തണൽ തേടി: ഭാഗം 64

എഴുത്തുകാരി: റിൻസി പ്രിൻസ്
ശരി ആയിക്കോട്ടെ എന്റെ ഭാര്യ പറഞ്ഞിട്ട് ഞാൻ ഇനി കേട്ടില്ല എന്ന് വേണ്ട..
ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും മനസ്സുനിറഞ്ഞൊന്ന് ചിരിച്ചിരുന്നു. അതോടൊപ്പം അവൻ “ഭാര്യ” എന്ന് സംബോധന ചെയ്തപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു.
ശരിക്കും ഇതൊക്കെ വിൽക്കേണ്ട ആവശ്യമുണ്ടോ.?
ഇട്ടുകൊണ്ട് നടന്നു കൂടെ..?
അവൾ ചോദിച്ചു
ഞാൻ പറഞ്ഞില്ലേ ഇത് ഇട്ടുകൊണ്ട് നടന്നാൽ ഈ കടം ഒക്കെ തീരുമോ.? ഇല്ലല്ലോ. സ്വർണ്ണം ഒക്കെ നമുക്ക് എപ്പോ വേണമെങ്കിലും ഉണ്ടാക്കാം കടങ്ങളൊക്കെ തീർക്കാനുള്ളതാണ്. ഏറ്റവും മുഖ്യമായ കാര്യം സ്വസ്ഥമായിട്ട് ഇരിക്കുക എന്നത് ആണ്. പിന്നെ നമുക്ക് സേവ് ചെയ്യാമല്ലോ. പണ്ടുമുതലേ കടം വാങ്ങിച്ചു കഴിഞ്ഞാൽ നെഞ്ചിൽ ഒരു ഭാരം ആണ്. അത് തിരിച്ചു കൊടുക്കുന്നതുവരെ.പിന്നെ ഒരു സമാധാനവുമില്ല.
അവൻ എഴുനേറ്റ് ജനൽ തുറന്നു
തലവേദന മാറിയോ..?
അത് കാണെ അവൾ ചോദിച്ചു
ആഹ് മാറി..! ചെലപ്പോ തന്റെ കൈയുടെ ഐശ്വര്യമായിരിക്കും.
അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോയിരുന്നു.
കുറച്ചു പൈങ്കിളി ആയിപ്പോയി അല്ലേ? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളിൽ ആ ചിരി പൂർണ്ണതയിൽ എത്തിയിരുന്നു.
വെഡിങ് റിങ് വിൽക്കാൻ ആണോ.?
അത്രയ്ക്ക് മുരടൻ ഒന്നുമല്ല ഞാൻ.
അവൻ അവളെ നോക്കി പറഞ്ഞു
സ്വർണ്ണം ഇട്ട് നടക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാ…
ഇതിപ്പോ ഇടാതെ പറ്റില്ലല്ലോ. മാത്രമല്ല അത് കൈയിൽ കിടക്കുന്നത് ഒരു സന്തോഷവും സമാധാനവും, ഒറ്റയ്ക്കല്ലെന്നുള്ള ഒരു വിശ്വാസം അല്ലേ.? കൂടെ ഒരാൾ ഉണ്ടെന്നു ഉള്ള ചിന്തയാണ്. അത് ഒരു സന്തോഷവും സമാധാനവും ആണ്
അവന്റെ സ്വരം ആർദ്രമായി
അതൊരു ചിന്തയൊന്നുമല്ല. ശരിക്കും കൂടെ ഒരാൾ ഇല്ലേ.?
ഉണ്ടോ..?
അവൾക്ക് അരികിലേക്ക് വന്നുകൊണ്ട് അവൻ ചോദിച്ചു.
എന്താ തോന്നുന്നേ.?
എന്തൊക്കെയോ….!
അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ മീശ പിരിച്ചു അവൻ പറഞ്ഞപ്പോൾ അവളിൽ പെട്ടെന്ന് വെപ്രാളം നിറഞ്ഞിരുന്നു.
ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്.
എങ്ങനെയല്ലെന്ന്..?
അവൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി നിന്ന് താടി ഒന്ന് ഉഴിഞ്ഞുകൊണ്ട് ചോദിച്ചു.
ഇച്ചായൻ ഉദ്ദേശിച്ചതല്ല..
ഞാനതിനൊന്നും ഉദ്ദേശിച്ചില്ലല്ലോ. താൻ എന്താ ഉദ്ദേശിച്ചത്.?
അവൻ അവളെ തന്നെ നോക്കി വീണ്ടും ചോദിച്ചു.
അവളുടെ മുഖത്ത് നാണവും പരിഭ്രമവും എല്ലാം ഇടകലർന്ന് എത്തുന്നുണ്ട്.
അത് കാണെ അവനിൽ ചിരി വന്നിരുന്നു.
അവൾക്ക് അരികിൽ നിന്നും അവൻ കുറച്ച് മാറിനിന്നു. താൻ അരികിൽ നിൽക്കുമ്പോൾ അവളുടെ നെഞ്ച പടപട എന്ന് ഇടിക്കുന്നുണ്ട് എന്ന് അവന് തോന്നിയിരുന്നു.
ആ നെഞ്ചിപ്പോ പൊട്ടിപ്പോവല്ലോ, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവളിലും ഒരു ചിരി വിടർന്നിരുന്നു.
കയ്യിലെ മോതിരം കാണുമ്പോൾ ഫാൻസുകാരുടെയൊക്കെ ഹൃദയം തകർന്നു പോകുമല്ലോ.
അവൾ പറഞ്ഞു
അതാണ് ആകെയുള്ള ഒരു സങ്കടം.
അവളെ ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു.
വല്ലാത്ത സങ്കടം തന്നെയാണ് അല്ലേ.?
അവൾ അവനെ കൂർപ്പിച്ചു നോക്കി ചോദിച്ചു
ചെറുതായിട്ട്…
അവൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
അവൾ വീണ്ടും കണ്ണ് ഉരുട്ടി അവനെ ഒന്ന് നോക്കി.
അല്ല തന്റെ ഒരു കൂട്ടുകാരി എന്നെ കാണാൻ വേണ്ടി ബസ്സിൽ വരുമായിരുന്നു എന്ന് പറഞ്ഞില്ലേ.? ആ കൂട്ടുകാരി വന്നില്ലായിരുന്നോ കല്യാണത്തിന്
അവൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു.
ഇല്ല വന്നില്ല
അപ്പൊ ആ കൊച്ച് അറിഞ്ഞിട്ടില്ല കല്യാണം കഴിഞ്ഞ കാര്യം അല്ലേ.
അറിയിച്ചിട്ടുണ്ട്.
അവൾ എളിയിൽ കൈ കുത്തി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി
അർച്ചനയോടെ ഞാൻ പ്രത്യേകം പറഞ്ഞു വിട്ടിട്ടുണ്ട്. അവളോട് പറഞ്ഞേക്കണം ഇനി എന്റെ കെട്ടിയവനെ മനസ്സിൽ വച്ചുകൊണ്ട് ഇരിക്കണ്ട എന്ന്
അവൻ പെട്ടന്ന് അവളെ നോക്കി ചുണ്ട് കടിച്ചു ഒന്ന് ചിരിച്ചു.
ആര്…? എങ്ങനെ..?
അവൻ മുണ്ടു മടക്കി ഉടുത്തുകൊണ്ട് അവൾക്ക് അരികിൽ വന്നപ്പോൾ പെട്ടെന്ന് അവളിൽ ഒരു പരിഭ്രമം നിറഞ്ഞിരുന്നു.
ഒരു ഓളത്തിന് പറഞ്ഞു പോയതാണ്. എന്താണ് പറഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്. ഉടനെ തന്നെ പറഞ്ഞതിലേ അബദ്ധം മനസ്സിലാക്കി അവൾ.
അവൻ അപ്പോഴും ചിരിയോടെ തന്റെ അരികിലേക്ക് നടന്നുവരികയാണ്. അവൾ പെട്ടെന്ന് രണ്ടടി പുറകിലോട്ട് വച്ചു ഭിത്തിയിൽ തട്ടിൽ നിന്നപ്പോൾ അവൻ കൈകൾ കൊണ്ട് അവളെ ബ്ലോക്ക് ചെയ്തു.
എന്തെന്നാ പറഞ്ഞത്..? അവൻ വീണ്ടും ചോദിച്ചു.
അ…. അത്…. ഞാൻ അറിയാതെ എന്തോ പറഞ്ഞതാ
അവന്റെ മുഖത്ത് നിന്ന് മുഖം മാറ്റിക്കൊണ്ട് അവൾ പറഞ്ഞപ്പോൾ ചിരിയോടെ അവൻ അവളെ ഒന്ന് നോക്കി.
ആരാന്നാ പറഞ്ഞേ..?
അവൻ ഒന്നുകൂടി കുസൃതിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
ആ മുഖത്ത് നാണം വിരിയുന്നത് അവൻ അറിഞ്ഞിരുന്നു.
പെട്ടെന്നാണ് കതകിൽ മുട്ട് കേട്ടത്. അവൻ അവളെ ഒന്നു നോക്കി ചിരിച്ചുകൊണ്ട് കതകിനരികിലേക്ക് പോയി. തുറന്ന് നോക്കിയപ്പോൾ മുൻപിൽ നിൽക്കുന്നത് അമ്മച്ചിയാണ്.
എന്നാ അമ്മച്ചി..?
അവൻ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
നിന്നേ കാണാൻ ആരോ വന്നിരിക്കുന്നു
ആരാ..? അതും ചോദിച്ചുകൊണ്ട് അവളെ ഒന്ന് നോക്കിയതിനുശേഷം അവൻ പുറത്തേക്ക് നടന്നു.
അവനെ അനുഗമിച്ചുകൊണ്ട് പിന്നാലെ അവളും ഉണ്ടായിരുന്നു. വാതിൽക്കലേക്ക് എത്തിയപ്പോൾ തന്നെ ഉമ്മറത്ത് കാത്തു നിൽക്കുന്ന ആളെ രണ്ടുപേരും കണ്ടിരുന്നു.
ഒറ്റനോട്ടത്തിൽ തന്നെ അയാളെ സെബാസ്റ്റ്യന് മനസ്സിലായിരുന്നു. പോലീസ് സ്റ്റേഷനിൽ തങ്ങൾ വിവാഹിതരാകുമെന്ന് എഴുതിവെപ്പിച്ച എസ്ഐ.!
ഇയാൾ എന്താണ് ഈ ദിവസം ഇവിടെ എന്ന് അവൻ ഒന്ന് സംശയിച്ചു.
ലക്ഷ്മിയുടെ മുഖത്തും ഭയം ഇരച്ചു നിൽക്കുന്നതായി അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ലക്ഷ്മിയേ ഒന്നു നോക്കി അകത്തേക്ക് കയറി പോകാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അത് സമ്മതിച്ചു ഉടനെ തന്നെ അകത്തേക്ക് കയറി പോയിരുന്നു.
മുറ്റത്തേക്ക് അവൻ ഇറങ്ങിച്ചെല്ലുമ്പോൾ തിരിഞ്ഞു നിന്നിരുന്ന അയാൾ അവന്റെ മുഖത്തേക്ക് നോക്കി. നന്നായി ഒന്ന് പുഞ്ചിരിച്ചു.
സാറെന്താ ഇവിടെ?
അവൻ അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
ഞാൻ തന്നെ കാണാൻ വന്നതാ. ഇന്ന് കല്യാണമായിരുന്നു അല്ലേ?
അതെ..! നമുക്കൊന്നു നടക്കാം
നടക്കാനോ.?
അവൻ മനസ്സിലാകാതെ അയാളെ നോക്കി.
നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് കുറച്ചു സംസാരിക്കാനാ, നിനക്കും കൂടി ഗുണം ഉള്ള കാര്യമാണെന്ന് കൂട്ടിക്കോ
അയാൾ പറഞ്ഞപ്പോൾ തന്നെ എന്തോ ഒരു പന്തികേട് അവന് തോന്നിയിരുന്നു.
സാർ നിക്ക്, ഞാൻ ഈ വേഷം ഒന്നു മാറ്റിയിട്ട് വരാം.
ഇത് മതിയെടാ കാറുണ്ട്. അയാൾ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചുവെങ്കിലും മൊബൈൽ ഫോൺ ഓൺ ആക്കി ശിവന് ഒരു മെസ്സേജ് അയച്ചു. ഒപ്പം തന്നെ ഫോൺ എടുത്ത് ശിവന്റെ നമ്പർ കോളിങ്ങിലിട്ട് അപ്പുറത്ത് അറ്റൻഡ് ചെയ്തപ്പോൾ അത് ലോക്ക് ചെയ്ത് പോക്കറ്റിൽ വച്ചു.
ശേഷം അകത്തേക്ക് നോക്കി വിളിച്ചു
ലക്ഷ്മി….
അവന്റെ വിളി കാത്ത് നിന്നതുപോലെ അവൾ അകത്തുനിന്നും ഇറങ്ങി വന്നു..
ഞാന് ഒന്ന് പുറത്ത് പോയിട്ട് വരാം..
എവിടെ പോവാ..? പെട്ടെന്ന് വരില്ലേ.?
ആധി നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ അവളുടെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ഭയവും അവന്റെ മുഖത്തേക്കുള്ള നോട്ടവും കണ്ടപ്പോൾ ആ നിർണായക സാഹചര്യത്തിൽ പോലും അവന് അല്പം സന്തോഷം തോന്നിയിരുന്നു.
ആ കണ്ണുകളിൽ ആധി നിറഞ്ഞത് തനിക്ക് വേണ്ടിയല്ലേ.? ആ ഉത്കണ്ഠ തനിക്ക് വേണ്ടി അല്ലേ എന്ന ഒരു സമാധാനം.
ഒറ്റയ്ക്ക് പോവണ്ട..? അവൾ കരയുമെന്ന് അവസ്ഥയിൽ എത്തിയതുപോലെ അവന് തോന്നിയിരുന്നു.
ഞാൻ പെട്ടെന്ന് തിരിച്ചു വരും. അവൻ അവളോട് പറഞ്ഞു. ശേഷം അവളെ ഒന്ന് തിരിഞ്ഞു നോക്കി നടന്നുകൊണ്ട് എസ്ഐയുടെ അരികിലേക്ക് നടന്നിരുന്നു.
അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്.
അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു
ആദർശ്.!…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…