തണൽ തേടി: ഭാഗം 65

എഴുത്തുകാരി: റിൻസി പ്രിൻസ്
അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്.
അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു
ആദർശിനെ കണ്ടപ്പോൾ തന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം എന്ന് ഏകദേശം സെബാസ്റ്റ്യന് മനസ്സിലായിരുന്നു. ഒരു ചിരിയോടെ ആദർശ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി.
തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ… പേടിക്കേണ്ട പ്രശ്നത്തിന് ഒന്നുമല്ല.
ആദർശ് പറഞ്ഞു
എനിക്ക് പേടിയൊന്നുമില്ല,
സെബാസ്റ്റ്യൻ കൂസൽ ഇല്ലാതെ പറഞ്ഞു
നമുക്കൊന്ന് സംസാരിക്കാം.
ആദർശ് പറഞ്ഞു
എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.
ഒന്ന് സംസാരിക്കടോ
എസ് ഐ പുറകിൽ നിന്ന് പറഞ്ഞപ്പോൾ അവൻ അയാളെ കൂർപ്പിച്ച് ഒന്ന് നോക്കി.
എന്ത് സംസാരിക്കാൻ ഉണ്ടെങ്കിലും ഇവിടെ വച്ച് പറയാം,
അതെന്താ നിനക്ക് പേടിയാണോ.?
വീണ്ടും അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് എസ് ഐ ചോദിച്ചു..
ഞാൻ എന്തിനാ പേടിക്കുന്നത്, എനിക്ക് എവിടെയും പോകാനും ഒന്നും സംസാരിക്കാനും ഇല്ല. പിന്നെ സാറിനെ ഇതിനകത്ത് എന്താ ലാഭം എന്ന് എനിക്കറിയില്ല. അതെന്താണെങ്കിലും അത് വാങ്ങിക്കൊണ്ട് സാറ് പോകാൻ നോക്ക്. എനിക്ക് പ്രത്യേകിച്ച് ഇയാളോട് ഒന്നും സംസാരിക്കാൻ ഇല്ല.
എടാ എന്റെ ലാഭത്തെ പറ്റി പറയാൻ നീ ആരാടാ..? അതും പറഞ്ഞ് അയാൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചിരുന്നു.
ഹാ വിട് സാറേ… ആവശ്യമില്ലാതെ എന്നെ ചൊറിയാൻ നിക്കല്ലേ, സാർ എന്റെ വീട്ടിൽ വന്ന് എന്നെ വിളിച്ചു കൊണ്ടു വന്നതാ. മര്യാദയ്ക്ക് ഞാൻ പറഞ്ഞു പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞൊ ഞാൻ കേൾക്കാമെന്ന്.
അയാളുടെ കയ്യ് അല്പം ബലമായി പിടിച്ചു മാറ്റി കൊണ്ട് അവൻ പറഞ്ഞപ്പോൾ വണ്ടിയിൽ നിന്നും ആദർശ് ഇറങ്ങിയിരുന്നു
സാറെ പ്രശ്നം വേണ്ട, അവനെ വിട്, നമുക്ക് അങ്ങോട്ട് മാറിനിൽക്കാം…
അവിടെയുള്ള ഒരു റബർതോട്ടം കാണിച്ചുകൊണ്ട് ആദർശ് പറഞ്ഞപ്പോൾ അവന്റെ പിന്നാലെ സെബാസ്റ്റ്യൻ നടന്നിരുന്നു.
അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അത് ചുണ്ടിലേക്ക് വച്ചുകൊണ്ട് സെബാസ്റ്റ്യനേ ഒന്ന് നോക്കി.
സെബാസ്റ്റ്യ, നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. തന്നെ ഞാൻ ആദ്യമായിട്ട് കാണുന്നത് ആ പോലീസ് സ്റ്റേഷനിൽ വച്ച, ഞാൻ മനസ്സിൽ കണ്ടുകൊണ്ട് നടന്ന പെണ്ണിനെ വലയിലാക്കിയ ഒരു ശത്രുവായിട്ടാ ഞാൻ തന്നെ കരുതിയത്. പിന്നെ അടുത്ത കാലത്ത് ആണ് അവളുടെ കാമുകൻ നീ അല്ലായിരുന്നു എന്ന് ഞാൻ അറിഞ്ഞത്.
വിവേകിന്റെ കാര്യം അവൻ അറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായി തന്നെ സെബാസ്റ്റ്യന് മനസ്സിലായി.
താൻ ഇതിനകത്ത് വന്നു പെട്ടുപോയതാ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത് പേടിച്ചു ആയിരിക്കും താൻ അവളെ കല്യാണം കഴിച്ചത്. ഏതായാലും അത് നന്നായി. ഞാൻ തന്നെ കാണാൻ വന്നത് മറ്റൊന്നും കൊണ്ടല്ല. വളച്ചു കെട്ടില്ലാതെ പറയാം…
ലക്ഷ്മി ഞാൻ ഒരുപാട് ആഗ്രഹിച്ച മുതലാ, എനിക്ക് മുംബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയാണ്. വലിയ വലിയ ടെൻഡറുകൾ ഒക്കെ ഞാൻ സ്വന്തമാക്കുന്നത് പല വഴികളിലൂടെയാണ്. സെബാസ്റ്റ്യൻ പറഞ്ഞതുപോലെ മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് വേണ്ടി പലപ്പോഴും കൂട്ടിക്കൊടുപ്പടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മിയുടെ ഫോട്ടോ എന്റെ ബോസിന് ഒരുപാട് ഇഷ്ടപ്പെട്ടത് ആണ്. അയാൾ പറഞ്ഞത് എന്ത് വിലകൊടുത്തും അവളെ വേണം എന്നാണ്. കോടികളുടെ ബിസിനസ്സ് ആണ് എനിക്ക് കിട്ടുന്നത്.
വെറുതെ വേണ്ട സെബാസ്റ്റ്യന് എത്ര രൂപ വേണമെങ്കിലും ഞാൻ തരാം. ഇപ്പൊ അവളുടെ ഭർത്താവ് എന്നുള്ള ഒരു ലേബലും തനിക്കുണ്ട്. തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് മതി.! എത്ര കാലം വേണമെങ്കിലും അവൾക്ക് വേണ്ടി കാത്തിരിക്കാൻ അയാൾ തയ്യാറാണ്. ഒരു മണിക്കൂർ, ഒരൊറ്റ മണിക്കൂർ നേരത്തേക്ക് താൻ ഒന്ന് കണ്ണടച്ചാൽ ഒരു 10 ലക്ഷം രൂപ ഞാൻ തനിക്ക് തരാം…
അവനത് പറഞ്ഞു കഴിഞ്ഞത് മാത്രമേ ആദർശിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സെബാസ്റ്റ്യൻ കരുത്തുറ്റ കരങ്ങൾ അവന്റെ കവിളിൽ പതിച്ചിരുന്നു. ഒപ്പം തന്നെ അവൻ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച്
അവന്റെ കവിളിൽ അമർത്തി പിടിച്ചു അടി നാഭിയ്ക്ക് ഇട്ട് ഒരു ചവിട്ട് കൊടുത്തു
അമ്മേ…..
അറിയാതെ ആദർശ് വിളിച്ചു പോയി..
എന്റെ ഭാര്യക്ക് വിലയിടാൻ വരുന്നോടാ നായിന്റെ മോനെ, കഴിഞ്ഞപ്രാവശ്യം വന്നപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാ വീട്ടിലിരിക്കുന്ന നിന്റെ അമ്മയെ വിളിച്ചു കൊണ്ടു പോകാൻ. വീണ്ടും വീണ്ടും ആ വാക്ക് എന്നെക്കൊണ്ട് ആവർത്തിപ്പിക്കരുത്. നിന്റെ സംസ്കാരം അല്ല എനിക്ക്. അതുകൊണ്ട ഇപ്പോഴും ഞാൻ ഇത്രയും മാന്യമായ രീതിയിൽ നിന്നോടിടപ്പെടുന്നത്. ഇനി മേലാൽ എന്റെ പെണ്ണിന് നേരെ നിന്റെ ദൃഷ്ടി ഉയർന്നാൽ അന്ന് നിന്റെ അവസാനം ആയിരിക്കും.
ആദർശന്റെ ചുണ്ടിൽ നിന്നും ചോര വന്നിരുന്നു.
രംഗം ശരിയല്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അപ്പോൾ അവിടേക്ക് എസ്ഐ വരികയും ചെയ്തിരുന്നു. ആദർശിന്റെ കോലം കണ്ടതോടെ ദേഷ്യത്തോടെ സെബാസ്റ്റ്യന്റെ നേരെ കയ്യ് ഉയർത്തി.
വേണ്ട സാറേ..! അവൻ കൈയെടുത്ത് തടഞ്ഞുകൊണ്ട് അയാളെ നോക്കി.
ഇവന്മാർക്കൊക്കെ അങ്ങ് മുകളിൽ പിടിപാട് ഉണ്ടാകും എന്ന് എനിക്കറിയാം. സാറിനും അതിലൊരു ഓഹരി കിട്ടിയിട്ടുണ്ടാവും എന്നും മനസ്സിലായി പക്ഷേ ഒരു കാര്യം സാർ ഓർത്തോണം ഇപ്പൊ ഇവിടെ നടന്നതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും അപ്പുറത്ത് എന്റെ കൂട്ടുകാരൻ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സാറിന്റെ മാസ്സ് ഡയലോഗുകൾ ഒക്കെ ആ റെക്കോർഡിങ്ങിൽ പതിഞ്ഞിട്ടുണ്ട് എനിക്ക് എന്ത് സംഭവിച്ചാലും ഈ റെക്കോഡിങ് ഒക്കെ ഇത് എത്തേണ്ടടത് എത്തിയിരിക്കും. പണി പോകുന്ന വഴി കാണില്ല. അതുകൊണ്ട് സാർ ഇനി ഇത്തരം പരിപാടികൾക്ക് കുടപിടിച്ചുകൊണ്ട് എന്നെ കാണാൻ വരരുത്.
സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോഴേക്കും അയാൾ ശരിക്കും ഭയന്നിരുന്നു. അയാളുടെ മുഖം കണ്ടപ്പോൾ തന്നെ അയാൾ ഭയന്നുവെന്ന് ആദർശിനും മനസ്സിലായിരുന്നു..
സാറേ അവനെ വിളിച്ചു കൊണ്ടു പോകാൻ നോക്ക്…
അത്രയും പറഞ്ഞ് സെബാസ്റ്റ്യൻ മുന്നോട്ടു നടന്നിരുന്നു.
ആദർശ് ഇനി ഈ പരിപാടിക്ക് എന്നെ വിളിച്ചേക്കരുത്. ഈ ജോലി പോയ എനിക്ക് മുൻപിൽ വേറെ മാർഗമൊന്നുമില്ല. നിങ്ങളെയൊക്കെ രക്ഷിക്കാൻ നൂറുപേര് കാണും പക്ഷേ എന്റെ അവസ്ഥ അതല്ല..
അത്രയും പറഞ്ഞ് എസ്ഐ തന്റെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു പോയപ്പോൾ എങ്ങനെ ഇനിയും ലക്ഷ്മിയെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുമെന്ന് അറിയാതെ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു ആദർശ്.
കുറച്ച് സമയത്തിന് ശേഷം അവൻ വാഹനം എടുത്തു കൊണ്ട് തിരികെ പോവുകയും ചെയ്തിരുന്നു.
ലക്ഷ്മി ഉമ്മറത്ത് തന്നെ സെബാസ്റ്റ്യനെ നോക്കി ഇരിക്കുകയായിരുന്നു. അവൻ പോയ നിമിഷം മുതൽ അവൾക്ക് സമാധാനം ഉണ്ടായിരുന്നില്ല.
സാലി രണ്ടുമൂന്നുവട്ടം അകത്തേക്ക് വന്ന് വിളിച്ചപ്പോഴും അവൾ പോയിരുന്നില്ല. പടിക്കെട്ടുകൾ ഇറങ്ങി സെബാസ്റ്റ്യൻ വരുന്നത് കണ്ടപ്പോഴാണ് അവൾക്ക് സമാധാനം തോന്നിയത്..
അവൾ ഓടി അവന്റെ അരികിലേക്ക് ചെന്നു. ആ കണ്ണുകൾ നിറയാൻ തുടങ്ങിയത് അവൻ വ്യക്തമായി കണ്ടിരുന്നു..
“ഹേയ്…
അവൻ ചിരിയോടെ കണ്ണു ചിമ്മി
എവിടെ പോയതായിരുന്നു.? അയാൾ എന്തിനാ വിളിച്ചത്.?
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
കേസിന്റെ കാര്യം പറയാൻ വേണ്ടി വിളിച്ചതാ, കല്യാണം കഴിഞ്ഞില്ലേ അപ്പോൾ അതിനെക്കുറിച്ച് അറിയാൻ വേണ്ടി വിളിച്ചതാ. അവളോട് അങ്ങനെ പറയാനാണ് അവന് തോന്നിയത്…
ഇല്ലെങ്കിൽ അവൾ ഭയക്കും എന്ന് തോന്നി..
ഇതെന്താ ചുണ്ടിൽ ചോര..?
ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ മുണ്ടിന്റെ കോന്തല കൊണ്ട് ചുണ്ടിലെ ചോരയൊന്നും ഒപ്പി.
അത് എവിടെയോ ഇടിച്ചത് ആണ്… അത്രയും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയവന്റെ കയ്യിൽ അവൾ കയറി പിടിച്ചു…
ഇച്ചായനെ അയാൾ എന്തെങ്കിലും ചെയ്തോ.?ചോദിക്കുന്നതിനൊപ്പം അവൾ കരഞ്ഞു പോയിരുന്നു.
ആ കണ്ണുകൾ തനിക്ക് വേണ്ടി നിറഞ്ഞപ്പോൾ ഒരു നിമിഷം അവന് സന്തോഷമാണ് തോന്നിയത്…
ഹേയ് ഇല്ലടോ, താൻ വിചാരിക്കുന്ന പോലെ പ്രശ്നമൊന്നുമില്ല….ആ മറ്റവൻ വന്നായിരുന്നു ആദർശ് അവനോട് ഒന്നും രണ്ടും പറഞ്ഞ് ഉടക്കേണ്ടി വന്നു. അവൻ എന്തോ പറഞ്ഞപ്പോൾ ചെറുതായി ഉന്തും തള്ളുമായി. അതുകൊണ്ട് പറ്റിയതാ ..
അവളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞപ്പോഴാണ് ആ മുഖത്ത് ചെറിയൊരു ആശ്വാസം അവൻ കണ്ടത്. തന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തോന്നുള്ള പേടിയായിരുന്നു അത്രയും നേരം ആ മുഖത്ത്.
പേടിച്ചോ..?
ഏറെ ആർദ്രമായി അവളുടെ കവിളിൽ തഴുകി അവൻ ചോദിച്ചപ്പോൾ. ആ കണ്ണുകൾ ആ നിമിഷം തന്നെ നിറഞ്ഞു തൂവി….
ഞാനിവിടെ തീയിൽ ചവിട്ടി നിൽക്കാരുന്നു. അയാൾ എങ്ങോട്ടാ കൊണ്ടുപോയത് എന്ന് അറിയാതെ.. പെട്ടെന്ന് എനിക്ക് ആരുമില്ലാത്തത് പോലെ തോന്നി..!
അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു
ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..?….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…