തണൽ തേടി: ഭാഗം 62

എഴുത്തുകാരി: റിൻസി പ്രിൻസ്
ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി
ബന്ധുക്കളുടെ എണ്ണം ഇതിനിടയിൽ കുറഞ്ഞു വരുന്നുണ്ടായിരുന്നു. പലരും യാത്ര പറഞ്ഞ് തിരികെ പോകാൻ തുടങ്ങി.
പോകുന്നവരിൽ പലരും മുറിയിൽ വന്ന് ലക്ഷ്മിയെ കണ്ടു യാത്രയൊക്കെ പറഞ്ഞാണ് പോകുന്നത് ഇടയ്ക്ക് സിമി വന്നു ഒറ്റയ്ക്കല്ല എന്ന് അറിയിക്കുന്നതുപോലെ അരികിൽ വന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചിട്ട് പോകും. അതിനിടയിൽ സിമി കുഞ്ഞിനെ കൂടി തന്റെ കയ്യിൽ കൊണ്ട് തന്നു.
ഇവിടെ വന്നപ്പോൾ മുതൽ അവൾ ഒരുപാട് കൊതിപ്പിച്ചതാണ്. ഒന്ന് എടുക്കാൻവല്ലാത്ത കോതി ആയിരുന്നു. കുറച്ച് സമയം അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവൾക്കൊപ്പം ഇരുന്ന് കളിക്കുകയായിരുന്നു ചെയ്തത്.
അപ്പോഴാണ് വിയർത്തു കുതിർന്ന് ഒരാൾ മുറിയിലേക്ക് കടന്നു വരുന്നത്. പെട്ടെന്ന് ലക്ഷ്മിയേ മുറിയിൽ കണ്ടപ്പോൾ അവനോന്ന് ചിരിച്ചു കാണിച്ചു.
ഞാൻ വിചാരിച്ചു പുറത്ത് ആയിരിക്കും എന്ന്. കൂട്ടുകാരിയെ സേഫ് ആയി വീട്ടിൽ കൊണ്ട് വിട്ടു. ഈ സൺഡേ പുള്ളിക്കാരി ഒരു വിരുന്ന് ഓഫർ ചെയ്തിട്ടുണ്ട്.
ആണോ.?
അതെന്നെ
എന്നിട്ട് എന്ത് പറഞ്ഞു..?
ഓക്കേ പറഞ്ഞിട്ടുണ്ട്. സിനി എന്റെ ഡ്രസ്സ് ഒക്കെ ഇങ്ങോട്ട് മാറ്റി എന്ന് തോന്നുന്നു. കുളിക്കാൻ ആയിട്ട് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. ആകെ മടുത്തു പോയി. ഒന്ന് കുളിച്ചില്ലെങ്കിൽ ശരിയാവില്ല.
അലമാര തുറന്നു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ അത് കാര്യമാക്കേണ്ട. പല ആളുകളല്ലേ പലതരത്തിലുള്ള ചിന്താഗതികളാണ്. പിന്നെ എല്ലാരും പഴയ ആൾക്കാർ ഒക്കെ അല്ലേ.?
അലമാരിയിൽ നിന്നും ഡ്രസ്സ് എടുത്ത് തോളിലേക്കിട്ട് അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.
എന്നാ പറ്റി പെട്ടെന്നൊരു മൂഡ് ഓഫ് പോലെ..?
അവളുടെ മുഖം കണ്ട് മനസ്സ് മനസ്സിലാക്കിയത് പോലെ അവൻ ചോദിച്ചു..
ഒന്നുമില്ല
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അവരൊക്കെ അങ്ങനെ പറഞ്ഞത് വിചാരിച്ചിട്ടാണെങ്കിൽ ഞാൻ പറഞ്ഞില്ലേ അത് കാര്യം ആയിട്ട് എടുക്കണ്ട. ഈ വന്നവരൊന്നും അല്ല ഇവിടെ താമസിക്കേണ്ടത്, അത് നമ്മളൊക്കെയല്ലേ. അമ്മച്ചിക്കൊക്കെ തന്നോട് വലിയ കാര്യം ആണ്. അതുകൊണ്ട് മറ്റൊന്നും ഓർത്ത് വിഷമിക്കേണ്ട.
എങ്ങനെ തന്നെ ആശ്വസിപ്പിക്കും എന്ന് അറിയാതെ നിൽക്കുകയാണ് ആൾ.
അവള് ചിരിച്ചുകൊണ്ട് തലയാട്ടി.
കുറച്ചു കൂട്ടുകാരുണ്ട് എന്തുവന്നാലും കട്ടക്ക് നിൽക്കുന്നവരാണ്. അവരെ ഒന്ന് പറഞ്ഞു വിട്ടിട്ട് വരാം.
അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മാത്രം അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..
ഇന്നലത്തെ പോലാണോ വരാൻ പോകുന്നത്.? അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..
ഹേയ് കല്യാണം ആയിട്ട് ഇന്ന് കുടിക്കാനോ.? അതൊന്നുമില്ല! അവന്മാരെ ഒന്ന് ഡീൽ ചെയ്തിട്ട് വരാമെന്നാ ഉദ്ദേശിച്ചത്. ഞാനൊന്നും കഴിക്കില്ല. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ ആ ദിവസത്തിന്റെ ഭംഗി അങ്ങനെ കളയാനും മാത്രം ഒരു ബോറൻ ഒന്നുമല്ല ഞാൻ. അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ ഏറെ ആർദ്രമായിരുന്നു ആ സ്വരം..
അവൾക്ക് ആ നിമിഷം അവന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് വെറുതെ നോക്കിയിരിക്കാൻ ആണ് തോന്നിയത്. തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നവളെ കണ്ട് മനസ്സിലാവാതെ അവൻ വിരൽ ഞൊടിച്ചു വിളിച്ചു.
എന്താണ് സ്വപ്നം കാണാണോ..? പെട്ടെന്ന് അബദ്ധം പിണഞ്ഞത് പോലെ അവളൊന്നു ചിരിച്ചു.
അല്ല, കുഞ്ഞ് ഉറങ്ങി ഞാൻ അതിനെപ്പറ്റി ആലോചിച്ചതാ. ബെഡിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ.
അവൻ അവളെ മനസ്സിലായി എന്ന് അർത്ഥം വരുന്നതുപോലെ ഒന്ന് തലയാട്ടി. പെട്ടെന്നാണ് അവളുടെ മാറിൽ താൻ കെട്ടിക്കൊടുത്ത മിന്ന് അവന്റെ ശ്രദ്ധയിൽ പെട്ടത്.
ഒരു നിമിഷം അവന്റെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ കടന്നുവന്നു. ആദ്യമായി അവളെ കണ്ടതും വിവേകിന്റെ അടുത്ത് കൊണ്ടുവിടാൻ പോയതും ഒക്കെ. ഇന്ന് അവൾ തന്റെ പാതിയാണ്.
മനസ്സിൽ എപ്പോഴോ അവൾ ഇടം പിടിച്ചു കഴിഞ്ഞു.
താലിയിലേക്ക് സൂക്ഷിച്ചു നോക്കുന്നവനെ കണ്ടപ്പോൾ അവൾ എന്താ എന്നർത്ഥത്തിൽ പുരികം പൊക്കി. അവൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.
ഇച്ചായാ… പെട്ടെന്ന് അവൾ വിളിച്ചപ്പോൾ അവനൊരു പ്രത്യേക അനുഭൂതിയാണ് തോന്നിയത്. വാതിൽക്കൽ നിന്നവൻ ചിരിയോടെ തിരിഞ്ഞുനോക്കി..
ഒരുപാട് താമസിക്കില്ലല്ലോ..?
ഇല്ല എല്ലാവരും പോവായി, അവൻ പറഞ്ഞു.
അച്ഛനെ കണ്ടില്ല, പള്ളിയിൽ നിന്ന് ഇങ്ങോട്ട് വന്നു കഴിഞ്ഞേ പിന്നെ,
അതിനി വൈകിട്ട് നോക്കിയാ മതി. ചാച്ചന്റെ വല്ല കൂട്ടുകാരുടെയും കൂടെ പോയതായിരിക്കും. അല്ലെങ്കിലും ഇവിടെ എന്ത് പരിപാടി വന്നാലും ഓടിനടക്കാൻ ഞാൻ മാത്രമേ ഉള്ളൂ. അതിപ്പോ എന്റെ സ്വന്തം പരിപാടി ആണെങ്കിൽ പോലും.
ഒരു ചിരിയോടെ അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി പോയി. കുഞ്ഞിനെയും കൊണ്ട് സിമിയുടെ റൂമിലേക്ക് ചെന്നിരുന്നു ലക്ഷ്മി. അവളും അപ്പോൾ കുളിയൊക്കെ കഴിഞ്ഞ് പോകാൻ തുടങ്ങുകയായിരുന്നു. ജോജി പുറത്തെ കാര്യങ്ങളൊക്കെ ഒരുവിധം ഒതുക്കുന്നുണ്ട്.
കസേരകൾ അടുക്കി വയ്ക്കുകയും പന്തൽ അഴിക്കാനും ഒക്കെ സഹായിക്കുന്നുണ്ട്. സണ്ണിയും അവർക്കൊപ്പം കൂടിയിട്ടുണ്ട്. സാലി ആണെങ്കിൽ ബാക്കി വന്ന ഭക്ഷണം പല പാത്രങ്ങളിൽ ആക്കി അടുത്ത വീടുകളിലേക്ക് കൊണ്ടുകൊടുക്കുവാൻ സിനിക്ക് നിർദ്ദേശം കൊടുക്കുകയാണ്.
അത്യാവശ്യം ബന്ധുക്കളെല്ലാവരും പോയിക്കഴിഞ്ഞു. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ആന്റണിയുടെ അമ്മച്ചി മാത്രമാണ്. അവർ അടുക്കളയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ എല്ലാം പറഞ്ഞുവിട്ടു സെബാസ്റ്റ്യനും എട്ടുമണിയോടെ വീട്ടിലേക്ക് വന്നിരുന്നു. ഒരു കാവി നിറത്തിലുള്ള ലുങ്കിയും കറുത്ത ഷർട്ടും ആണ് അവന്റെ വേഷം. കുളികഴിഞ്ഞ് മുടി ചീകി ഒതുക്കി വെച്ചിട്ടുണ്ട്.
വല്ലാത്ത തലവേദന, അമ്മച്ചി ഒരു കട്ടൻ ചായ തരാമോ? അവൻ സാലിയോട് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് തന്നെ കട്ടൻ ചായ ഇടാനായി പോയിരുന്നു.
ആ സമയം കൊണ്ട് ജോജിയും സിമിയും കുഞ്ഞും യാത്ര പറഞ്ഞ് ഇറങ്ങി. കുറച്ച് വലിയ പൊതിയൊക്കെ തന്നെ സിമിയുടെ കൈയിലും കെട്ടിപ്പൊതിഞ്ഞു കൊടുത്തിട്ടുണ്ട് സാലി.
അളിയാ ആദ്യത്തെ വിരുന്ന് അങ്ങോട്ട് തന്നെയാവട്ടെ, നാളെ തന്നെ രണ്ടുപേരും അങ്ങോട്ട് ഇറങ്ങ്
പോകുന്നതിനു മുൻപ് സെബാസ്റ്റ്യന്റെ കയ്യിൽ പിടിച്ചു കൊണ്ട് ജോജി പറഞ്ഞു.
നാളെ എനിക്കൊന്ന് കിടന്നുറങ്ങണം അളിയ, രണ്ടുമൂന്നു ദിവസത്തെ ക്ഷീണമുണ്ട്. അതുകഴിഞ്ഞ് സമയം പോലേ ഞാൻ ഇറങ്ങാം. ഞാൻ വിളിക്കാം
ജോജിയോട് സെബാസ്റ്റ്യൻ ചിരിയോടെ മറുപടി പറഞ്ഞു.
ആൾ എവിടെ.? ജോജി ചോദിച്ചപ്പോഴാണ് മുറിയിൽ നിന്നും ഇറങ്ങി ലക്ഷ്മി വന്നത്.
ഞങ്ങൾ ഇറങ്ങുവ ലക്ഷ്മി, ജോജി പറഞ്ഞപ്പോൾ അവൾ ചിരിയോടെ തലയാട്ടിയിരുന്നു.
ഞാൻ ഒന്ന് കിടക്കട്ടെ,
ജോജി പോയതും ലക്ഷ്മിയോടും സണ്ണിയോടും പറഞ്ഞ് സെബാസ്റ്റ്യൻ മുറിയിലേക്ക് പോയിരുന്നു.
ലക്ഷ്മി….
അകത്തുനിന്നും സാലിയുടെ വിളി കേട്ടപ്പോൾ അവൾ അടുക്കളയിലേക്ക് ചെന്നു അപ്പോൾ കയ്യിൽ ചായയുമായി നിൽക്കുകയാണ് സാലി
അവന് കൊണ്ട് കൊടുക്ക് ചായ
.
ലക്ഷ്മിയോട് പറഞ്ഞു. ചായ വാങ്ങിയപ്പോൾ അവൾ തന്നോട് എന്തോ പറയാൻ നിൽക്കുന്നത് പോലെ സാലിക്ക് തോന്നി. അവർ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി
എന്താ കൊച്ചേ.?
അത് പിന്നെ അമ്മയെ ഞാൻ പറയുമ്പോൾ അമ്മ മോശമായിട്ട് കരുതരുത്.
എന്നതാ കൊച്ചു പറ.?
എന്റെ കയ്യിൽ ഒരു വള ഇരിപ്പുണ്ട് അന്ന് മോതിരത്തിന് ഒരു വള ഞാൻ തന്നില്ലേ അതേ ഫാഷനും വെയിറ്റും തന്നെയാണ്. അത് അമ്മയുടെ കയ്യിൽ ചേരുമോ എന്നറിയില്ല. അത് ഞാൻ തന്നാൽ അമ്മ വാങ്ങുമോ.?
മടിച്ചു മടിച്ചാണ് ചോദ്യം.
എന്നാ കൊച്ചെ ഇത്? എന്നാ കാര്യത്തിനാ ഇപ്പം എനിക്ക് അത് തരുന്നത്.? അവരങ്ങനെ പറഞ്ഞതുകൊണ്ടാണോ.? ആരാണ്ട് ചുമ്മാ എന്തെങ്കിലും ഒരു കുറ്റം പറയേണ്ടെന്ന് കരുതി പറഞ്ഞതാ. അതൊന്നും ഓർത്ത് ഇന്നത്തെ ദിവസം നീ സന്തോഷം കളയാൻ നിക്കണ്ട. എനിക്കങ്ങനെ പൊന്നിനോടും പണത്തിനോട് ഒന്നും ഒരു ആർത്തിയില്ല. കേറി വന്ന കാലത്ത് ഇതൊക്കെ ഇട്ടിട്ട് നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നൊക്കെ സെബാസ്റ്റ്യന്റെ അപ്പൻ ഇതെല്ലാം കൊണ്ട് തുലച്ചു. അത്യാവശ്യം അന്നത്തെ കാലത്ത് നന്നായിട്ട് തന്ന എന്നെ കെട്ടിച്ചു വിട്ടത്. ഇവിടെ വന്നതിനുശേഷം എല്ലാം പോയത്.. പിന്നെ പിള്ളാരെ പഠിപ്പിക്കാനും ഓരോ ആവശ്യങ്ങൾക്കും വേണ്ടി മാത്രമായി സ്വർണം വാങ്ങുന്നത് തന്നെ. പിന്നെ ഒരു പെൺകൊച്ചിനെ കെട്ടിച്ചു വിട്ടതിന്റെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. എന്റെ സെബാസ്റ്റ്യൻ എന്തോരം ഓടിയതാണെന്നറിയോ.? അവൻ ഒരു പെണ്ണിനെ കെട്ടുന്ന കാലത്ത് കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിക്കുകയില്ല എന്ന് ഞാൻ തീരുമാനിച്ചത് ആണ്. അവനും അങ്ങനെ തന്നെയാണ്. എനിക്ക് അവൻ കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്നും പണമൊന്നുംഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല. അവനെ സ്നേഹിക്കുന്ന ഒരു പെണ്ണായിരിക്കണം എന്നേയുള്ളൂ. പിന്നെ എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന പോലെ നമ്മുടെ ജാതിയിൽ നിന്ന് തന്നെ ഒരു പെൺകുട്ടി വേണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഇല്ലെന്ന് ഞാൻ പറയുന്നില്ല. ഇതിപ്പോൾ എല്ലാരും അറിയിച്ച് പള്ളിയിൽ വച്ച് കല്യാണം നടന്നല്ലോ. എനിക്ക് അത് മതി. എനിക്ക് നിന്നെ ഇഷ്ടമാണ്. വേറൊന്നും ഓർത്ത് നീ വിഷമിക്കേണ്ട. ആ വള കൈയിലിട്ട് കൊണ്ട് നടക്കു.. ഇപ്പോഴത്തെ പ്രായത്തിലെ ഇതൊക്കെ ഇടാൻ തോന്നത്തുള്ളൂ കുറച്ചുനാളും കൂടി കഴിഞ്ഞ ആ ചിന്തയൊക്കെ അങ്ങ് പോകും. ആ തോന്നുന്ന സമയത്ത് അതൊക്കെ ഇട്ട് നടക്കണം മക്കളെ,
ചിരിയോടെ അവരത് പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്.
ഇതുവരെ താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു മനസ്സും മൂടികെട്ടി നിൽക്കുകയായിരുന്നു.. അകത്തേക്ക് കയറുമ്പോൾ ആകപ്പാടെ ഒരു ആശ്വാസം തോന്നി മനസ്സിന്….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…