Novel

തണൽ തേടി: ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എടി കൊച്ചെ നീ ഇപ്പോൾ അപ്പന്റെയെയും അമ്മയുടെയും കൂടെ പോകാൻ നോക്ക്. ഇപ്പൊ ആരും അധികം ഇത് അറിഞ്ഞിട്ടില്ല. നമുക്ക് എല്ലാം അങ്ങ് മറക്കാം.

എസ് ഐ അവളെ ഉപദേശിച്ചു

” ഞാൻ പോകില്ല സർ

അവളുടെ മറുപടി ഉറച്ചതായിരുന്നു

” എന്റെ മോളുടെ പ്രായമേയുള്ളൂ നിനക്ക് ഉള്ളു. അതുകൊണ്ട് ആണ് ഞാൻ ഇത്രയും സ്നേഹത്തോടെ പറയുന്നത്. ഈ ഡ്രൈവർമാരെ ഒന്നും വിശ്വസിക്കാൻ പറ്റത്തില്ല. ഇവന്മാർക്കൊക്കെ ഓരോ റൂട്ടിൽ ഓരോ ലൈൻ കാണും.. നീ എന്ത് വിശ്വസിച്ചാ ഇവന്റെ കൂടെ ഇറങ്ങി വന്നിരിക്കുന്നത്..,?

എസിയുടെ ആ പരാമർശം അത്രത്തോളം ഇഷ്ടപെട്ടിരുന്നില്ല സെബാസ്റ്റ്യന്.

“സാറെ, സർ അതെന്നെ വർത്തമാനം ആണ് പറയുന്നത്.. അങ്ങനെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന ശരിയല്ല.

സെബാസ്റ്റ്യൻ പറഞ്ഞു

” അയ്യോടാ സാറെന്നെ തെറ്റും ശരിയും പഠിപ്പിക്കാൻ തുടങ്ങുവാണോ.,?

താല്പര്യമില്ലാതെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി എസ്ഐ ചോദിച്ചു.

” ബസ് ഡ്രൈവർമാരെല്ലാം മോശക്കാരാണെന്ന് സാറിനോട് ആരാ പറയുന്നത്.?

പതറാതെ അവൻ പറഞ്ഞു

” ഞാനും കാക്കിയാ സാറും കാക്കിയാ,ആ കാക്കിയ്ക്ക് ഒരു സത്യം ഉണ്ട്. നക്കാപ്പിച്ച കാശിന് ബസ് ഓടിക്കുന്നവർക്ക് ചിലപ്പോൾ നിങ്ങളുടെ അത്രയും പവർ കാണില്ല. പക്ഷേ എന്തുകൊണ്ടും നിങ്ങളെയൊക്കെക്കാളും മനസ്സാക്ഷിയുള്ളവരാണ് ഞങ്ങൾ. പിന്നെ ഓരോ റൂട്ടിലും ഓരോ ലൈൻ ഉള്ളവരൊക്കെ കാണും എന്ന് പറഞ്ഞ് എല്ലാവരെയും അടച്ച ആക്ഷേപിക്കാൻ നിൽക്കരുത്. പത്തു നാല്പത് പേരുടെ ജീവനും വെച്ചുകൊണ്ട് വെളുപ്പാൻ കാലത്ത് തുടങ്ങുന്ന പാച്ചില് ആണ് സാറേ, അതിനിടെ പെണ്ണുങ്ങളെ ഒന്നും ശ്രദ്ധിക്കാൻ പോലും നേരം ഇല്ലാത്തവരും കാണും. പിന്നെ പെൺ വിഷയത്തിൽ താല്പര്യമുള്ളവർ ഏതു മേഖലയിലാണ് ഇല്ലാത്തത്.? സാറിന്റെ ഡിപ്പാർട്ട്മെന്റിലും കാണില്ലേ.? അങ്ങനെയുള്ളവരെ എല്ലായിടത്തുമുണ്ട്. നല്ലതും കെട്ടതും ഒക്കെ, ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

” നീ കൊള്ളാലോടാ..?

ലാത്തി അവന്റെ മുഖത്തേക്ക് വെച്ചുകൊണ്ട് എസ്ഐ ചോദിച്ചു..

ചെറിയമ്മയുടെ അരികിൽ നിൽക്കുന്ന ആദർശ് അപ്പോഴും അവനെ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു എന്ന് ലക്ഷ്മി കണ്ടു.

” വിട് സാറേ ഇത്രയും പേടിപ്പിക്കാനും മാത്രം ഞാൻ എന്ത് കുറ്റവാ ചെയ്തത്.? പെൺവാണിഭ്യം ഒന്നും നടത്തിയിട്ടില്ലല്ലോ.

അത് പറഞ്ഞപ്പോൾ അവൻ ഒന്ന് പാളി ആദർശിനെ നോക്കിയത് ആയി ലക്ഷ്മിക്ക് തോന്നി.

” പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഈ നാട്ടിലുണ്ട്. അത് അത്ര വലിയ തെറ്റ് ആണ് എന്ന് പറയാൻ പറ്റുമോ.?

സെബാസ്റ്റ്യന്റെ ആ ചോദ്യത്തിനു മുൻപിൽ എസ് ഒന്ന് പതറി.

” എടി കൊച്ചെ നിനക്ക് എത്ര വയസ്സായി.,?

ലക്ഷ്മിയുടെ അരികിലേക്ക് വന്നു കൊണ്ട് എസ് ഐ ചോദിച്ചു.

” 22,
അവൾ പറഞ്ഞു

” അപ്പോ പ്രായപൂർത്തിയായി എന്ന് സാറിന് ഉറപ്പായല്ലോ

സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ അയാൾ രൂക്ഷമായി അവനെ ഒന്ന് നോക്കി.

” നിനക്കെത്ര വയസ്സായി?

അവന്റെ മുഖത്തേക്ക് നോക്കി അയാൾ ചോദിച്ചു

” എനിക്ക് 28 വയസ്സുണ്ട്,

അവൻ പറഞ്ഞു..

” ലച്ചു, നീ ആലോചിച്ചിട്ടുണ്ടോ നമ്മുടെ ബന്ധുക്കളെല്ലാവരും നാളെ വരും. അവരോടൊക്കെ അച്ഛൻ എന്താ മറുപടി പറയുക.? നിനക്ക് ഏറ്റവും നല്ലത് മാത്രം അല്ലേ അച്ഛൻ കണ്ടുപിടിക്കു.

അവളുടെ അച്ഛൻ ലക്ഷ്മിയുടെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു

” അച്ഛൻ എന്നോട് ക്ഷമിക്കണം ഞാൻ വരില്ല… എന്നെ നിർബന്ധിച്ച് ഇവിടുന്ന് കൊണ്ടു പോയാൽ ഞാൻ മരിച്ചു കളയും

അവളുടെ ആ മറുപടിയിൽ എസ്ഐ അടക്കം ഞെട്ടിപ്പോയിരുന്നു.

“നിങ്ങൾക്ക് ഈ കൊച്ചിനെ പിടിച്ചു വലിച്ചുകൊണ്ടോ നിർബന്ധിച്ചോ ഒന്നും ഇവിടുന്ന് കൊണ്ടുപോകാൻ പറ്റില്ല. എന്റെ ജോലി പോകുന്ന പരിപാടിയാണ്. ഈ കൊച്ച് എന്തെങ്കിലും ചെയ്താൽ അവസാനം നിങ്ങളെല്ലാവരും കൈയൊഴിഞ്ഞു പോകും. ജോലി പോകുന്നത് എന്റെയാണ്. ആ കൊച്ചിന് സമ്മതമാണെങ്കിൽ നിങ്ങൾ വിളിച്ചുകൊണ്ടുപോയിക്കോ

എസ് ഐ അങ്ങനെ പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ലക്ഷ്മിയുടെ അച്ഛനായ ദേവൻ…

” നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതാണെങ്കിൽ എന്തിനായിരുന്നു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.?

എസി ഐ യുടെ ആ ചോദ്യത്തിൽ ശരിക്കും ലക്ഷ്മി ഒന്ന് ഭയപ്പെട്ടിരുന്നു. എങ്കിലും അവൾ ധൈര്യം വീണ്ടെടുത്ത് സംസാരിച്ചു.

” അത് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് ഇച്ചായനും അറിയില്ലായിരുന്നു. വീട്ടുകാരുടെ എല്ലാവരുടെയും സമ്മതത്തിലുള്ള ഒരു വിവാഹമായിരുന്നു ഇച്ചായന്റെ ആഗ്രഹം. അത് ഒരിക്കലും നടക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നെ വീട്ടിൽ കൊണ്ട് തിരിച്ചു ആക്കാം എന്ന് ഇച്ചായൻ പറഞ്ഞു. എന്നിട്ട് അച്ഛനോട് സംസാരിക്കാം എന്ന് ഇച്ചായൻ പറഞ്ഞു. അതെനിക്ക് സമ്മതമല്ലായിരുന്നു. അതിന്റെ ദേഷ്യത്തിന് ഞാൻ ചെയ്തു പോയതാ..

എനിക്ക് കഴിക്കാൻ ഭക്ഷണം മേടിക്കാൻ പോയപ്പോഴാ ഞാൻ ഗുളിക എടുത്ത് കഴിച്ചത്.

അവൾ പറഞ്ഞു നിർത്തി

“എടീ കൊച്ചേ ഇതിൽ നിന്ന് തന്നെ ഇവന്റെ ഉദ്ദേശം നിന്നെ കല്യാണം കഴിക്കൽ അല്ലെന്ന് മനസിലായില്ലേ.? നിന്റെ കല്യാണമാണെന്ന് അറിഞ്ഞിട്ടും അവന് വീട്ടിൽ വന്ന് സംസാരിക്കാൻ തോന്നിയില്ലല്ലോ. . അപ്പോ നിന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് തന്നെയാണ് അതിനർത്ഥം.

എസ് ഐ പറഞ്ഞു

” അങ്ങനെയല്ല സർ, ഞങ്ങൾ സ്നേഹിക്കുന്ന കാലത്ത് തന്നെ പറഞ്ഞത് ആണ് പെങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷമേ എന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റുള്ളൂ എന്ന്. അതുവരെ കാത്തിരിക്കാൻ പറഞ്ഞതാ. അതിനിടയിൽ ആണ് എനിക്ക് വീട്ടിൽ കല്യാണം ആലോചിച്ചത്. കല്യാണ ആലോചനല്ല ശരിക്കും ആ സമയം മുതൽ എന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എനിക്ക് ഫോൺ പോലും ഇല്ലായിരുന്നു. ഞാൻ റെയിൽവേ സ്റ്റേഷനിൽ വന്ന് ഒരാളുടെ ഫോണിൽ നിന്ന് ആണ് ഇച്ചായനെ വിളിച്ചത്. അപ്പൊ ആൾ ബസിലായിരുന്നു. കാര്യത്തിന്റെ സീരിയസ്നസ് ഞാൻ പറഞ്ഞു. പിന്നെ ആണ് ആൾക്ക് മനസ്സിലായത്.

എത്ര സമർത്ഥമായിട്ടാണ് അവൾ ഒരു കള്ളം പറയുന്നത് എന്ന് അവൻ നോക്കുകയായിരുന്നു. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ.

” ഇവളി പറഞ്ഞതൊക്കെ സത്യമാണോ..?

അവന്റെ മുഖത്തേക്ക് നോക്കി എസ് ഐ ചോദിച്ചു.

” അതെ സാറേ….

മറ്റെവിടെയോ നോക്കി അവൻ മറുപടി പറഞ്ഞപ്പോൾ സമാധാനം തോന്നിയത് അവൾക്കാണ്.

” നിന്റെ പേര് എന്തായിരുന്നു

” സെബാസ്റ്റ്യൻ..

” സെബാസ്റ്റ്യ, നല്ല തറവാടിത്തവും അന്തസ്സും ഒക്കെയുള്ള ഒരു കുടുംബത്തിൽ നിന്ന് വരുന്ന പെങ്കൊച്ച് ആണ്. അവളുടെ കല്യാണം ആണ് നാളെ. നീ ആയിട്ട് അത് മുടക്കാൻ നിക്കരുത്. നിന്റെ കൂടെ ജീവിച്ചാൽ അവൾ ഒരിക്കലും സന്തോഷത്തോടെ ഇരിക്കത്തില്ല. ഇത്രയും സൗകര്യങ്ങളിൽ നിന്ന് വന്ന ഒരു പെൺകൊച്ച് നിന്റെ കൂടെയുള്ള ജീവിതത്തിൽ സന്തോഷം ആയിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.? ഒന്ന് രണ്ട് മാസത്തെ പൂതി കഴിയുമ്പോൾ അവളും നിന്നെ കളഞ്ഞിട്ട് പോകും. നിന്റെ ജീവിതം പോകത്തെ ഉള്ളൂ. അതുകൊണ്ട് നീ തന്നെ പറഞ്ഞു മനസ്സിലാക്കി അവളെ അവളുടെ അച്ഛന്റെ കൂടെ വിടാൻ നോക്ക്…

എസ് ഐ വളരെ സൗമ്യമായി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” എന്റെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞിട്ട് തന്നെയാ സാറെ അവൾ എന്നെ സ്നേഹിച്ചത്. അവളെന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവളെ പോറ്റാനുള്ള കഴിവും എനിക്കുണ്ട്. എന്റെ കൂടെ വരാൻ ആണ് അവൾക്ക് ഇഷ്ടമെങ്കിൽ എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ നോക്കും.

സെബാസ്റ്റ്യന്റെ മറുപടിയിൽ ശരിക്കും ഞെട്ടിപ്പോയത് ലക്ഷ്മിയായിരുന്നു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!