിച്ചു നിൽപ്പുണ്ട്.
അവളുടെ നോട്ടം എപ്പോഴോ അവന്റെ കണ്ണിലുടക്കി കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവനും വല്ലാതെ ആയി പോയിരുന്നു..
വേദന മാറിയോ..?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ അതെന്ന അർത്ഥത്തിൽ തലയാട്ടിരുന്നു..
ഞാൻ കുറച്ച് വെള്ളം കുടിച്ചിട്ട് വരാം.. അവളോട് അത്രയും പറഞ്ഞു അവൻ ഫ്രിഡ്ജിന് അരികിലേക്ക് നടന്നപ്പോൾ, അധികസമയം അവിടെ നിൽക്കാതെ അവളും പുറത്തേക്ക് കടന്നിരുന്നു..
അവനോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
ശ്രദ്ധിച്ചു നടക്കു അവിടെ ഒരു പടിയുണ്ട്..
അവന്റെ മറുപടിയിൽ അവൾ അറിയാതെ ചിരിച്ചു പോയിരുന്നു..
കതക് പൂട്ടി താക്കോല് ചവിട്ടിയുടെ താഴേക്ക് വച്ച് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിന്നിലേക്ക് കയറി ഇരുന്നവൾ…
വണ്ടി വിട്ടു തുടങ്ങിയപ്പോൾ വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ലെങ്കിലും റോഡിൽ നിന്നും ചെറിയൊരു പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി. അവന് കുറച്ച് അധികം സ്പീഡ് ഉണ്ട്. റോഡ് ആണെങ്കിൽ അത്ര നല്ലതുമല്ല. വണ്ടിയുടെ ഹാൻഡിൽ പിടിച്ചാണ് താൻ ഇരിക്കുന്നത്. അവന്റെ തോളിൽ കൈ വയ്ക്കാൻ അവൾക്കു മടി തോന്നി.. മുന്നോട്ടുപോകുന്തോറും അവന്റെ വേഗതയും റോഡിന്റെ അവസ്ഥയും മോശമായി തുടങ്ങി…
വണ്ടിയിൽ നിന്നും ഊർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി.. വേഗം കുറയ്ക്കാൻ അവനോട് പറയാനും അവൾക്കു മടി തോന്നി…
ഒരു വലിയ ഹമ്പ് ചാടിയപ്പോഴേക്കും വീഴും എന്ന അവസ്ഥ വന്നതും അവൾ അവന്റെ വയറിലൂടെ അവനെ ചുറ്റിപ്പിടിച്ചു. മുൻപോട്ട് ആഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ ഒരു സ്പർശനം തീർത്തു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ സെബാസ്റ്റ്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി തിരിഞ്ഞവളെ നോക്കി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…