Novel

തണൽ തേടി: ഭാഗം 53

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി…

വാരി തരുമോന്ന് ചോദിച്ചിട്ട്

കുസൃതിയോടെ അവൻ ചോദിച്ചു

ഒരുവേള അത് വാങ്ങാൻ അവൾക്കൊരു അല്പം ചമ്മല് തോന്നിയിരുന്നു. അവൻ തന്നെപ്പറ്റി എന്ത് കരുതി കാണും. താനൊരു ഓളത്തിന് അങ്ങനെ ചോദിച്ചതാണ്.

എങ്കിലും ചോദിച്ച ഉടനെ തരാനുള്ള ആ മനസ്സ്, എത്ര ആരാധികമാർ ഇങ്ങനെ ഒരു അവസരം കൊതിക്കുന്നുണ്ടാകും. അവൾക്ക് ചിരിയും വന്നു. വാങ്ങാൻ മടിച്ചു നിൽക്കുന്നവളെ കണ്ട് അവനും വല്ലാതെ ആയിപ്പോയി.

നീ ആരേലും വരുന്നതിനുമുമ്പ് വേണെങ്കിൽ വാങ്ങാൻ നോക്കിക്കേ

ആൾ പറയുന്നുണ്ട് . അവൾക്ക് പിന്നെയും എന്തോ ഒരു ചമ്മൽ. മൊത്തത്തിൽ ഒന്ന് നോക്കുമ്പോൾ ആരും അടുത്തില്ല. അവൻ പെട്ടെന്ന് കൈ പിൻവലിക്കാൻ തുടങ്ങിയപ്പോൾ ആ തഴമ്പിച്ച കൈകളിൽ അവളൊന്നു പിടിച്ചു.
അവന്റെ മുഖത്ത് ഒരു ചിരി മിന്നി..

കണ്ണടച്ച് വായ് തുറന്നു കൊടുത്തു. വെപ്രാളത്തിന്റെ ഇടയിൽ മുഴുവൻ ചോറൊന്നും വായിക്കുള്ളിലേക്ക് ചെന്നില്ലെങ്കിലും, ഒരു വറ്റെങ്കിലും ആ കൈകൊണ്ട് കിട്ടി.

അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അനു ഇത് കണ്ടു കൊണ്ടാണ് വന്നത്. സമാധാനത്തിന് ഇനി മറ്റൊന്നുമില്ലന്ന് ആ നിമിഷം ലക്ഷ്മിയ്ക്ക് തോന്നിയിരുന്നു.. അല്പം അഭിമാനത്തോടെയും കുറച്ച് തലയെടുപ്പോടെയും തന്നെയാണ് അനുവിനെ നോക്കിയത്.

സെബാസ്റ്റ്യൻ അനുവിനെ കണ്ടില്ല. വീണ്ടും ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വല്ലാത്ത ഒരു സന്തോഷമായിരുന്നു ആ നിമിഷം ലക്ഷ്മിയിൽ നിറഞ്ഞുനിന്നത്.

താൻ ഇപ്പോൾ ബാലിശമായി ആണ് ചിന്തിക്കുന്നത് എന്ന് ആ നിമിഷം അവൾ അറിയാതെ ഓർത്തു പോയിരുന്നു. പ്രണയം മനുഷ്യനെ അടിമുടി മാറ്റി കളയും എന്നത് ഒരു സത്യം തന്നെയാ…

ഇനിയെങ്കിലും അവനോടുള്ള അവളുടെ അധികാരം കാണിക്കൽ കുറച്ചു കുറയുമല്ലോ എന്നാണ് അവൾ കരുതിയത്.

ജഗ്ഗു കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചതിനുശേഷം ഒന്നും മിണ്ടാതെ ചാടിതുള്ളി അനു അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സമാധാനമായിരുന്നു ആ നിമിഷം ലക്ഷ്മിയിൽ നിറഞ്ഞുനിന്നത്.
പിന്നെ സെബാസ്റ്റ്യൻ അറിയാതെ പോലും ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയിട്ടില്ല. അവളും അങ്ങനെ തന്നേ. അതിനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ലന്ന് പറയുന്നതാണ് സത്യം.

രണ്ടാൾക്കും ചമ്മലും നാണവും ഒക്കെ ആയി. അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഓർത്തപ്പോൾ വീണ്ടും അവൾക്ക് ജാള്ള്യത തോന്നി.

ഭക്ഷണം കഴിച്ച് അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ ചുണ്ടിലൂറിയ ചിരിയോടെ അവനേഴുന്നേറ്റ് പോയപ്പോൾ അവളും ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു. അവന്റെ പ്ലേറ്റും കൂടി എടുത്തുകൊണ്ട് അപ്പുറത്തേക്ക് ചെല്ലുമ്പോൾ ആനി തൊട്ടടുത്ത വീട്ടിലെ ആരോടോ സംസാരിച്ചുകൊണ്ട് വാതിൽ പടിയിൽ ഇരിക്കുകയാണ്.

എല്ലാം മതിയായിരുന്നോ കൊച്ചേ

ആനി അവളോട് ചോദിച്ചപ്പോൾ അവൾ മതി എന്ന് അർത്ഥത്തിൽ തലയാട്ടി. പാത്രം കഴുകി വച്ചുകൊണ്ട് നിന്നപ്പോഴാണ് സാലിയുടെ സംസാരം കേട്ടത്.

സെബാനോട് എന്തോ പറയുന്നതും ആളതിനു മറുപടി പറയുന്നതും ഒക്കെ കേൾക്കാം. പ്ലേറ്റ് കഴുകിവച്ച് ചെന്നപ്പോൾ സാലി ഇങ്ങോട്ട് വരികയാണ്

ഇങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയായിരുന്നോ കൊച്ചേ.?

അവളുടെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു

ഇല്ല, ഉണ്ടായിരുന്നല്ലോ..

സെബാസ്റ്റ്യൻ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ ഉണ്ടല്ലോ എന്നാണ് അവൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.

അമ്മയ്ക്ക് കഴിക്കാൻ എടുക്കട്ടെ..?

അവൾ സാലിയോട് ചോദിച്ചു..

ഇപ്പോൾ വേണ്ട അവന് ഒരു കുപ്പി വെള്ളം എടുത്തു കൊടുക്ക്. അവന് കൊണ്ടുപോകാൻ വെള്ളം വേണന്ന് പറയുന്ന കേട്ടു.

സാലി അവളോട് പറഞ്ഞിട്ട് നേരെ മുറിയിലേക്ക് പോയി. അവൾ അത് കേട്ടപാടെ അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജിൽ ഇരുന്ന ഒരു കുപ്പി വെള്ളവുമായി അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവനെ കാണാനില്ല. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോഴാണ് തങ്ങളുടെ മുറിയിൽ നിൽക്കുന്ന സെബാസ്റ്റ്യനെ കണ്ടത്. അലമാരിയുടെ പുറത്ത് ഉള്ള എന്തോ എടുക്കാൻ വേണ്ടി നിൽക്കുകയാണ്.

പെട്ടെന്ന് അവിടേക്ക് ചെന്നു ദാ വെള്ളം എന്ന് പറഞ്ഞു

ആഹ് അവിടെ വച്ചിട്ട് താൻ കസേരയിൽ ഒന്നു പിടിച്ചേ,
അമ്മച്ചി ഈ പെട്ടിക്കകത്തു നിന്ന് എന്റെ മാമോദിസ സർട്ടിഫിക്കറ്റ് എടുക്കാൻ പറഞ്ഞിരിക്കുകയാണ്

അവൻ പറഞ്ഞപ്പോൾ അവൾ അവൻ നിന്നിരുന്ന കസേരയിൽ ഒന്നു പിടിച്ചിരുന്നു. പെട്ടി അവൻ എടുത്ത് താഴോട്ട് ഇട്ടപ്പോഴേക്കും പൊടി കയറി തുടങ്ങിയ ആ പെട്ടിയിൽ നിന്നും എന്തോ ഒരു കരട് നേരെ വീണത് അവളുടെ കണ്ണിലേക്കാണ്.

കണ്ണ് തിരുമ്മിക്കൊണ്ട് നൽകുന്നത് കണ്ടാണ് അവൻ അത് ശ്രദ്ധിച്ചത്.

എന്നാ പറ്റി കരട് പോയോ, ആ പെട്ടി മൊത്തം പൊടിയായിരുന്നു. ഞാൻ അത് ശ്രദ്ധിച്ചുമില്ല

അവൻ പറഞ്ഞു

എന്തോ പോയി, നീറുന്നുണ്ട്

അവൾ പറഞ്ഞു,

കഴുകാം കുഴപ്പമില്ല

അവള് കണ്ണ് തിരുമി പറഞ്ഞു

തിരുമ്മാതെ… തിരുമ്മിയാൽ അത് മാറുകയില്ല. ഞാൻ നോക്കാം.!

അവൾക്ക് അഭിമുഖമായി നിന്നുകൊണ്ട് അവൻ പതിയെ അവളുടെ കണ്ണ് തുറക്കാൻ ശ്രമിച്ചു. കൺപീലികൾ രണ്ടും വിടർത്തി അവൻ അവളുടെ കണ്ണിൽ ശക്തമായി അവൻ ഊതി

അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾ മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ… കണ്ണിൽ കൂടി കണ്ണുനീരും വരുന്നുണ്ട്. ഒന്നുകൂടി ശക്തമായി ഊതിയപ്പോൾ അവൾക്ക് കണ്ണുതുറക്കാം എന്ന നിലയായി…

കണ്ണ് തുറന്നപ്പോൾ തന്റെ അരികിൽ ഒരു വിരൽ ദൂരത്തിനപ്പുറം അവൻ. ആ മുഖം അത്രയും അടുത്ത് ആദ്യമായി കാണുകയാണ് അവൾ. അവന്റെ മുഖത്തേക്ക് തന്നെ അവൾ ഒന്നു സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അർച്ചന പറഞ്ഞ കാര്യങ്ങളൊക്കെയാണ് മനസ്സിലേക്ക് വന്നത് .

ആളൊരു ഒരു കൊച്ചു സുന്ദരൻ തന്നെയാണ്! ആർക്കും കണ്ടാൽ ഇഷ്ടമാകുന്ന മുഖം. ചുവന്ന ചുണ്ടുകളും കട്ടി താടിയും മീശയും കവിളിൽ വിരിയുന്ന ചുഴിയും ഒക്കെയായി ഒരു സുന്ദരൻ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ആരാധന തോന്നുന്ന മുഖഭാവമാണ്. അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നവളെ കണ്ടപ്പോൾ അവനും ചിരി വന്നിരുന്നു..

കരട് പോയോ…?

അവൻ ചോദിച്ചു,

അവൾ തലയാട്ടിക്കൊണ്ട് പിന്മാറി…

വൈകിട്ട് എപ്പോഴാ വരുന്നേ.?

അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

7 മണി കഴിഞ്ഞിട്ടേ വരു,

അവൾ തലയാട്ടി കാണിച്ചു.

വെള്ളം അവിടെ വച്ചിട്ടുണ്ട്..

അതും പറഞ്ഞു അവൾ പോകാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു.

ആ തഴമ്പുള്ള കൈതലങ്ങളുടെ ശക്തി അവൾ അറിഞ്ഞു. അവന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ കുസൃതിയാണ്.! അവൾ എന്താന്ന അർത്ഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.

അടുത്താഴ്ച കല്യാണമാ…!

അവനത് പറഞ്ഞപ്പോഴേക്കും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.

ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എങ്കിലും ചോദിച്ചില്ലെന്ന് പിന്നെ തോന്നരുതല്ലോ, ഇഷ്ടമല്ലേ എന്നേ ..?

അവളുടെ കണ്ണിലേക്ക് നോക്കിയായിരുന്നു ആ ചോദ്യം.

അറിയില്ലേ..? സംശയം ഉണ്ടോ.?

ഒട്ടും ആലോചിക്കാതെ മറു ചോദ്യമായിരുന്നു അതിനുള്ള മറുപടി.

അവൻ ഇല്ല എന്ന അർത്ഥത്തിൽ ചലിപ്പിച്ചു….

എങ്കിലും മറുപടി പറ, ഈ നാവുകൊണ്ട് കേൾക്കാൻ വേണ്ടി..

കൊച്ചുകുട്ടികളെ പോലെ കൊഞ്ചി പറഞ്ഞവൻ.

ഇഷ്ടമാണ്…. ഒരുപാട്, ഒരുപാട് ഇഷ്ടമാണ്.!

അവന്റെ കണ്ണുകളിൽ നോക്കിയായിരുന്നു അവളുടെ മറുപടി. പെട്ടെന്ന് അവന്റെ ചൊടിയിൽ ഒരു ചിരി വിടർന്നു..

അവളുടെ കൈകളിൽ നിന്നവൻ കയ്യെടുത്തു. തിരികെ പോകാൻ തുടങ്ങിയവന്റെ കൈയിൽ അവൾ പിടുത്തമിട്ടു..

എന്നെയോ….?

മറു ചോദ്യം ചോദിച്ചവൾ.

എന്നേ എത്ര ഇഷ്ടാണോ അതിലും ഇരട്ടി…

കണ്ണ് ചിമ്മി പറഞ്ഞവൻ.. അവൾ ഒന്ന് ചിരിച്ചു.

പോട്ടെ…

അവളോട് യാത്രപറഞ്ഞ് അവൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… അപരിചിതനായ ഒരുവൻ പ്രിയപ്പെട്ടവൻ ആകുന്ന ഒരു അനുഭൂതി.! …തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!