തണൽ തേടി: ഭാഗം 46

എഴുത്തുകാരി: റിൻസി പ്രിൻസ്
ആദ്യം കാണും ഞൊടിയിലേ
ഇത്രക്കിഷ്ടം വളരുമോ
ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ
ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶
ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു
കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ടിക്കറ്റ് എടുക്കുവാൻ കണ്ടക്ടർ വന്നത്……
വിഷ്ണുവേ…….
പെട്ടെന്ന് സെബാസ്റ്റ്യൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കണ്ടക്ടറെ വിളിച്ചു…..
വിഷ്ണു അപ്പോൾ തന്നെ സെബാസ്റ്റ്യന്റെ സീറ്റിലേ എഞ്ചിന്റെ അടുത്ത് പോയി
എന്നാ ഇച്ചായാ….
അവിടെ ടിക്കറ്റ് വേണ്ട.
വിഷ്ണുവിന് മാത്രം കേൾക്കാൻ പാകത്തിലാണ് അത് പറഞ്ഞത്.
അതെന്നാ..?
ഒരു സംശയത്തോടെ ഒന്ന് തിരികെ തന്നെ നോക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ അവൻ എന്തോ പറഞ്ഞു എന്ന് അവൾക്കും സംശയം തോന്നിയിരുന്നു..
അതങ്ങനെയാ..!
ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച് അവൻ പറഞ്ഞപ്പോൾ അവളെ ഒന്നുകൂടി ഒന്നു സൂക്ഷിച്ചു വിഷ്ണു നോക്കിയതിനുശേഷം വീണ്ടും സെബാസ്റ്റ്യനേ നോക്കി. ഉടനെ തന്നെ പെട്ടിപ്പുറത്തിരുന്ന് പെൺകുട്ടികളും തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി… അവർ തമ്മിലുള്ള സംഭാഷണത്തിൽ എന്തെങ്കിലും അവർ കേട്ടതായിരിക്കും. അതാണ് പെട്ടെന്ന് നോക്കിയത്.
അതാണോ ചേച്ചി..?
വിഷ്ണു അത്ഭുതപ്പെട്ട് സെബാസ്റ്യനോട് ചോദിച്ചപ്പോൾ അവൻ അതേന്ന അർഥത്തിൽ തലയാട്ടി കാണിച്ചിരുന്നു…
വിഷ്ണു വന്ന വേഗത്തിൽ തിരികെ വന്ന് ലക്ഷ്മിയുടെ അരികിൽ നിന്നുകൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു.
പറയണ്ടായോ ആരാണെന്ന്, എനിക്ക് മനസ്സിലായില്ല.
പരിചയമുള്ളത് പോലെ വിഷ്ണു ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
അങ്ങോട്ട് ഇരിക്കാൻ മേലായിരുന്നോ ഡ്രൈവിംഗ് സീറ്റിന് നേരെയുള്ള സീറ്റ് ചൂണ്ടിക്കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ. വേണ്ട എന്ന് ലക്ഷ്മി ആംഗ്യം കാണിച്ചു.
ചുമ്മാ അല്ല ഇച്ചായൻ പെട്ടെന്ന് പാട്ടൊക്കെ മാറ്റിയത്.
സെബാസ്റ്റ്യന്റെ അരികിൽ ചെന്ന് വിഷ്ണു പറഞ്ഞപ്പോൾ അവൻ ചുണ്ട് കടിച്ച് അവനെ ഒന്ന് കൂർപ്പിച്ച് നോക്കി…
പോയി ടിക്കറ്റ് എടുക്കഡാ…
സെബാസ്റ്റ്യൻ അവനോടത് പറഞ്ഞെങ്കിലും ചുണ്ടിൽ ഒരു ചെറു ചിരിയുണ്ടാരുന്നു.
പിന്നെ എന്തോ അവളെ ഒന്ന് തിരിഞ്ഞുനോക്കാൻ അവനെ ധൈര്യം തോന്നിയില്ല. അവന്മാരൊക്കെ എന്തെങ്കിലും പറഞ്ഞ് കളിയാക്കും. പിന്നിലേക്ക് പോയ വിഷ്ണു കിളിയായ സുനിയോടും ലക്ഷ്മിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പുറകിലിരുന്ന് രണ്ടെണ്ണവും തന്നെ കളിയാക്കുക ആയിരിക്കുമേന്ന് മനസ്സിലായതുകൊണ്ട് സെബാസ്റ്റ്യൻ പിന്നെ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല.
എങ്കിലും മാറിമാറി വരുന്ന പാട്ടുകളിലൂടെ തന്റെ മനസ്സ് അവളെ അറിയിക്കാൻ അവൻ ശ്രമിക്കുകയും ചെയ്തിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികളുടെ രണ്ടുപേരുടെ മുഖം മങ്ങിയിരുന്നു. അവന് വേണ്ടപ്പെട്ട ആരോ ആണെന്ന് അവർക്ക് മനസ്സിലായത് കൊണ്ടാണ് പിന്നീട് അവനെ നോക്കുന്നത് നോട്ടം ഒരല്പം അവര് കുറച്ചത്. അതൊരു വിധത്തിൽ ലക്ഷ്മിക്ക് ആശ്വാസമാണ് തോന്നിയത്.
വണ്ടി ബസ് സ്റ്റാൻഡിലേക്ക് കയറിയപ്പോഴേക്കും ആള് കൂടി തുടങ്ങിയിരുന്നു. എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോൾ ഇറങ്ങുന്നതിനു മുൻപ് അവൾ എൻജിന്റെ അരികിലേക്ക് വന്നിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികൾ തിരിഞ്ഞു നോക്കി നോക്കി ആണ് ഇറങ്ങിയത്….
കൂട്ടുകാരിയേ വിളിക്കണ്ടേ..?
അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അവളെ നോക്കി കൊണ്ട് ചോദിച്ചു.
എവിടെയാണെന്ന് അറിയാൻ ഒന്നു വിളിച്ചാൽ കൊള്ളാം.
അവളും മടിച്ചു പറഞ്ഞു.
അപ്പോൾ അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ ലോക്ക് മാറ്റി പെട്ടെന്ന് അർച്ചനയെ വിളിച്ചപ്പോൾ, അവൾ 10 മിനിറ്റിനുള്ളിൽ ബേക്കറിയിൽ എത്തും എന്നാണ് പറഞ്ഞത്. ഓക്കേ പറഞ്ഞു വെച്ച് ഫോൺ തിരികെ അവന്റെ കയ്യിലേക്ക് കൊടുത്തു.
ഞങ്ങളെ കൂടി പരിചയപ്പെടുത്തി കൊടുക്ക് ഇച്ചായ…
അപ്പോഴേക്കും സുനിയും വിഷ്ണുവും പെട്ടി പുറത്തേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു.
ലക്ഷ്മിക്ക് എല്ലാവരെയും കണ്ടപ്പോൾ ഒരു നാണം തോന്നിയിരുന്നു..
ഇത് വിഷ്ണു, ഇത് സുനിൽ, എന്റെ കൂട്ടുകാരാ…
അല്പം ചമ്മലോടെയും മടിയോടെയുമാണ് അവൻ പറഞ്ഞത്. അതേ ചമ്മൽ അവളിലും നിറഞ്ഞ നിന്നിരുന്നു.
അവള് തലയാട്ടതിനുശേഷം രണ്ടുപേരെയും നോക്കി ചിരിച്ചു കാണിച്ചു.
ഇനി ഞങ്ങൾക്ക് പരിചയപ്പെടുത്തി തായോ..
സുനിൽ വിടാനുള്ള ഭാവമില്ല.
സെബാസ്റ്റ്യന് ദേഷ്യവും വരുന്നുണ്ട് നാണവും വരുന്നുണ്ട്.
ഇത് ലക്ഷ്മി….
അവൻ പറഞ്ഞു
ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ കൂട്ടുകാരാണ് എന്നല്ലേ പറഞ്ഞെ അപ്പൊ ഞങ്ങൾക്കും പരിചയപ്പെടുത്തി തരുമ്പോൾ ആരാണെന്ന് പറയണ്ടേ.?
വിഷ്ണു ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ ആകെ വിയർത്തു എന്ന് ലക്ഷ്മിക്ക് തോന്നി. അവന്റെ ഭാവം കണ്ടു ചിരി വന്നു പോയിരുന്നു അവൾക്ക്.
ഇത് എന്റെ… എന്റെ…. എന്റെ പെൺകൊച്ച്….
അവൻ പറഞ്ഞപ്പോൾ ലക്ഷ്മിയുടെ ഇടനെഞ്ചിൽ ഒരു തിരയിളക്കം സംഭവിച്ചു. അവൾ പെട്ടെന്ന് മുഖമുയർത്തി അവനെയൊന്നു നോക്കി.. ആ മുഖത്ത് നാണമാണ്.! കുഞ്ഞുങ്ങളുടെ പോലെ വാത്സല്യം തോന്നുന്ന മുഖമാണ് ഇടയ്ക്ക് അവന്… ആ മുഖം ചിലപ്പോൾ വല്ലാതെ ക്യൂട്ട് ആവും.
അങ്ങനെ പറ…
വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ തോളിൽ കിടന്ന തോർത്തെടുത്ത് മുഖം ഒന്ന് തുടച്ചിരുന്നു. അത്രത്തോളം അവൻ ആ നിമിഷം വിയർത്തു പോയി എന്ന് കണ്ട് ലക്ഷ്മിക്ക് ചിരി വന്നു …
എന്റെ പൊന്നു ചേച്ചി, എത്ര പെൺപിള്ളാര് പുറകെ നടന്നിട്ടുള്ള മനുഷ്യനാണെന്ന് അറിയോ.? ഇതുവരെ ഒരാളെ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടില്ല. എന്തിന് നിങ്ങൾ രണ്ടുപേരും എങ്ങനെ പ്രേമത്തിൽ ആയി എന്ന് പോലും മനസ്സിലാകുന്നില്ല. ഒരു സൂചന പോലും തന്നിട്ടില്ല. പക്ഷേ ഞാൻ കണ്ടിട്ടുണ്ട്. ഈ വണ്ടിയിൽ കയറാറില്ലേ.?
വിഷ്ണു അവളോട് ചോദിച്ചപ്പോൾ അത്ഭുതത്തോടെ സെബാസ്റ്റ്യൻ അവനെ നോക്കി. ഇവൻ ഇതൊക്കെ എപ്പോൾ ശ്രദ്ധിക്കുന്നു എന്ന അർത്ഥത്തിൽ.
കോളേജ് പഠിച്ചപ്പോഴോക്കെ കയറിയിട്ടുണ്ടെന്ന് തോന്നുന്നു.
ലക്ഷ്മി സമ്മതിച്ചു
എന്നിട്ട് പോലും നിങ്ങൾ പരസ്പരം അറിയാവുന്നതു പോലെ ഒന്ന് നോക്കിയിട്ട് പോലുമില്ലല്ലോ.
അല്ലടാ ഞാൻ നോട്ടീസ് അടിക്കാം എല്ലാവർക്കും വേണ്ടി,
പെട്ടെന്ന് ഗൗരവത്തോടെ സെബാസ്റ്റ്യൻ പറഞ്ഞു.
ഇങ്ങനെയൊരു മൊരടനെ എങ്ങനെ സഹിക്കുന്നു ചേച്ചി..?
സെബാസ്റ്റ്യനേ നോക്കി വിഷ്ണു ചോദിച്ചപ്പോൾ ലക്ഷ്മി ചിരിച്ചു പോയിരുന്നു…
ആ കൊച്ചു വരും ചെല്ല്…!
ലക്ഷ്മിയോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി വിഷ്ണുവിനെയും സുനിലിനെയും ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു.
ഇച്ചായ ചേച്ചി സൂപ്പർ..!
വിഷ്ണു തംസപ്പുയർത്തി സെബാസ്റ്റ്യനോടായി പറഞ്ഞു.
അവന്റെ ഒരു ചേച്ചി..! നിന്റെ പകുതി പ്രായം പോലുമില്ല ..
സെബാസ്റ്റ്യൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
പ്രായം ഇവിടെ ആരേലും നോക്കുമോ ഇച്ചായാ, ഇച്ചായന്റെ പെണ്ണ് എന്ന് നമ്മൾക്ക് ചേച്ചിയല്ലേ.? നമ്മൾ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട.?
സുനിൽ പെട്ടെന്ന് പറഞ്ഞു.
ഇച്ചായൻ ഞങ്ങൾക്ക് ആരാ, അതുപോലെ അല്ലേ.?
വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു. നടന്നു പോകാൻ തുടങ്ങിയ ലക്ഷ്മിയെ അവൻ വിളിച്ചു
ലക്ഷ്മി….
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.
12 മുക്കാൽ ആവുമ്പോ ഈ വണ്ടി തിരിച്ചു പോകും. നമ്മുടെ വീടിന്റെ അവിടെ കൂടെ, ആ സമയത്ത് വന്നാൽ ഞാനിവിടെ കാണും..
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി..
വരുന്നില്ലേ അർച്ചനെ പരിചയപ്പെടാൻ…
അവൾ ചോദിച്ചു
നിങ്ങൾ കൂട്ടുകാരികൾ തമ്മിൽ സംസാരിക്ക് പിന്നെ ഒരു അവസരത്തിൽ പരിചയപ്പെടാം..
കുറച്ചു പരിപാടിയുണ്ട്..
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി പുറത്തേക്ക് നടന്നിരുന്നു……..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…