തണൽ തേടി: ഭാഗം 45
Mar 1, 2025, 08:24 IST

എഴുത്തുകാരി: റിൻസി പ്രിൻസ്
തന്നെ നോക്കാൻ സാധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുകയാണ് പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. അത് പിന്നെ.... വാതിലിന്റെ അരികിലേക്ക് കുറച്ചുകൂടി നടന്നുകൊണ്ട് വന്നവൻ പറഞ്ഞു. അത് പിന്നെ എന്താണെന്ന് ഞാൻ അങ്ങ് മറന്നു പോയി.... ഇനി ഓർക്കുമ്പോൾ അത് പറയാം. കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു നിരാശ കൂടുകൂട്ടി...! അത് ചെറു ചിരിയോടെ അവൻ നോക്കി കണ്ടു. അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കുടിച്ച ഗ്ലാസ് അവളുടെ കൈയിൽ ബലമായി തന്നെ കൊടുത്തു. അവൻ കയ്യിൽ പിടിച്ചപ്പോൾ ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു എങ്കിലും ചിരി മുഖത്ത് നിറഞ്ഞു. എന്റെ ഷർട്ട് ഒന്ന് തേച്ചു വയ്ക്കാമോ.? പതിഞ്ഞ സ്വരത്തിൽ അവളുടെ കാതോരം നിന്നാണ് ചോദ്യം. പരിഭ്രമവും സന്തോഷവും ഒക്കെ നിറഞ്ഞ ഒരു നിമിഷം അവൾ ചിരിയോടെ തലയാട്ടി പറഞ്ഞു അതിനെന്താ എവിടെയാ..? ആ കട്ടിലിൽ എടുത്ത് വച്ചിട്ടുണ്ട്. അവൻ കട്ടിലിൽ വച്ചിരുന്ന കാക്കി ഷർട്ട് ചൂണ്ടിക്കാണിച്ചു.. അവൾ അവനെ മറികടന്ന് അത് എടുക്കാനായി അവിടേക്ക് പോയി.. ആ നിമിഷം വാതിൽക്കൽ രസകരമായ ഒരു തടസ്സം അവൻ സൃഷ്ടിച്ചു. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ കുസൃതിയോടെ ഇരു കണ്ണും ചിമ്മി കാണിച്ച് ആള് പുറത്തേക്ക് പോയി. അവൻ ബെഡിൽ വെച്ചിരുന്ന ഷർട്ട് എടുത്ത് ഹോളിൽ കൊണ്ടുവന്ന് തേച്ച് തിരികെ മടക്കി മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കുളിയൊക്കെ കഴിഞ്ഞ് മുറിയിൽ വന്നിട്ടുണ്ട്. ജീൻസും ഇന്നർ ബെന്നിയനും ഇട്ടുകൊണ്ട് അലമാരിയുടെ കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ്. ദാ ഷർട്ട്.... അവനത് അവളുടെ കയ്യിൽ നിന്നും വാങ്ങി ബട്ടൻസ് ഊരി കസേരയുടെ മുകളിലേക്ക് ഇട്ടു.. ശേഷം അയയിൽ നിന്നും ഒരു ചെക്ക് ഷർട്ട് എടുത്ത് ബട്ടന്‍സ് ഇടുന്നതിനിടയിൽ അവളെ നോക്കി പറഞ്ഞു.. രാവിലെ സിനി പോകുന്ന ബസിന് പോയാ മതി.! കുറച്ചു കഴിയുമ്പോൾ അമ്മച്ചിയും പോവും.. അമ്മച്ചി എവിടെപ്പോവും.? അവൾ അവനോട് ചോദിച്ചു അമ്മച്ചി ആ മഠത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഉച്ചവരെ ഉള്ളൂ, ഒരു രണ്ടു മണി രണ്ടരയ്ക്ക് ആവുമ്പോൾ അമ്മച്ചി പോരും. പക്ഷേ രാവിലെ പോണം.. ഏഴുമണി ആകുമ്പോഴേക്കും ഇവിടുന്ന് ഇറങ്ങും. 8 ആകുമ്പോൾ മഠത്തിൽ കുർബാന ഉണ്ട് അത് കഴിഞ്ഞു അച്ഛൻ കഴിക്കാൻ വരും. സിനിയൊരു 9:00 ആകുമ്പോഴാ പോകുന്നത്. ആ ബസിനു പോയാൽ പള്ളിയുടെ വാതുക്കൽ ചെന്നിറങ്ങാം. അവിടുന്ന് പിന്നെ മഠം എവിടെയാണെന്ന് അറിയാല്ലോ. അതിന്റെ തൊട്ടു താഴെ തന്നെ... എല്ലാം കഴിഞ്ഞ് ഒരു 12 മണിയാവുമ്പൊൾ ഇറങ്ങിയാൽ മതി, അപ്പോൾ എന്റെ ബസ് അതിലെ കൂടെ തന്നെയാ വരുന്നത്. അവൻ പറഞ്ഞു കൂട്ടുകാരിയെ വിളിച്ച് ടൗണിൽ വച്ച് കാണാമെന്ന് പറ... അവൻ ഫോണ് നീട്ടിയപ്പോഴാണ് വൈകിട്ട് അവളെ വിളിക്കാം എന്ന് പറഞ്ഞ കാര്യം തന്നെ ലക്ഷ്മി ഓർത്തത്. അല്ലെങ്കിലും കുറച്ച് സമയങ്ങളായി താൻ ഇവിടെ അല്ലല്ലോ മറ്റൊരു മായാലോകത്താണല്ലോ. അവിടെ അവൻ മാത്രമേ ഉള്ളൂ എന്ന് അവൾക്ക് തോന്നി.. അവൾ ഫോൺ വാങ്ങിയതിനു ശേഷം പിൻ ഡയല് ചെയ്തു ഉടനെ തന്നെ ഫോൺ ഓൺ ആയി. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. നല്ല ഓർമ്മയാണല്ലോ ചിരിയോട് പറഞ്ഞു കൊണ്ട് കാക്കി ഷർട്ട് മുകളിലേക്ക് ഇട്ടു. ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്. അവൾ സാധാരണ രാവിലെ ഉണരുന്നതാണ്. അതുകൊണ്ടാണ് ധൈര്യത്തോടെ വിളിച്ചത്. ലെച്ചു..! ആദ്യം തന്നെ ആ അഭിസംബോധനയാണ് കേട്ടത്. സെബാസ്റ്റ്യനും കേട്ടിരുന്നു അത് ലച്ചു..! അവൻ പതിയെ ആ പേര് ഒന്ന് നാവിൽ ഉരുവിട്ടു. ഒപ്പം ഒരു പുഞ്ചിരിയും അവന്റെ മുഖത്ത് നിറഞ്ഞു... എന്താടി ഇന്നലെ വിളിക്കാഞ്ഞത്..? തിരക്കായി പോയെടി, ഇന്ന് കാണാൻ പറ്റില്ലേ.? ഒരു 12 -12.30 യൊക്കെ ആകുമ്പോൾ നീ നമ്മുടെ സ്ഥിരം വരുന്ന ബേക്കറിയിലെ വരുമോ.? അവിടെ വന്നാൽ മതി ഞാൻ അങ്ങോട്ട് വരാം. ബസ്റ്റാൻഡിലെ ബേക്കറി ആണോ.? അതെ.. ശരി, ഞാൻ അവിടെ വന്നിട്ട് നിന്നെ വിളിക്കണോ.? വേണ്ട എന്റെ കയ്യിൽ ഫോണില്ല. അങ്ങോട്ട് വിളിക്കാം ഓക്കേ നീ ഏത് ബസ്സിന് വരും അവൾ ചോദിച്ചപ്പോൾ ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.. സെന്റ് മേരി അവൻ പറഞ്ഞു കൊടുത്തു സെന്റ് മേരി ഓക്കേ.. ഫോൺ കട്ട് ചെയ്ത് അവന് നേരെ അവൾ നീട്ടി... ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.... അവനോട് ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. അവളുടനേ തന്നെ അടുക്കളയിലേക്ക് ചെന്നിരുന്നു.. അവൻ ഒരുങ്ങിയോ.? ആവി പറക്കുന്ന ഇഡ്ഡലി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു... റെഡിയായിട്ടുണ്ട്. എന്നാൽ ഒരു പ്ലേറ്റ് എടുത്ത് രണ്ട് ഇഡ്ഡലിയും സാമ്പാറും കൂടി അവന് എടുത്ത് പെട്ടെന്ന് അങ്ങോട്ട് കൊണ്ടു കൊടുക്ക്. സാലി പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ പ്ലേറ്റിൽ മൂന്നിഡ്ഡലിയും സാമ്പാറും എടുത്ത് ഹോളിലേക്ക് ചെന്നിരുന്നു. അവൻ അപ്പോഴേക്കും കൈയിലെ വാച്ച് ശരിക്ക് കെട്ടിക്കൊണ്ട് ഹോളിലേക്ക് വന്നിരുന്നു.. ഡൈനിങ് ടേബിൾ മുകളിലായി അത് വെച്ച് അവൾ വെള്ളം എടുക്കാനായി അകത്തേക്ക് പോയി. വെള്ളമെടുത്ത് പുറത്തേക്ക് വരുമ്പോൾ സമയമില്ലാതെ ധൃതിപിടിച്ച് കഴിക്കുന്നവനെയാണ് കണ്ടത്.. സാലി അപ്പോഴേക്കും ഒരു കവർ പാല് പൊട്ടിച്ച് കുറച്ച് ചായ ഇട്ട് അവിടേക്ക് കൊണ്ടുവന്നിരുന്നു. ഇഡ്ഡലി തീരാറാകുന്നതേയുള്ളൂ.. ഇടയ്ക്ക് വാച്ചിൽ നോക്കുന്നുണ്ട്. ചായ വേണ്ട അമ്മച്ചി സമയമില്ല അവൻ പറഞ്ഞു. ഒരു ചായ കുടിക്കാൻ അതിനുവേണ്ടി സമയം ഒന്നും വേണ്ട നീ കുടിച്ചിട്ട് പോടാ സാലി അതും പറഞ്ഞു അകത്തേക്ക് പോയി ഭയങ്കര ചൂടാ ഇനി ആറി വരാൻ നേരം എടുക്കും അവൻ പറഞ്ഞു. അവൻ വെള്ളം കുടിച്ച് വച്ച ഗ്ലാസ്സ് കണ്ടവൾ പെട്ടെന്ന് ചായയെടുത്ത് അതിലേക്ക് ആറ്റി. അവൻ ഭക്ഷണം കഴിച്ച് കൈ കഴുകിയപ്പോഴേക്കും ചായയുടെ ചൂട് മാറിയിരുന്നു. പോകാൻ തുടങ്ങിയവന്റെ കയ്യിലേക്ക് അവളത് നീട്ടി.. അവൻ പെട്ടെന്ന് അവളെ ഒന്ന് നോക്കി.. ചൂടില്ല.! പെട്ടെന്ന് കുടിക്കാം അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നിയിരുന്നു.. അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ഒറ്റ വലിയ്ക്ക് തന്നെ അവൻ കുടിച്ചു കഴിഞ്ഞു. ഗ്ലാസും തിരികെ കൊടുത്തു. പോയിട്ട് വരട്ടെ..! അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.. വാതിലോരം അവനെ അനുഗമിച്ചു അവളും ചെന്നു. സോഫയിൽ ആന്റണിയും തറയിൽ സണ്ണിയും കിടപ്പുണ്ട്.. രണ്ടുപേരും നല്ല ഉറക്കമാണ്. അവരെ ഉണർത്താതെ കതക് തുറന്ന് പതിയെ അവൻ പുറത്തേക്ക് നടന്നു. പുറത്ത് നല്ല തണുപ്പ് ആണ്. ഇറങ്ങണ്ട അവളോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. അവൻ പുറത്തേക്ക് പോയപ്പോൾ എന്തുകൊണ്ടോ നെഞ്ചിൽ വല്ലാത്തൊരു വേദന അവൾ അനുഭവിച്ചു... ബൈക്കിലേക്ക് കയറി പോകുന്നതിനു മുൻപ് അവൾക്ക് വേണ്ടിയൊന്ന് ഹോണും കൂടി അടിച്ചാണ് അവൻ പോയത്. തിരികെ അടുക്കളയിലേക്ക് വന്നപ്പോൾ ആനിയും എഴുന്നേറ്റ് വന്നിട്ടുണ്ട്.. ആഹാ ലക്ഷ്മി നേരത്തെ എഴുന്നേറ്റൊ? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി ചോദിച്ചു. അവനു പോണ്ടേ അതിന് എഴുന്നേറ്റു വന്നതായിരിക്കും. . അവളെ നോക്കി സാലിയാണ് മറുപടി പറഞ്ഞത്. താൻ എഴുന്നേറ്റത് ഇനി അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലേ എന്നൊരു സംശയം അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു.. ഞാൻ രാവിലെ പോകും.! പിന്നെ ഉച്ച ആയിട്ട് വരത്തുള്ളൂ.ആനി ഇവിടെ ഉള്ളതുകൊണ്ട് വേറെ കുഴപ്പമൊന്നുമില്ല. 12മണിക്ക് അവന്റെ ബസ്സിനെ തിരിച്ചുവന്നാൽ മതി. അവളുടെ മുഖത്തേക്ക് നോക്കി സാലി പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു. ചായ കുടിച്ചിട്ട് ഒരുങ്ങു ചെന്ന്... സാലി പറഞ്ഞു. കെട്ടാതെ പിന്നെ പെട്ടെന്ന് പോയി കുളിച്ച് റെഡിയായി. സിനിയോടൊപ്പം ഒരുങ്ങി ഇറങ്ങിയപ്പോൾ ആന്റണി മുറ്റത്ത് നിൽപ്പുണ്ടായിരുന്നു ചായയും കുടിച്ചുകൊണ്ട്. മക്കൾ എങ്ങോട്ടാ ജോലി വല്ലോം ഉണ്ടോ.? ആന്റണി ചോദിച്ചു. ഇല്ലച്ചാ പള്ളിയിൽ.. ഓ അതോ ഞാൻ അങ്ങ് മറന്നു പോയി. ആന്റണി ചിരിയോട് പറഞ്ഞപ്പോൾ അയാൾക്ക് ഒരു ചിര സമ്മാനിച്ചു സിനിയ്ക്ക് ഒപ്പം അവൾ നടന്നു. പള്ളിയിൽ ഇരുന്ന് സിസ്റ്റർ പറഞ്ഞു പഠിപ്പിക്കുന്നത് ഒക്കെ വിശദമായി തന്നെ ശ്രദ്ധിച്ചിരുന്ന് കേട്ടുവെങ്കിലും ഉള്ളിൽ മുഴുവൻ അവനായിരുന്നു ! ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ട്. സമയം 11 മുക്കാൽ ആയതോടെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു എന്ന് സിസ്റ്റർ പറഞ്ഞിരുന്നു. അതിനിടയിൽ സാലി സിസ്റ്റേഴ്സിന് ചായയൊക്കെ ആയി വന്നത് കാണുകയും ചെയ്തിരുന്നു. പോകുന്നതിനു മുൻപ് സാലിയോടും യാത്ര പറഞ്ഞാണ് ഇറങ്ങിയത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു അവൾക്ക്. ദൂരെ നിന്നും സെന്റ് മേരി എന്ന ബോർഡ് എഴുതിയ ബസ് വരുന്നത് കണ്ടപ്പോൾ തന്നെ നെഞ്ച് തുടി കൊട്ടിയിരുന്നു... കൈ കാണിക്കാതെ തന്നെ ബസ് കൊണ്ടുവന്ന് അരികിൽ നിർത്തി... ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളെ ഒന്ന് പാളി നോക്കി ബസ്സിലേക്ക് കയറി. തിരക്ക് കുറവായിരുന്നു. അതുകൊണ്ടു തന്നെ ആളെ കാണാൻ കഴിഞ്ഞു. ശ്രദ്ധയോടെ വണ്ടി ഓടിക്കുകയാണ്. കുറച്ചു മുന്നിലായി ആൾക്ക് കാണാവുന്ന പാകത്തിൽ തന്നെയാണ് സീറ്റ് കിട്ടിയത്. വണ്ടി എടുക്കുന്നതിനു മുൻപ് ആളൊന്നു പാളി നോക്കി തന്നെ. നോട്ടം ഇടഞ്ഞപ്പോൾ ചിരിച്ച് കണ്ണുചിമ്മി.. ധും ധും ധും ദൂരെയേതോ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ബസ്സിൽ അത്രയും നേരം പ്ലേ ചെയ്തു കൊണ്ടിരുന്നത്. താൻ കയറി ഇരുന്ന നിമിഷം തന്നെ ആൾ പാട്ട് മാറ്റി കളഞ്ഞിരുന്നു. 🎶ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ എതിലേ വന്നെന്നറിയീലാ എപ്പോഴാണെന്നറിയീലാ നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ🎶 ആ പാട്ട് കേട്ടതും തന്റെ ചൊടിയിലും ഒരു പുഞ്ചിരി വിടർന്നിരുന്നു. പെട്ടിപുറത്ത് ഇരിക്കുന്നത് രണ്ട് പെൺകുട്ടികളാണ്. അവർ രണ്ടുപേരും ഇടയ്ക്കിടെ പാളിയാളെ നോക്കുന്നുണ്ട്. ആൾ ഇതൊന്നും കാണുന്നില്ല. എന്തോ ആ പെൺകുട്ടിയുടെ നോട്ടം ഒന്നും തനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ലന്ന് ലക്ഷ്മി ഓർത്തു .. 🎶ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു.....തുടരും