Novel

തണൽ തേടി: ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എന്റെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞിട്ട് തന്നെയാ സാറെ അവൾ എന്നെ സ്നേഹിച്ചത്. അവളെന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവളെ പോറ്റാനുള്ള കഴിവും എനിക്കുണ്ട്. എന്റെ കൂടെ വരാൻ ആണ് അവൾക്ക് ഇഷ്ടമെങ്കിൽ എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ നോക്കും.

സെബാസ്റ്റ്യന്റെ മറുപടിയിൽ ശരിക്കും ഞെട്ടിപ്പോയത് ലക്ഷ്മിയായിരുന്നു

ആദർശിന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു. അവന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു..

കൈയുടെ മുഷ്ടി ചുരുട്ടിയാണ് ആ ദേഷ്യത്തെ അയാൾ നിയന്ത്രിച്ചത്. ലക്ഷ്മിയുടെ അച്ഛൻ ദേവൻ ആവട്ടെ നിസ്സഹായനായി മകളുടെ മുഖത്തേക്ക് നോക്കുകയാണ്.

ആ അച്ഛന്റെ നോട്ടം തറഞ്ഞു കയറിയത് സെബാസ്റ്റ്യന്റെ നെഞ്ചിലാണ്. താൻ കാരണമാണല്ലോ അയാൾ വേദനിക്കുന്നത് എന്ന കുറ്റബോധം അവനെ നീറ്റാൻ തുടങ്ങി.

ഞങ്ങളിപ്പോൾ എന്താ ചെയ്യേണ്ടത്? ദേവന്റെ മുഖത്തേക്ക് നോക്കി കൊണ്ടാണ് എസ് ഐ ചോദിച്ചത്.

” അവൾക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ അങ്ങനെ തന്നെ നടന്നോട്ടെ സർ, എനിക്കിനി ഇങ്ങനെ ഒരു മകൾ ഇല്ല എന്ന് ഞാൻ കരുതിക്കോളാം..ഞങ്ങൾ ഇറങ്ങുക ആണ്

ചുവന്ന കണ്ണുകളോടെ അയാൾ അത് പറയുമ്പോൾ ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും അടർന്നു വീണിരുന്നു. പക്ഷേ കരയില്ല എന്ന വാശിയോടെ ആ കണ്ണുനീരിനെ അവൾ തട്ടിക്കളഞ്ഞു.

അച്ഛന്റെ മുഖത്തേക്ക് ഒരു വട്ടം പോലും അവൾ നോക്കിയില്ല. പകയോടെ അവളുടെ മുഖത്തേക്കൊന്നു നോക്കിയാണ് ചെറിയമ്മയായ സീത ദേവനൊപ്പം നടന്നത്. തന്റെ കണക്കുകൂട്ടലുകൾ തെറ്റി തന്റെ വലയിൽ നിന്നും രക്ഷപ്പെട്ട ഇരയെ ക്രൂരമായ രീതിയിൽ നോക്കി ദഹിപ്പിച്ചുകൊണ്ട് ആദർശും പുറകെ ഇറങ്ങി.

ലക്ഷ്മിയുടെ അരികിലേക്ക് വന്ന് അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞു

” എന്റെ കൈയ്യിൽ നിന്ന് നീ രക്ഷപ്പെട്ടു എന്ന് കരുതണ്ട. ഞാൻ നിന്റെ പുറകെ തന്നെ ഉണ്ട്.

അവളെ അടിമുടി നോക്കി അയാൾ അത് പറഞ്ഞപ്പോൾ അയാൾക്ക് കുറുകെ കയറി നിന്നിരുന്നു സെബാസ്റ്റ്യൻ. അവൾക്ക് ഒരു സുരക്ഷാവലയം തീർത്തു.

“നീയും കരുതി ഇരുന്നോ

സെബാസ്റ്റ്യന്റെ മുഖത്ത് നോക്കി അവൻ പറഞ്ഞു

“ആയിക്കോട്ടെ, നമ്മുക്ക് കാണാം

സെബാസ്റ്റ്യൻ പറഞ്ഞു

“കാണണം

ആദർശ് അവനെ നോക്കി പറഞ്ഞു

” കണ്ടല്ലേ പറ്റൂ

മീശ അല്പം പിരിച്ച് സെബാസ്റ്റ്യൻ പറഞ്ഞു

ശേഷം സൂക്ഷിച്ച അവനെ ഒന്നു നോക്കുകയും ചെയ്തു ആദർശ്. അവനും നന്നായി തന്നെ ഒന്ന് നോക്കി. രണ്ടുപേരും പരസ്പരം ആ മുഖങ്ങളെ മനസ്സിൽ ആവാഹിക്കുകയാണെന്ന് ആർക്കും തോന്നുന്ന തരത്തിൽ ആയിരുന്നു നോട്ടം.

“ഞാൻ ഫോൺ വിളിക്കാം സാർ,

എസ് ഐയോട് അത്രമാത്രം അവൻ പറഞ്ഞു. ശേഷം
പുറത്തേക്കിറങ്ങി.

അവർ പോയതോടെ ലക്ഷ്മിയെയും സെബാസ്റ്റ്യനെയും എസ് ഐ മാറിമാറി നോക്കി.

” സാറേ കൊടിമാത പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു. ഇവന്റെ പേരിൽ കേസ് ഒന്നുമില്ല. ആകപ്പാടെ പണ്ട് പാർട്ടിയുടെ പേരിലങ്ങാണ്ട് പോയിട്ടുള്ള ഒരു തല്ലു പിടിക്കേസ് മാത്രമേ ഉള്ളൂ.

” ഓ നീയും പാർട്ടിക്കാരനാണോ.?

അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് എസ് ഐ ചോദിച്ചു.

” നമ്മളൊക്കെ സാധാരണ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന പാർട്ടിക്കാരാ സാറേ, ഇപ്പൊ പോയവരെ പോലെ വലിയ ഹോൾഡ് ഉള്ളവർ അല്ല

സെബാസ്റ്റ്യൻ പറഞ്ഞു.

” നിനക്ക് കഴുത്തിന് ചുറ്റും നാക്ക് ആണ് എന്ന് കുറച്ച് നേരം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി.

അവനെയൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് എസ് ഐ പറഞ്ഞു.

“ഏതായാലും നിനക്ക് കൊളടിച്ചല്ലോ. നല്ലൊരു പെങ്കൊച്ചിനെ കിട്ടിയില്ലേ.?

അവളെ ഒന്ന് നോക്കി അവന്റെ മുഖത്തേക്ക് നോക്കി എസ് ഐ പറഞ്ഞു.

” നീ ഏതായാലും രണ്ട് ജാമ്യക്കാരെ വിളിക്ക്..അങ്ങനെ വെറുതെ പറഞ്ഞു വിടാൻ ഒന്നും പറ്റില്ല.

” എടോ രണ്ട് ജാമ്യക്കാരുടെ ബലത്തില് എന്തൊക്കെയാണെന്ന് വെച്ചാൽ ഇവനെ കൊണ്ട് എഴുതിവപ്പിച്ചിട്ട് രണ്ടെണ്ണത്തിനെയും വിട്ടാൽ മതി. കേട്ടല്ലോ, നാളെ ഇവനോ ഇവളോ എവിടെയെങ്കിലും ചത്തു കിടന്നാൽ നമ്മുടെ പെടലിലേക്ക് വരും.

“ഞങ്ങൾ ചാകും എന്ന് സാറിനെന്താ ഇത്രയും ഉറപ്പ്.? ആരേലും ഉറപ്പ് പറഞ്ഞിട്ടുണ്ടോ.?

“ഡാ…

സെബാസ്റ്റ്യൻ ചോദ്യം കേട്ടുകൊണ്ട് പെട്ടെന്ന് കോളറിൽ കുത്തിപ്പിടിച്ചു

“ഹാ വിട് സാറെ…! ഒരു പെൺകൊച്ചിനെ സ്നേഹിച്ചത് ഇന്റർനാഷണൽ കുറ്റമൊന്നുമില്ലല്ലോ. സാറിന് ആരോടെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ അത് തീർക്കേണ്ടത് എന്റെ നെഞ്ചത്തോട്ട് കയറിയിട്ടില്ല. സാർ പറഞ്ഞില്ലേ ഞങ്ങളൊക്കെ പ്രശ്നക്കാരാണെന്ന്, ബസ്സുകാരെ ശരിക്കും സാറിനെ അറിയില്ല,

സെബാസ്റ്റ്യൻ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവന്റെ കണ്ണുകളിൽ കണ്ട അഗ്നി അയാളെ ഒന്ന് ഭയപ്പെടുത്തി.

“ജോൺസാ ഞാന് വീട്ടിൽ പോവാ. താൻ എന്താണെന്ന് വെച്ചാൽ ചെയ്യാ,

അത്രയും പറഞ്ഞു രണ്ടുപേരെയും ഒന്ന് നോക്കി പുറത്തേക്ക് പോയപ്പോൾ സെബാസ്റ്റ്യൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
അവൾ അവനെ നോക്കാൻ പോലും ത്രാണിയില്ലാതെ നിൽക്കുകയാണ്.

” ആരാന്ന് വച്ചാൽ വിളിക്കെടാ…

അവിടെ ഇരുന്ന പോലീസുകാരൻ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് വിഷ്ണുവിനെ വിളിച്ചു.

” ഇച്ചായാ ഇത് എവിടെയാണ്, ഞങ്ങൾ ഇവിടെ അടിച്ചുപൊളിക്കുക ഇല്ലാത്തതിന്റെ ഒരു ചെറിയ പ്രശ്നമുണ്ട്, സുനി ഒരു കുപ്പിയും കൂടി എടുക്കാൻ പോയിരിക്കുക ഇച്ചായൻ വരുന്നോ.?

അവന്റെ കുഴഞ്ഞ ശബ്ദം കേട്ടപ്പോൾ തന്നെ അവൻ നല്ല കോലത്തിൽ ആണെന്ന് സെബാസ്റ്റ്യന് മനസ്സിലായി. ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.

ഉടനെ തന്നെ ശിവനെ വിളിച്ചു. പോലീസ് സ്റ്റേഷൻ വരെയൊന്ന് വരണമെന്നാണ് ശിവനോട് പറഞ്ഞത് ഒപ്പം തന്നെ തന്റെ ബസിന്റേ ഉടമയായ സാബുവിനെയും വിളിച്ചു. സാബുവിനോട് കാര്യങ്ങൾ ചുരുക്കി ഒന്ന് പറഞ്ഞു. ആരോടും ലക്ഷ്മിയെ പരിചയമില്ല എന്ന് അവൻ പറഞ്ഞില്ല. ഏതെങ്കിലും വിധേയനെ അത് പോലീസോ മറ്റോ അറിഞ്ഞാൽ തനിക്ക് തന്നെയായിരിക്കും പ്രശ്നമാകുന്നതെന്ന് സെബാസ്റ്റ്യന് അറിയാമായിരുന്നു.

തനിക്ക് എന്തിന്റെ അസുഖം ആയിരുന്നു എന്ന് നൂറ് തവണ അവന്‍ മനസ്സിൽ ചോദിച്ചു. ഒരാളെ സഹായിക്കാൻ പോയതാണ്. പക്ഷേ തന്റെ വായിൽ നിന്നും വീണുപോയ ഒരു അബദ്ധം കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്. അവളെ അറിയാമെന്ന് താൻ പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല. ബസ്സിൽ ബോധരഹിതയായി കിടക്കുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു..

കുറച്ച് സമയങ്ങൾക്ക് ശേഷം ശിവനും സാബുവും അവിടേക്ക് എത്തി. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അവർ അറിയുന്നത്. സംശയത്തോടെ ശിവൻ സെബാസ്റ്റ്യനേ ഒന്ന് നോക്കി..

സാബുവിനോട് എസ് ഐ ഫോണിൽ സംസാരിച്ചു. രണ്ടുപേരുടെയും ജാമ്യത്തിൽ സെബാസ്റ്റ്യനെയും ലക്ഷ്മിയെയും പറഞ്ഞു വിടാം എന്ന് തീരുമാനമായി.

പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതും സാബു അവനെ തന്നെ രൂക്ഷമായി നോക്കി.

” സെബാനെ നിന്നെ ഞാനൊരു ജോലിക്കാരനായി ആണോ കണ്ടിട്ടുള്ളത്.? എന്റെ സ്വന്തം അനിയനെ പോലെയല്ലേ.? ഈ കാര്യങ്ങളൊക്കെ നിനക്ക് എന്നോട് എങ്കിലും ഒന്ന് പറയാമായിരുന്നില്ലേ.?

സാബു അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

എന്തു മറുപടി പറയണമെന്ന് അറിയാതെ ലക്ഷ്മിയേ നോക്കുകയായിരുന്നു സെബാസ്റ്റ്യൻ ചെയ്തത്.

” ആ പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു. ആ കൊച്ചു പേടിച്ചു നിൽക്കുക ആണ്. എത്രയും പെട്ടെന്ന് ബാക്കി കാര്യങ്ങൾ ചെയ്യണം.

സാബു അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

അയാൾക്കൊരു ഫോൺ വന്നപ്പോൾ ഇപ്പോൾ വരാമെന്നും പറഞ്ഞു അൽപ്പം മാറിനിന്നു.

ലക്ഷ്മി ഒരു ശില പോലെ നിൽക്കുകയാണ്.

” വൈകിട്ട് കണ്ടപ്പോൾ പോലും നീ ഒരു സൂചന തന്നില്ലല്ലോ.

ശിവൻ സെബാസ്റ്റ്യനെ കുറ്റപ്പെടുത്തി

” അണ്ണാ ഇത് അങ്ങനെയല്ല, ഞാൻ പറയാം, വന്നേ.

സെബാസ്റ്റ്യൻ ശിവന്റെ കൈയിൽ പിടിച്ചു അല്പം മാറി നിന്നു.

തന്റെ ചുറ്റും നടക്കുന്നതെന്താണെന്ന് പോലും അറിയാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു ലക്ഷ്മി അപ്പോൾ…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!