തണൽ തേടി: ഭാഗം 66

എഴുത്തുകാരി: റിൻസി പ്രിൻസ്
അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു
ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..?
ആ സമാധാനത്തിലാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് തന്നെ…. പറഞ്ഞതിനോടൊപ്പം തന്നെ ആ സ്വരം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു.
ആരും കാണാതെ അവൻ അവളുടെ കണ്ണുകൾ തന്റെ കൈവിരൽ തുമ്പിനാൽ ഒപ്പി കൊടുത്തു. ശേഷം ആ മുഖത്തേക്ക് നോക്കിക്കൊണ്ട് പതിവായി ചെയ്യുന്നതുപോലെ കണ്ണ് രണ്ടും ചിമ്മി കാണിച്ചു.
ഞാൻ ഉള്ളടത്തോളം ഒറ്റയ്ക്ക് അല്ല..
ചിരിയോടെ പറഞ്ഞു, ആ വാക്കുകൾ കേൾക്കേ സന്തോഷത്തിനൊപ്പം സങ്കടവും വന്നു. “ഞാൻ ഉള്ളടത്തോളം ” ഇല്ലാതെ ആയാൽ ഞാൻ പിന്നെയില്ല എന്ന് പറയണം എന്ന് തോന്നി
നീ ഇത് എവിടെ പോയതാഡാ.?
വാതിൽക്കൽ സാലിയുടെ സ്വരം കേട്ടപ്പോഴാണ് പെട്ടെന്ന് അവൻ അവളുടെ അരികിൽ നിന്നും അല്പം മാറി നിന്നത്…
അത് ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയത് ആണ്..
അവൻ പറഞ്ഞു.
കല്യാണ ദിവസമായിട്ട് നിനക്ക് അടങ്ങിയിരിക്കാൻ വയ്യേ
രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് താൻ ചോദിച്ചപ്പോൾ അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിയിരുന്നു.
നേരത്തെ കിടന്നുറങ്ങാൻ നോക്ക് പിള്ളേരേ….രാവിലെ മുതൽ ഒരേ നിൽപ്പ് ആയി മനുഷ്യൻ വയ്യാണ്ട് ആയിട്ടുണ്ട്…
. സാലി പറഞ്ഞു
അവൾ ഉടനെ തന്നെ സാലി കാണാതെ മുഖം ഒന്ന് അമർത്തിത്തുടച്ച് അകത്തേക്ക് കയറിയിരുന്നു. സാലിയ്ക്ക് മുഖം കൊടുക്കാതെ അവളും നേരെ പോയത് മുറിയിലേക്ക് ആണ്…
ചെന്നപ്പോൾ ആള് ഷർട്ട് ഒക്കെ മാറി ലുങ്കിയും ഉടുത്ത് തോളിലൂടെ ഒരു തോർത്തും ചുറ്റി കുളിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്…
ഒരു ദിവസം ഒരു നാല് തവണയെങ്കിലും ആൾ കുളിക്കും. അതേപോലെ വിയർക്കുന്ന ശരീരവും ആണ്. ഇവിടെ വന്നതിനു ശേഷം താനത് മനസ്സിലാക്കിയതാണ്.
ഇതെന്താ ഈ സമയത്ത് പിന്നെയും കുളിക്കാൻ പോവാണോ.?
അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
ഇനിയിപ്പോൾ കുളിക്കാതെ ഭയങ്കര ബുദ്ധിമുട്ടാണ് വിയർത്തു.
അവൻ ബാത്റൂമിൽ കുളിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി.
ഇവിടെ കുളിച്ചു കൂടെ.?
ഞാൻ ആ കനാലിൽ പോയി ഒന്ന് മുങ്ങി നിവർന്നിട്ട് വരാം…
വേണ്ട.. ഈ സമയത്ത്
അവള് പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
അതെന്താ..?
അവൻ പുരികം പൊക്കി ചോദിച്ചു
ആരെങ്കിലും അവിടെ പതുങ്ങി ഇരിക്കുവാ മറ്റൊ ഉണ്ടെങ്കിലോ.?
എന്റെ കൊച്ചെ അവരെല്ലാവരും പോയി. ഇനിയിപ്പോ അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം.. അതൊന്നും ഓർത്ത് പേടിക്കേണ്ട… പിന്നെ താൻ വരുന്നതിനുമുമ്പ് ഞാൻ എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് കനാലിൽ പോയി കുളിച്ചിട്ട ഞാൻ വന്നു കിടക്കുന്നത്. താൻ വന്നു കഴിഞ്ഞെ പിന്നെ മാറിയതാ ശീലം… തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയാൽ ആരെങ്കിലും എന്തേലും പറയുമോ എന്ന് ഓർത്തു. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എത്ര ദിവസമായി എന്നറിയോ ഒന്ന് മുങ്ങി കുളിച്ചിട്ട്…
അവളുടെ മുഖത്ത് നിലനിൽക്കുന്ന പരിഭ്രമം കണ്ടതും അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ പറഞ്ഞു…
പേടിക്കേണ്ട ഞാൻ പെട്ടെന്ന് വരാം, താൻ ഭക്ഷണം എടുത്ത് വയ്ക്ക്….
തലയാട്ടി സമ്മതിച്ചവൾ പുറത്തേക്ക് പോയി. കുറച്ചുസമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു തനിക്ക് വേണ്ടി ആ മുഖത്ത് ആധി യും ആവലാതികളും ഒക്കെ നിറയുന്നത് കണ്ടപ്പോൾ അവന് വല്ലാത്തൊരു സന്തോഷം തന്നെയാണ് തോന്നിയത്.
അവൻ പറഞ്ഞതുപോലെ വളരെ പെട്ടെന്ന് തന്നെ തിരികെ വരുകയും ചെയ്തു. അവൻ തിരികെ വരുന്നത് വരെ അവൾക്ക് വല്ലാത്ത ഒരു ഭയമായിരുന്നു. അവനെ കണ്ടു കഴിഞ്ഞപ്പോഴാണ് സമാധാനമായത്..
സാലിയും ആനിയും സിനിയും എല്ലാവരും നേരത്തെ കഴിച്ചിരുന്നു. ഇനി കഴിക്കാൻ ബാക്കിയുള്ളത് സെബാസ്റ്റ്യനും അവളും മാത്രമാണ്.
ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും അവന്റെ ഒപ്പം അവളും ഇരുന്നു.
ഉച്ചയ്ക്കത്തെ ഭക്ഷണം തന്നെ ബാക്കി വന്നത് ആണ് വീട്ടിലേക്ക് എടുത്തുകൊണ്ടു വന്നത് . ബിരിയാണി കഴിക്കാൻ മടിയുള്ളതുകൊണ്ട് അവൾ ഒരു പാലപ്പവും കുറച്ച് ബീഫ് കറിയും ആണ് എടുത്തത്. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ബിരിയാണി കഴിക്കുന്നതിനോട് പൊതുവേ താല്പര്യമില്ലാത്ത കൂട്ടത്തിൽ ആണ് അവൾ..
ഭക്ഷണം എല്ലാം കഴിഞ്ഞ് സെബാസ്റ്റ്യൻ കഴിച്ച പ്ലേറ്റും കഴുകി അവൾ അടുക്കളയിൽ നിന്നും പോകാൻ ഒരുങ്ങിയപ്പോഴാണ് സാലി അവിടേക്ക് വരുന്നത്.
നിനക്ക് ഇതുവരെ കിടക്കാറായില്ലേ കൊച്ചേ.? ഉറക്കക്ഷീണം ഒന്നുമില്ലയോ.? പോയി കിടക്കാൻ നോക്ക്. അവൻ ഏതായാലും നാളെ ബസ്സിൽ ഒന്നും പോകണ്ടല്ലോ. അതുകൊണ്ട് നേരത്തെ എഴുന്നേറ്റ് വരാൻ ഒന്നും നിൽക്കണ്ട. നല്ല ക്ഷീണം കാണും.
അവർ പറഞ്ഞപ്പോൾ അവൾ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി.
ഈ ആദ്യരാത്രിയിലെ പാലിന്റെ പരിപാടിയൊന്നും ഇവിടെയില്ലന്ന് ഒരു നിമിഷം അവൾ ഓർത്തു. സിനിമയിലൊക്കെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇനി ക്രിസ്ത്യൻ കല്യാണത്തിൽ പാല് കൊടുത്തു വിടുന്ന രീതി ഒന്നുമില്ലേ എന്ന് ചിന്തിച്ചു.
എങ്കിലും ആരും അതിനെപ്പറ്റി പറയാത്തത് കൊണ്ട് അവൾ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ആദ്യമായാണ് ഒരു പുരുഷന്റെ ഒപ്പം ഒറ്റയ്ക്ക് ഒരു മുറിയിൽ. അതിപ്പോൾ എത്ര പ്രിയപ്പെട്ട ആളാണെന്ന് പറഞ്ഞാലും, ഒരു പരിഭ്രമം മനസ്സിൽ നിറയുമല്ലോ.
അവൾ മുറി തുറന്നപ്പോൾ സെബാസ്റ്റ്യൻ ജനലൊക്കെ തുറന്നിടുന്ന തിരക്കിലാണ്. ഒപ്പം ഫോണിലും ആണ്
ശരി ശിവ അണ്ണാ ഞാൻ നാളെ വിളിക്കാം
അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ ഫോൺ കട്ട് ചെയ്തു.
കുറച്ചു വെള്ളം കൂടി എടുത്തു കൊണ്ടു വാ
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. ഡൈനിങ് ടേബിളിന്റെ പുറത്തിരുന്ന് ജഗ്ഗുമായി അകത്തേക്ക് വന്നു.
അവളുടെ കയ്യിൽ നിന്നും ആ ജഗ് വാങ്ങി അകത്തെ മേശപ്പുറത്തേക്ക് വച്ചതിനുശേഷം അവൻ തന്നെ കതകടച്ചു.
ഹൃദയം പെരുമ്പറ മുഴക്കുന്നത് പോലെ അവൾക്ക് തോന്നി..
ഞാനീ ബനിയൻ ഊരിക്കോട്ടെ.? ഇത് ഇട്ട് കിടന്നാൽ എനിക്ക് ഉറക്കം വരില്ല. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.?
അല്പം ചമ്മലോടെ ഇട്ടിരിക്കുന്ന ഇന്നർ ബെന്നിയൻ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആളുടെ ചോദ്യം.
അവൾ ഇല്ല എന്ന് തലയാട്ടി കാണിച്ചു.
ആ നിമിഷം തന്നെ അവൻ ബനിയൻ ഊരി. രോമാവൃതമായി അവന്റെ ശരീരം കണ്ടപ്പോൾ തന്നെ അവൻ ഒരു കഠിനാധ്വാനി ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. എങ്കിലും ഒരുപാട് നേരം അങ്ങനെ നോക്കി നിന്നില്ല. ആൾക്ക് എന്തെങ്കിലും ചമ്മല് തോന്നിയാലോ എന്ന് വിചാരിച്ച് പെട്ടെന്ന് കട്ടിലിലേക്ക് ഇരുന്നു.
ബനിയൻ ഊരി ഹാങ്ങറിലേക്ക് ഇട്ടതിനു ശേഷം ആളും അടുത്തു വന്നിരുന്നു. പെട്ടെന്ന് ലക്സ് സോപ്പിന്റെയും കുട്ടികുറ പൗഡറിന്റെയും സമിശ്രമായ മണം.. അവന്റെ ശരീരത്തിൽ നിന്നാണ്, ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…