തണൽ തേടി: ഭാഗം 61

എഴുത്തുകാരി: റിൻസി പ്രിൻസ്
ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന്
പേരുകൾ എഴുതിയ മോതിരങ്ങൾ കൂടി പരസ്പരം ഇരുവരും പങ്കുവെച്ചു. മറിയ എന്ന പേരിട്ടുകൊണ്ട് മോതിരം എഴുതിയാൽ മതിയെന്ന് വീട്ടിൽ എല്ലാവരും പറഞ്ഞപ്പോൾ പേര് ലക്ഷ്മി എന്ന് തന്നെ മതിയെന്ന് നിർബന്ധിച്ചത് സെബാസ്റ്റ്യൻ ആണ്. ശരിക്കും അവൾ ആഗ്രഹിച്ചതും അതുതന്നെയായിരിക്കും എന്ന് അവൻ അറിയാമായിരുന്നു.
പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുറച്ച് അധികം ആളുകൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കേണ്ടതായി വന്നിരുന്നു. ബന്ധുക്കൾ ഒക്കെ അരികിൽ വരുമ്പോൾ എല്ലാവരെയും അവൻ ലക്ഷ്മിക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
സിമിയും ജോജിയും സെബാസ്റ്റ്യന്റെ കയ്യിലേക്ക് ഒരു ചെയിനാണ് ഇട്ടുകൊടുത്തത്. ബസ്സിലെ സുഹൃത്തുക്കൾ എല്ലാവരും കൂടി ചേർന്ന് അവന്റെ കയ്യിൽ ഒരു മോതിരം അണിഞ്ഞു കൊടുത്തിരുന്നു. അതല്ലാതെ ശിവനും സന്ധ്യയും ഒരു മോതിരം അവന് സമ്മാനിച്ചിരുന്നു. ബസ്സിന്റെ ഓണർ ആയ സാബു ഒരു പവന്റെ ഒരു മാലയാണ് സെബാസ്റ്റ്യന് സമ്മാനിച്ചത്.
തന്റെ ജോലിക്കാരിൽ അയാൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സെബാസ്റ്റ്യനോടാണ്.. അതിന്റെ പ്രധാന കാരണം അവൻ ആത്മാർത്ഥമായി ജോലി ചെയ്യും എന്നതുപോലെ വിശ്വസിക്കാൻ കൊള്ളാവുന്നതാണ് എന്നതുമാണ്. ബസ്സിൽ ജോലി ചെയ്യുന്ന പലരും തന്നോട് പലതരത്തിലും കള്ളതരങ്ങൾ കാണിക്കാറുണ്ട്.. എന്നാൽ സെബാസ്റ്റ്യൻ എല്ലാകാര്യത്തിലും വിശ്വസ്തനാണ്. പലപ്പോഴും പൈസയുടെ കാര്യങ്ങൾ പോലും ഏൽപ്പിക്കുന്നത് അവനെയാണ്.
സണ്ണിയും ആനിയും ഇട്ടു ഒരു മോതിരം. എല്ലാവർക്കും ഭക്ഷണം ആയി ഒരുക്കിയിരുന്നത് ബീഫ് ബിരിയാണി ആയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ബസ്സിലെ സുഹൃത്തുക്കൾ വക ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. അവനും ലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം ഒരു മൺചട്ടിയിലാണ് അവർ കൊണ്ടുവന്ന് തന്നത്. ശേഷം അതിന്റെ വീഡിയോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു.
സിമിയും സിനിയും അർച്ചനയും കൂടി ചേർന്നാണ് രണ്ടാം സാരി ഉടുക്കാൻ സഹായിച്ചത്. ചില്ലി റെഡ് നിറത്തിലുള്ള സാരിയ്ക്ക് മാച്ച് ചെയ്യുന്ന നിറത്തിലുള്ള കുർത്തയും അതേ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. ആ വേഷത്തിൽ കണ്ടപ്പോൾ അവനെ ഒരു തനി അച്ചായനായി തന്നെയാണ് അവൾക്ക് തോന്നിയത്.
ആ ഡ്രസ്സിൽ കുറച്ചുകൂടി അവന്റെ സൗന്ദര്യം വർധിച്ചത് പോലെ… നിറമൊക്കെ നന്നായി എടുത്തു കാണാനുണ്ട്. കല്യാണത്തിന് അനുവും വീട്ടുകാരും എത്തിയിരുന്നു. അനുവിന്റെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിട്ടുണ്ട്. താനെന്ത് ചെയ്തിട്ടാണോ ആവോ.? അവൾക്ക് അനുവിന്റെ മുഖം കണ്ടപ്പോൾ ചിരി വന്നു പോയിരുന്നു.
പള്ളിയിലെ പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ അവിടെയും ബന്ധുക്കളുടെ ബഹളമായിരുന്നു. കുരിശു വരച്ച് ബൈബിളും തന്ന് ലക്ഷ്മിയെ സാലി അകത്തേക്ക് കയറ്റിയപ്പോൾ അമ്മായിയമ്മയ്ക്ക് വള ഇടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ എന്ന് കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടിരുന്നു. പെട്ടെന്ന് ലക്ഷ്മിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. അവൾ നിസ്സഹായതയോടെ സെബാസ്റ്റ്യനെ നോക്കിയപ്പോൾ അവൻ ഒന്നുമില്ലാ എന്ന് കണ്ണടച്ചു കാണിച്ചു.
അമ്മായിഅമ്മയ്ക്ക് വള വേണ്ടന്ന്, മരുമോൾ അല്ലല്ലോ മോൻ അല്ലേ അമ്മച്ചിക്ക് വള കൊടുക്കേണ്ടത്. സെബാസ്റ്റ്യൻ പറഞ്ഞു
ഇത് പെട്ടെന്ന് നടത്തിയ ഒരു കല്യാണമല്ലേ, മാത്രമല്ല ആ കൊച്ചിന്റെ വീട്ടുകാർ ഒക്കെ സമ്മതിച്ചു നടത്തുമായിരുന്നെങ്കിൽ എന്താണെങ്കിലും അങ്ങനെയൊരു ചടങ്ങ് ഒഴിവാക്കുമായിരുന്നില്ല, എനിക്കിനി സ്വർണ്ണം ഇട്ട് നടക്കാത്ത കുറവേ ഉള്ളു
സാലി പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം ലക്ഷ്മിക്കു തോന്നിയിരുന്നു. ഈ കുടുംബത്തിലുള്ളവർ തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ അതിൽ കൂടുതൽ എന്താണ് വേണ്ടത്.?
അകത്തേക്ക് കയറിയതും ചെറുക്കനും പെണ്ണിനും മധുരം കൊടുക്കുന്നതൊക്കെ ആയിരുന്നു പിന്നീടുള്ള ചടങ്ങ്. എല്ലാം കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി ക്ഷീണിച്ചു പോയിരുന്നു. സെബാസ്റ്റ്യൻ വിയർത്തു തുടങ്ങിയിട്ടുണ്ട്. ആളുകൾ ഇങ്ങനെ നോക്കുന്നതും ചുറ്റും കൂടി നിൽക്കുന്നതും ഒന്നും അവൻ ഇഷ്ടമാവുന്നില്ലന്ന് ആ മുഖഭാവത്തിൽ നിന്നും ലക്ഷ്മിക്കും മനസ്സിലായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ സിമിയാണ് അവളെയും കൂട്ടികൊണ്ട് പുതിയ മുറിയിലേക്ക് പോയത്. സെബാസ്റ്റ്യൻ അപ്പോഴേക്കും സുഹൃത്തുക്കൾക്കും ഒപ്പം പുറത്തേക്കു പോയിരുന്നു.
നമുക്ക് സാധാരണ ഡ്രസ്സ് ഇടാം ഇനിയിപ്പോ അയൽവക്കത്തുള്ള കുറച്ച് പേരൊക്കെ വരത്തുള്ളൂ. സിമി പറഞ്ഞു
കുഞ്ഞിവിടെ.? ലക്ഷ്മി ചോദിച്ചു
അമ്മച്ചിയുടെ കൈയ്യിൽ ഉണ്ട്
ചേച്ചി ഇന്ന് പോകുമോ.?
ഇന്ന് പോണം, കാരണം ഇവിടെ എല്ലാവർക്കും കൂടി കിടക്കാൻ ഒന്നും സ്ഥലമില്ലല്ലോ. പിന്നെ ജോജിച്ചായനും കൂടി ഉള്ളതുകൊണ്ട് പോയേ പറ്റൂ ലക്ഷ്മി.
ചിരിയോടെ സിമി പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. ലക്ഷ്മി ഒന്ന് കുളിക്ക്. എന്നിട്ട് ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ
ഇതൊന്ന് അഴിക്കാൻ ഹെൽപ് ചെയ്യാമോ
സാരിയിലേക്ക് നോക്കിക്കൊണ്ട് ലക്ഷ്മി ചോദിച്ചു.
എന്നിട്ടേ ഞാൻ പോകു, ഞാൻ തോർത്ത് എടുക്കാൻ വേണ്ടി പോയതാ. ഇപ്പൊ വരാം.
സിമി അതും പറഞ്ഞു പോയപ്പോൾ ആശ്വാസം തോന്നിയിരുന്നു.
എല്ലാം അഴിച്ചത് സിമിയും കൂടി ചേർന്നാണ്. അതുകഴിഞ്ഞ് അവൾ കുളിക്കാൻ കയറിയപ്പോഴേക്കും പുറത്ത് അർച്ചന കാത്തു നിൽക്കുന്നുണ്ട്. ഇന്നലെ ഒരു സമയത്ത് വന്നതാണവൾ.. അവൾ പോവുകയാണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു വിഷമം തോന്നിയെങ്കിലും ഇനി അവളെ ഇവിടെ പിടിച്ചുനിർത്തുന്നത് ശരിയല്ലെന്ന് തോന്നി. അതോടെ അർച്ചന യാത്ര പറഞ്ഞ് ഇറങ്ങി.
സെബാസ്റ്റ്യനെ കാണാനായി നടന്നപ്പോൾ അവൻ സുഹൃത്തുക്കളോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
ചേട്ടാ ഞാൻ പോവാ,
അവന്റെ മുഖത്തേക്ക് നോക്കി അർച്ചന പറഞ്ഞു.
എങ്ങനെ..?
ബസിനു പോകാം
അയ്യോ വേണ്ട, ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടു വിടാം.
അയ്യോ ചേട്ട കുഴപ്പമില്ല ഞാൻ പൊയ്ക്കോളാം.
അർച്ചന പറഞ്ഞു
എല്ലാം ലക്ഷ്മി കാണുന്നുണ്ടായിരുന്നു അവൾക്ക് ആശ്വാസം തോന്നി. അവളെ ഈ സന്ധ്യാസമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ല എന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു. പിന്നെ തിരക്കിനിടയിൽ എങ്ങനെയാണ് സെബാസ്റ്റ്യനോട് പറയുന്നത് എന്ന് കരുതിയാണ് പറയാതിരുന്നത്. അവൻ തന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചപ്പോൾ ലക്ഷ്മിക്ക് വല്ലാത്ത സമാധാനം ഉണ്ടായിരുന്നു.
അത് സാരമില്ല ഞാൻ കൊണ്ടു വിടാം. ഞാനിപ്പോ വരാം..
ചാവി എടുക്കാൻ അകത്തേക്ക് പോയപ്പോൾ അതും നീട്ടി ലക്ഷ്മി അവിടെ നിൽപ്പുണ്ടായിരുന്നു.
കുളിയൊക്കെ കഴിഞ്ഞൊ അവളെ നോക്കി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.
ഞാൻ കൂട്ടുകാരിയേ ഒന്ന് കൊണ്ടുവിട്ടിട്ട് വരാം. ഈ സമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ. ഞാനോർത്തു ഇന്നിവിടെ കാണുമെന്ന് അതുകൊണ്ടാ ചോദിക്കാഞ്ഞത്
ലക്ഷ്മിയോട് വിശദീകരണം പോലെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു കാണിച്ചിരുന്നു.
പെട്ടെന്ന് അവൻ വണ്ടിയെടുത്ത് അർച്ചനയെ നോക്കിയപ്പോഴേക്കും അവൾ പിന്നിലേക്ക് കയറിയിരുന്നു. ലക്ഷ്മിയെ നോക്കി കൈവീശി കാണിച്ച് വണ്ടിയിലേക്ക് കയറി. രണ്ടുപേരും പോകുന്നത് കണ്ടു തിരികെ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മുറിയിലിരുന്ന് പ്രായമായ ഒരു അമ്മമ്മ ആനിയോട് പറയുന്നത് ലക്ഷ്മി അവിചാരിതമായി കേട്ടത്.
വേറൊരു കല്യാണം നടക്കായിരുന്നെങ്കിൽ ഈ ചെറുക്കന് എന്തൊക്കെ കിട്ടിയേനെ, അലമാരി വാഷിംഗ് മെഷീന് സ്വർണ്ണം. ഇതിപ്പോ പ്രേമിച്ചു കെട്ടിയതുകൊണ്ട് എന്താ പറ്റിയത് ഒന്നും കിട്ടിയില്ല. എന്ന് മാത്രമല്ല ബന്ധു ബലം പോലുമില്ല. ആ പെണ്ണിന്റെ ഭാഗത്തു നിന്ന് ആരുണ്ടായിരുന്നില്ലല്ലോ.
അങ്ങനെ അല്ല അമ്മാമ്മേ, അവരുടെ വീട്ടിൽ സ്ഥിതി ഉള്ളോരാ. അവളുടെ കയ്യിലും കാലിലും കഴുത്തിലും ഒക്കെ സ്വർണ്ണം ഉണ്ടായിരുന്നു. അവർക്ക് ഈ കല്യാണത്തിന് സമ്മതം അല്ലായിരുന്നു. ഒരു ബസ് ഡ്രൈവറെ കൊണ്ട് അവരുടെ കൊച്ചിനെ കെട്ടിക്കാൻ അവർക്ക് താൽപര്യം തോന്നുമോ.? അതും വേറെ ജാതിക്കാരൻ.
ആനി ലക്ഷ്മിയുടെ പക്ഷം പറഞ്ഞുകൊണ്ട് സംസാരിച്ചു.
ആഹാ അവന് എന്നതാ കുഴപ്പം.? നമ്മുടെ ഈ നാട്ടിലുണ്ടോ ഇതേപോലെ നല്ലൊരു ചെറുക്കൻ. എന്തൊരു നല്ല സ്വഭാവം ആണ്. എല്ലാം പോട്ടെ അവനെത്രാമത്തെ വയസ്സ് മുതൽ വീട് നോക്കാൻ തുടങ്ങിയത് ആണ്. കുടുംബം നന്നായിട്ട് നോക്കാൻ പറ്റുന്നുണ്ടോ എന്നത് ആണ് ആമ്പിള്ളേരുടെ ഏറ്റവും വലിയ ഗുണം. അത് അവനുണ്ട് അതിൽ കൂടുതൽ എന്ത് സ്വഭാവാ വേണ്ടത്.? ആ പെണ്ണിന് തപസ്സിരുന്നാൽ ഇതേപോലെ നല്ലൊരു ചെറുക്കനെ കിട്ടുമോ.? പിന്നെ അവളുടെ വീട്ടുകാര് ഇത്രയും വലിയ ഉരുക്കം കാണിക്കുന്നത് എന്തോന്നിനാ.
അമ്മാമ്മയ്ക്ക് സെബാസ്റ്റ്യനേ പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നു.
അവന്റെ ചിരിക്ക് കൊടുക്കണം പൈസ ഇങ്ങോട്ട്,
അതൊക്കെ ശരിയാ, എങ്കിലും ആ കൊച്ചിന്റെ അപ്പനെ ഗൾഫിലോ മറ്റോ ആണ്. നല്ല സ്ഥിതിയുള്ളവർ ആയിരിക്കും. അവർ എന്താണെങ്കിലും ഒരു ബസ് ഡ്രൈവറെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഒന്നുമായില്ലല്ലോ ഉദ്ദേശിച്ചിട്ടുണ്ടാവുന്നത്.
ഇതാ പറയുന്നത് അവനവന്റെ കൊക്കിലൊതുങ്ങുന്നതേ കൊത്താവു എന്ന്. ഇവനീ വലിയ വീട്ടിലെ പെണ്ണിനെ കേറി പ്രേമിച്ചത് എന്തിനാ
അമ്മാമ്മയ്ക്ക് സംശയം തീർന്നില്ല.
ബസ്സിൽ എങ്ങാണ്ട് കയറി തുടങ്ങിയ പരിചയമാ. അവനെ നമുക്ക് അറിയത്തില്ലേ.? അവൻ അങ്ങനെ എല്ലാവരോടും മിണ്ടിയും പറഞ്ഞും ഒന്നും ശീലം ഉള്ളതല്ല. ഈ കൊച്ചും ഒരു പാവം ആണ്. എങ്ങനെയോ ഇഷ്ടപ്പെട്ടു പോയതാ. പിന്നെ ഒരു കാര്യമാ ഇന്നത്തെ കാലത്തെ പെമ്പിള്ളേരൊക്കെ നല്ല ജോലിയുള്ള ചെറുക്കന്മാരെ മാത്രമേ കല്യാണം കഴിക്കുവെന്നും പറഞ്ഞാരിക്കുന്നത് അല്ലേ.? ആ സ്ഥാനത്ത് വീട്ടിൽ ഇത്രയും പ്രശ്നം നടന്നിട്ടും കല്യാണ തലേന്ന് തന്നെ ആ പെൺകൊച്ച് ഇറങ്ങി വന്നില്ലേ, ഇവന്റെ കൂടെ ജീവിക്കത്തൊള്ളൂ എന്നും പറഞ്ഞു അതൊരു വലിയ കാര്യമല്ലേ.
ലക്ഷ്മിയുടെ പക്ഷം പിടിച്ചു പിന്നെയും ആനി പറഞ്ഞു
കൂടുതൽ കേട്ട് നിൽക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അവൾ നേരെ മുറിയിലേക്ക് പോയി. ആലോചിച്ചപ്പോൾ സെബാസ്റ്റ്യനേ പോലെ ഒരാളെ കിട്ടിയത് തന്റെ ഭാഗ്യം തന്നെയാണ്. പക്ഷേ തന്റെ വീട്ടുകാരുടെ അസാന്നിധ്യം ഇവിടെ പല ബന്ധുക്കളെയും ചോടിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.
അവരൊക്കെ വിശ്വസിക്കുന്നതുപോലെ താനും സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിൽ താൻ വീട്ടുകാരെ ഉപേക്ഷിച്ചു അവനുവേണ്ടി ഇറങ്ങിവരുമായിരുന്നോ.? ഇങ്ങനെ ഒരു പ്രതിസന്ധി ഇല്ലാരുന്നു എങ്കിൽ.? അവൾ ഒരു നിമിഷം ചിന്തിച്ചു നോക്കി. ഇത്രത്തോളം സ്നേഹിക്കുന്ന ഒരുവനുവേണ്ടി എങ്ങനെയാണ് ഇറങ്ങി വരാതിരിക്കുന്നത്.?
ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…