തണൽ തേടി: ഭാഗം 55

എഴുത്തുകാരി: റിൻസി പ്രിൻസ്
സണ്ണി ചാച്ചനും കുറച്ചു ബന്ധുക്കളും എല്ലാം തൊട്ടപ്പുറത്ത് ഒരു കുപ്പിയുമായി കൂടിയിട്ടുണ്ട്.
തിരക്കിനിടയിൽ പലരും ലക്ഷ്മിയെ നോക്കി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ ചിരിച്ചുകൊണ്ട് പരിചയപ്പെടാൻ വരുന്നുണ്ട്. ലൈറ്റ് പീച്ച് നിറത്തിലുള്ള ഒരു സാരി ആയിരുന്നു അവളുടെ വേഷം. അതീവ സുന്ദരിയായി തന്നെ അവളെ കാണപ്പെട്ടിരുന്നു. മുടി ആയിരം പിന്നൽ ഇട്ട് മുത്തുകൾ പിടിപ്പിച്ചിരിക്കുക ആയിരുന്നു.
അർച്ചനയുടെ ഒരു സുഹൃത്താണ് ബ്യൂട്ടീഷൻ ചെയ്യുന്നത്. സെബാസ്റ്റ്യനും ലക്ഷ്മിയും നേരിട്ട് പോയി തന്നെ അർച്ചനയേ കല്യാണത്തിന് വിളിച്ചിരുന്നു.
അതുകൊണ്ട് തലേദിവസം തന്നെ അർച്ചന എത്തിയിട്ടുണ്ട്.. അത് ലക്ഷ്മിക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇല്ലെങ്കിൽ പരിചയമില്ലാത്ത ആളുകൾക്കിടയിൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന് അവൾക്കൊരു സംശയം ഉണ്ടായിരുന്നു.
ആരുമില്ലാതിരുന്ന സമയം നോക്കി സെബാസ്റ്റ്യൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു.
ആ പുറകിലെ വാഴ തോപ്പിലേക്ക് ഒന്ന് വരാമോ..?
രഹസ്യമായി അവളോട് ചോദിച്ചവൻ.. ശേഷം കണ്ണുകൾ കൊണ്ട് താൻ അവിടെ ഉണ്ടാകുമെന്ന് ആംഗ്യം കാണിച്ച പോവുകയും ചെയ്തു. ഒരുവിധത്തിലാണ് അർച്ചനയുടെ അരികിൽ നിന്നും ബാത്റൂമിൽ പോകാൻ ആണെന്ന് പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങിയത്. അവിടെ ചെന്നപ്പോൾ ആളെ കാണുന്നില്ല ഇനി വന്നില്ലെന്ന് ഓർത്ത് തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് കയ്യിൽ ഒരു പിടുത്തം വീണത്.
ഒറ്റ വലിക്ക് ആളൊരു വാഴയുടെ ചുവട്ടിലേക്ക് നീക്കി നിർത്തിയിരുന്നു പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല. നിലാവിന്റെ വെട്ടത്തിൽ അതിലും പ്രഭയോടെ ആ മുഖം അവൾക്ക് കാണാം പെട്ടെന്ന് ഒരു നാണം തോന്നിയ മുഖം താഴ്ത്തി അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു
എന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. ഞാനിന്ന് കുറച്ച് കുടിക്കും കേട്ടോ, അതുകൊണ്ട് കുറച്ചുകഴിഞ്ഞ് കാണാൻ പറ്റില്ല. അതിനുമുമ്പു കാണാന്ന് കരുതി ഇറങ്ങിയതാ…
അവന്റെ മുഖത്തേക്ക് തന്നെ അവൾ ഉറ്റുനോക്കി. ഒരു ചാണകപ്പച്ച നിറത്തിലുള്ള ഷർട്ടും അതിന്റെ അതേ കരയിലുള്ള മുണ്ടും ആണ് ആളുടെ വേഷം മുണ്ട് മടക്കി കുത്തിയിരിക്കുകയാണ്. ഷർട്ട് വിയർത്തിരിക്കുന്നു ആള് നല്ല ഓട്ടത്തിലായിരുന്നു എന്ന് അത് കാണുമ്പോൾ തന്നെ അറിയാം
ഒരുപാട് ഒന്നും വേണ്ടട്ടോ…
മറ്റെവിടെയോ നോക്കിയാണ് അവൾ മറുപടി പറഞ്ഞത്.
അവൻ ഒന്ന് ചിരിച്ചു
ഞാൻ അങ്ങനെ ഒരുപാട് ഒന്നും കഴിക്കുന്ന കൂട്ടത്തിൽ അല്ല. നമുക്കൊരു ലിമിറ്റ് ഉണ്ടല്ലോ.
അവൾ ഒന്ന് ചിരിച്ചു..
ഹാപ്പി അല്ലെ..?
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി ചോദിച്ചു.. ചിരിച്ചുകൊണ്ട് അവൾ തലയാട്ടി.
അല്പം ചരിവുള്ള ഒരു ഭാഗത്തായി കയറിയാണ് സെബാസ്റ്റ്യൻ നിന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് എന്തോ പറഞ്ഞു തിരിഞ്ഞപ്പോൾ അവന്റെ കാലൊന്ന് സ്ലിപ്പായി. അവൻ അവളെ പിടിച്ചുകൊണ്ടാണ് താങ്ങി നിന്നത്.
അവളുടെ ഇടുപ്പിൽ പെട്ടെന്ന് കൈ വീണു. സാരി ഉടുത്തതു കൊണ്ട് തന്നെ അവളുടെ വയറിൽ ആണ് പിടുത്തം കിട്ടിയത്. അവന്റെ തഴമ്പിച്ച കൈകളുടെ മുറുക്കം അവൾ അറിഞ്ഞു.
ഒരു നിമിഷം അവളും വല്ലാതെ ആയി. അവനും വല്ലാത്തൊരു അവസ്ഥയിലായി.
സോറി ഞാൻ അറിഞ്ഞിട്ടല്ല…
പെട്ടെന്ന് വീഴാൻ പോയപ്പോൾ അവൻ ക്ഷമാപണം പോലെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
അവൾ തലയാട്ടി കാണിച്ചു വീഴാതിരിക്കാൻ അവന്റെ ഷർട്ടിന്റെ പുറകിൽ അവളും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു
.
സെബാനെ…..നീ ഇവിടെ എന്തെടുക്കുവാ.?
അതും ചോദിച്ചു കൊണ്ട് വന്ന ശിവൻ കാണുന്നത് ഈ രംഗമാണ്. ശിവനെ കണ്ടപ്പോഴേക്കും പെട്ടെന്ന് സെബാസ്റ്റ്യൻ അവളുടെ ശരീരത്തിൽ നിന്നും കയ്യെടുത്തിരുന്നു.
അവളും അവനിൽ നിന്നും അകന്നു മാറി..
നിന്നെ ഞാൻ എവിടൊക്കെ നോക്കി സെബാനെ….
രംഗം മയപെടുത്താനായി അവളെ ഒന്ന് ചിരിച്ചു കാണിച്ചതിനു ശേഷം ശിവൻ പറഞ്ഞു
ഞാൻ പോവാണേ….
അവളോട് അവൻ അത്രയും പറഞ്ഞു ശിവനോടൊപ്പം നടന്നിരുന്നു. അവൾക്കും ചമ്മല് തോന്നി.
ആദ്യമൊക്കെ എന്തായിരുന്നു, കല്യാണം വേണ്ട ഞാൻ അങ്ങനെയൊന്നും ആ കുട്ടിയെ കണ്ടിട്ടില്ല എന്നിട്ടിപ്പോ വാഴത്തോട്ടത്തിൽ കെട്ടിപ്പിടുത്തം അല്ലേടാ,
അവനെ നോക്കി ശിവൻ ചോദിച്ചു.
അണ്ണാ നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല.
സെബാസ്റ്റ്യൻ മറുപടി പറഞ്ഞു
എടാ നാളെ നിന്റെ കല്യാണം അല്ലേ, അതുവരെ ഒന്ന് ക്ഷമിക്കാൻ വയ്യേ നിനക്ക്.
ശിവൻ ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ അയ്യടാന്നായി പോയി
പുറകുവശത്തെ അടുക്കള വാതിലിൽ കൂടി അകത്തേക്ക് കയറി പോയിരുന്നു ആ നിമിഷം ലക്ഷ്മി.
അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി.
മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…