Novel

തണൽ തേടി: ഭാഗം 42

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്..

അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി…

വരണോ.?

ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു

അവന്റെ ആ ചോദ്യത്തിന് പെട്ടെന്ന് എന്ത് മറുപടി പറയണം എന്ന് അവൾക്കറിയില്ലായിരുന്നു.

അവൾ അവനെ നോക്കി. അവളെ തന്നെ നോക്കിയിരുന്നവൻ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.. കീഴ്ച്ചുണ്ട് കടിച്ച് ചിരിച്ചു മറ്റെവിടെയോ നോക്കി അവൻ പറഞ്ഞു

നമ്മുടെ വീടിന് താഴെ ഒരു പയ്യൻ ഉണ്ട് അവൻ സ്കൂളിൽ പോകുന്ന സമയത്ത് എനിക്കുള്ള പൊതി കൊണ്ടുവരികയാ ചെയ്യുന്നത്. അവന്റെ കൈയിലാ അമ്മച്ചി പൊതി കൊടുത്തു വിടുന്നത്, ഉച്ചയ്ക്കത്തേക്കുള്ളത്.

ചിലപ്പോൾ ഞാൻ ഉച്ചയ്ക്ക് വല്ല ഹോട്ടലിൽ നിന്നും കഴിക്കും.
അങ്ങനെയാ ചെയ്യാറുള്ളത്. വേണമെങ്കിൽ വരുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല…

ഇടം കൈകൊണ്ട് താടിയിൽ ഉഴിഞ്ഞുകൊണ്ട് അവളെ ഒളിക്കണ്ണിട്ട് നോക്കി അവൻ പറഞ്ഞു

അവൾ മറുപടിയൊന്നും പറയാതെ മറ്റെവിടെയോ ചിരിയോടെ നോക്കി..

മഴ കഴിഞ്ഞു എന്ന് തോന്നുന്നു.. പോയാലോ.?

അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

ഒരുപാട് നേരം ഒന്നും ആ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയില്ലന്ന് അവൾക്കും തോന്നിയിരുന്നു.

ഒരു കൂട്ടുകാരിയോട് സംസാരിക്കണം എന്ന് പറഞ്ഞില്ലേ.?ആ കൊച്ചിനെ വിളിച്ചൊ ഇപ്പോഴാവുമ്പോൾ സമയം ഉണ്ടല്ലോ, ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റും. പിന്നെ മഴ തോർന്നിട്ട് ഒന്നുമില്ല. തുടങ്ങിയിട്ടേ ഉള്ളു

അവളുടെ മുഖത്തേക്ക് നോക്കി ഒരു പ്രത്യേക ഈണത്തിൽ അവൻ പറഞ്ഞപ്പോൾ വല്ലാത്തൊരു പരവേശം അവൾക്കും തോന്നിയിരുന്നു.

എങ്കിലും അവൻ നീട്ടിയ ഫോൺ വാങ്ങി അവൾ ലോക്ക് സ്ക്രീനിൽ പിടിച്ചപ്പോൾ അത് ലോക്കാണ്.

3 4 8 1

അവൾ സംശയത്തോടെ മുഖത്തേക്ക് നോക്കി

പിൻ…

അവൻ പറഞ്ഞു

അവൾ അപ്പോൾ തന്നെ അത് അടിച്ചു കൊടുത്തു. ഓപ്പൺ ആയതും വന്നത് ഈശോയുടെ ഒരു ഫോട്ടോയാണ്. അതാണ് വാൾപേപ്പർ.

മനസ്സിൽ ഓർമ്മയുള്ള നമ്പർ ഡയൽ ചെയ്ത് അവൾ ഫോൺ കോളിങ്ങിലിട്ടപ്പോഴും അവൻ ഇടയ്ക്ക് ഒളികട്ട് തന്നെ നോക്കുന്നത് അവൾക്ക് കാണാമായിരുന്നു.

എങ്കിലും കാണാത്ത ഭാവത്തിൽ ഇരുന്നവൾ..

മറുപുറത്ത് ഫോൺ കണക്ട് ആയിരുന്നു അപ്പോഴേക്കും..

ഹലോ…?

ഹലോ അച്ചു, ഞാനാ ലക്ഷ്മി.

ഉത്സാഹത്തോടെ പറഞ്ഞു

ലച്ചു, നീ എവിടെയാണ്.? നിന്റെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണല്ലോ. ഞാൻ നിന്നെ എത്ര ദിവസം കൊണ്ട് വിളിക്കാ എന്നറിയോ.

അപ്പുറത്ത് നിന്നും ആധി നിറഞ്ഞ സ്വരം സെബാസ്റ്റ്യനും കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

അതൊക്കെ വലിയ കഥയാ ഫോൺ എന്റെ കയ്യിൽ ഇല്ല. വീട്ടിലാ…

അപ്പൊ നീ വീട്ടിൽ അല്ലേ..?

അല്ല.

പിന്നെ എവിടെയാ..?

കല്യാണം എങ്ങനെയാ മുടങ്ങിയത്.? അങ്കിൾ വിളിച്ചിരുന്നു എന്നെ. നിനക്ക് ആരുമായിട്ട് എങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാൻ വിവേകിന്റെ കാര്യം ഒന്നും പറഞ്ഞില്ല! എനിക്ക് അറിയില്ലെന്ന പറഞ്ഞത്. നീ വിവേകിന്റെ കൂടെയാണോ.? എന്താ സംഭവം.? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

അർച്ചന വീണ്ടും ചോദിക്കുന്നുണ്ട്..

അതൊക്കെ നേരിട്ട് പറയാം.

വിവേക് എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു അസ്വസ്ഥത തോന്നി…

എങ്കിൽ നമുക്ക് നാളെ കാണാൻ പറ്റുമോ.?

അർച്ചന ചോദിച്ചപ്പോൾ അവൾ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി, അവൻ എന്ത് എന്ന് അർത്ഥത്തിൽ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.

നാളെ കാണാൻ പറ്റുമോന്ന് അവൾ ചോദിക്കുന്നു.

ഒച്ചയൽപ്പം താഴ്ത്തി അവൾ അവനോട് പറഞ്ഞു.

കാണാമെന്ന് പറ അവൻ മറുപടി പറഞ്ഞു…

ആഹ്.. നാളെ കാണാം. നീ നാളെ ഫ്രീയാണോ.?

ലക്ഷ്മി ഫോണെടുത്തുകൊണ്ട് ചോദിച്ചു…

ആടി., എവിടെ വച്ചു കാണും.?

അത് ഞാൻ വൈകിട്ട് നിന്നെ വിളിച്ചു പറയാം.

ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമോ ഇനി നിന്നേ.,?

കിട്ടും

വൈകുന്നേരം വിളിക്കണേ..

വൈകിട്ട് വിളിക്കാടി..

ലക്ഷ്മി ഫോൺ വച്ച് കഴിഞ്ഞ് സെബാസ്റ്റ്യനേ നോക്കി.

എങ്ങനെയാ കാണുന്നതെന്ന അവൾ ചോദിക്കുന്നത്. എവിടെ വച്ചാണെന്ന്.?

നാളെ താൻ പള്ളിയിൽ പോവില്ലേ അപ്പൊ അത് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് ടൗണിൽ ഇറങ്ങിയാൽ നിങ്ങൾക്ക് സംസാരിക്കാല്ലോ.

അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.

അപ്പൊൾ പോകാം.?

അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ തലയാട്ടിയിരുന്നു.

അവൻ ബൈക്കിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും, അവൾ പിന്നിൽ ഇടം പിടിച്ചു. തോളിൽ കൈ വയ്ക്കും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല. അതോടെ അവന് ഒരു നിരാശ തോന്നിയിരുന്നു. അവനൊരു അല്പം വേഗത കൂട്ടി. പെട്ടന്ന്
പ്രതീക്ഷിച്ചതുപോലെ അപ്പോഴേക്കും അവൾ കൈയെടുത്ത് തോളിൽ വച്ചിട്ടുണ്ടായിരുന്നു. ആ നിമിഷം തന്നെ അവൻ വണ്ടിയുടെ വേഗത കുറച്ചു. അവളിൽ ഒരു പുഞ്ചിരി ബാക്കിയായി.. റിയർവ്യൂ മിററിലൂടെ കൃത്യമായത് അവൻ അത് കാണുകയും ചെയ്തു.

അവന്റെ ചുണ്ടിലെ മായാത്ത പുഞ്ചിരി അവൾക്കും കൃത്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നു..

പകുതി എത്തിയപ്പോഴേക്കും വീണ്ടും ചാറ്റൽ മഴ പൊടിയാൻ തുടങ്ങിയിരുന്നു.

വണ്ടി നിർത്തണോ ഇനി കുറച്ചുകൂടിയേ ഉള്ളൂ.

അവൻ പുറകിലേക്ക് നോക്കിക്കൊണ്ട് അവളോട് ചോദിച്ചു.

അവൾ വേണ്ട എന്ന് അർത്ഥത്തിൽ തലയാട്ടി. മുറ്റത്തേക്ക് ബൈക്ക് കൊണ്ടുവച്ചപ്പോഴേക്കും മഴ ശക്തിയിൽ പെയ്യാൻ തുടങ്ങിയിരുന്നു.

അപ്പോഴേക്കും രണ്ടുപേരും വീട്ടിലെത്തിയിരുന്നു.

ആരും വന്നിട്ടില്ലെന്ന് തോന്നുന്നു അവൻ പെട്ടെന്ന് ചവിട്ടിയുടെ താഴെ നിന്നും താക്കോലെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.

പോക്കറ്റിൽ നിന്നും ഫോണെടുത്ത് ശിവന്റെ നമ്പറിലേക്ക് വിളിച്ചു.

നിങ്ങൾ എവിടെയാ ശിവ അണ്ണാ.?

എടാ ഇവിടെ ഒരു ബ്ലോക്ക് പെട്ടുപോയി. പിന്നെ ഒരു ആക്സിഡന്റ് നടന്നിരിക്കുകയാ ആൾക്കാരെ എല്ലാവരും ആംബുലൻസ് കേറ്റി കൊണ്ടിരിക്കുക. അതുകൊണ്ട് ബ്ലോക്ക്. വരാന് ഒരു 15 മിനിറ്റും കൂടി എടുക്കും.

ശിവൻ പറഞ്ഞപ്പോൾ അവൻ ശരി പറഞ്ഞു ഫോൺ വച്ചിരുന്നു.

അപ്പോഴേക്കും ലക്ഷ്മി വീട് തുറന്നിരുന്നു.

അവരെന്തോ ഒരു ബ്ലോക്കിൽ പെട്ടു. ഒരു 15 മിനിറ്റ് എടുക്കും വരാൻ എന്നാ പറഞ്ഞത്..

സെബാസ്റ്റ്യൻ ലക്ഷ്മിയോട് പറഞ്ഞു.

അവൾ അപ്പോഴും തോർത്തും എടുത്ത് അവന് അരികിൽ എത്തി. അത് അവന് കൊടുക്കണോ വേണ്ടയോ എന്നറിയാതെ നിൽക്കുകയാണ്

അവളുടെ ഭാവവും പരുങ്ങലുമൊക്കെ കണ്ടപ്പോൾ അവൻ അവളുടെ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു..

എന്താ..?

മഴ നനഞ്ഞില്ലേ….. വിയർത്തിരിക്കുകയായിരുന്നില്ലേ…. തലതോർത്തിയില്ലെങ്കിൽ…. വെള്ളം താന്നിട്ടു…..പനി വരും.!

അവന്റെ മുഖത്തേക്ക് നോക്കാതെ മടിയോടെയാണ് അവൾ അത് പറഞ്ഞത്… ഒപ്പം തന്നെ കൈയിലിരുന്ന് തോർത്ത് അവന് നേരെ നീട്ടുകയും ചെയ്തിരുന്നു.

ചെറുചിരിയോടെ അവനത് വാങ്ങി…

അതേ ചിരിയോടെ തന്നെ തന്റെ തല തോർത്തുകയും ചെയ്തു. തൊട്ടടുത്ത നിമിഷം അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് അവനാ തോർത്ത് അവളുടെ തലയുടെ മുകളിലേക്ക് ഇട്ട് ശക്തിയായി അവളുടെ തല തോർത്തി…

പനി വരില്ലേ..?

അവളുടെ മുഖത്തേക്ക് നോക്കി ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളിലും ഒരു ചിരി നാമ്പിട്ടിരുന്നു..

അവളുടെ തോളിലേക്ക് തോർത്തിട്ട് അതേ ചിരിയോടെ അവൻ അകത്തേക്ക് കയറി..

ഒരു കട്ടൻ ചായ കിട്ടോ.? നല്ല തലവേദന ഉണ്ട്.

പോകുന്ന പോക്കിൽ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ.

ഞാനിപ്പോൾ ഉണ്ടാക്കിത്തരാം എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയിരുന്നു.

അടുക്കളയിലേക്ക് ചെന്നപ്പോൾ കുറച്ച് സമയം എടുത്തു പഞ്ചസാരയും തേയിലയും ഒക്കെ കണ്ടുപിടിക്കാൻ. എങ്കിലും പെട്ടെന്ന് തന്നെ അവൾ കട്ടൻചായ ഇട്ടിരുന്നു. അവൻ ആദ്യമായി തന്നോട് ആവശ്യപ്പെടുന്നതാണ്. അത് അത്രയും മനോഹരമായി തന്നെ കൊടുക്കണം എന്ന് തോന്നി.

ചായ ഇട്ടതും അവൾ വേഗം തന്നെ അവന്റെ റൂമിന് അരികിലേക്ക് ചെന്നിരുന്നു. അവൻ അപ്പോഴേക്കും വേഷമൊക്കെ മാറി പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു.

അവൾ ചായ ഒരു ചിരിയോടെ അവന് നേരെ നീട്ടി. ഗ്ലാസ് വാങ്ങുമ്പോൾ അറിയാത്തതുപോലെ അവളുടെ വിരലിൽ അവൻ ഒന്ന് സ്പർശിച്ചിരുന്നു.

പെട്ടെന്ന് ശരീരത്തിലൂടെ ഒരു തരിപ്പ് കയറിയത് പോലെയാണ് അവൾക്ക് തോന്നിയത്. അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ഇരുകണ്ണും ചിമ്മി കാണിച്ചവൻ.

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു..

പനി വരാതിരിക്കാൻ ഒരു ചൂട് കട്ടൻ ചായ മഴ നനഞ്ഞിട്ട് കുടിക്കുന്നത് നല്ലതാണ്. കുടിച്ചോ..?

തന്റെ കയ്യിലേക്ക് അവൾ നീട്ടിയ അതേ കട്ടൻചായ തന്നെ അവൻ അവൾക്ക് നേരെ നീട്ടി.. അവള് അത് വാങ്ങണോ വേണ്ടയോ എന്നറിയാതെ നിന്നു.

തലവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ട്…

താൻ കുടിക്കടോ

അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് വീണ്ടും അവൻ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി ഒന്ന് സിപ്പ് ചെയ്തിരുന്നു.

അപ്പോഴേക്കും സ്റ്റെപ്പിറങ്ങി സാലിയും ആനിയും വരുന്നതാണ് കണ്ടത്. അവരെ കണ്ടപ്പോഴേക്കും അവൻ പുറത്തേക്ക് ഇറങ്ങി നിന്നിരുന്നു.

അവനെ അനുഗമിച്ചവളും.

എന്നാ ബ്ലോക്ക് ആയിരുന്നു, എന്തോ പറയാനാ ഒരു വിധത്തില് ഇങ്ങ് വന്നു പറ്റിയത്..

ആനി സെബാസ്റ്റ്യനോടായി പറഞ്ഞു.

ശിവണ്ണൻ പറഞ്ഞിരുന്നു.

അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ..

അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!