Novel

തണൽ തേടി: ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അണ്ണാ ഇത് അങ്ങനെയല്ല, ഞാൻ പറയാം, വന്നേ.

സെബാസ്റ്റ്യൻ ശിവന്റെ കൈയിൽ പിടിച്ചു അല്പം മാറി നിന്നു.

തന്റെ ചുറ്റും നടക്കുന്നതെന്താണെന്ന് പോലും അറിയാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു ലക്ഷ്മി അപ്പോൾ.

” എന്റെ സബാന നീ എന്തൊരു അബദ്ധമാണ് കാണിച്ചത്, പോലീസുകാർ ഇവിടെ എഴുതിവെപ്പിച്ചു എന്ന് പറയുമ്പോൾ ഇനി അവൾക്ക് എന്തുപറ്റിയാലും അത് നിന്റെ തലമണ്ടയിൽ ഇരിക്കും. എന്റെ മോനെ കൊലപാതക കുറ്റം ആണെങ്കിൽ പോലും ഊരി വരാം. ഇത് പെണ്ണ് കേസാണ്…. ചെറിയ പരിപാടിയൊന്നുമല്ല..

നീ ഇതിന്റെ സീരിയസ്നെസ്സ് അറിയാതെയാണോ ഇതിനകത്തോട്ട് പോയി തലയിട്ടത്. നീ ഇത്രക്ക് പൊട്ടനാണോ.?

ശിവൻ അവനെ വഴക്കു പറഞ്ഞു

” എന്റെ മുന്നിൽ വന്നു കരഞ്ഞു ഒരു പെൺകൊച്ചു പറയുമ്പോൾ ഞാൻ എങ്ങനെയാണ് പറ്റത്തില്ല എന്ന് പറയുന്നത് അണ്ണാ, എന്റെ വീട്ടിലും രണ്ടുപേര് ഇല്ലേ.? അതങ്ങൾക്ക് ആണ് ഈ ഗതി വരുന്നതെങ്കിൽ എന്ത് ചെയ്യും.? മാനത്തിനു വേണ്ടി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന ഒരു പെണ്ണ് അവളെന്നെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഇട്ടേച്ചു പോകാൻ തോന്നിയില്ല.

” എനിക്കറിയാം ഇതൊക്കെ ഭയങ്കര പ്രശ്നമാകുമെന്ന്. പ്രത്യേകിച്ച് പോലീസും കേസും ഒക്കെ ആയ സ്ഥിതിക്ക്. വന്നതിന്റെ ബാക്കി നോക്കാമെന്നേയുള്ളൂ, അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും.

സെബാസ്റ്റ്യൻ പറഞ്ഞു

” അവളുടെ കാമുകൻ പോലീസ് സ്റ്റേഷനിൽ വന്നാൽ എല്ലാം പറയുമെന്നുള്ളത് ഉറപ്പാണോ? അങ്ങനെയാണെങ്കിൽ നീ രക്ഷപ്പെട്ടു.

ശിവൻ പറഞ്ഞു

” അതൊന്നും എനിക്കറിയില്ല. അവനിവിടെ പറ്റിച്ചതാണോ എന്ന് ആർക്കറിയാം. അത് മാത്രം അല്ല അവനെല്ലാം പറഞ്ഞാൽ തന്നെ പോലീസുകാർ ഇതൊക്കെ വിശ്വസിക്കുമോ.? എല്ലാവരും കൂടി നാടകം കളിച്ചു എന്ന് പറഞ്ഞ് അതിനി വേറെ പ്രശ്നം ആകുമോ.?

സെബാസ്റ്റ്യൻ പറഞ്ഞു

“അവൾ എന്താണെങ്കിലും നിനക്ക് എതിരായിട്ട് ഒന്നും പറയില്ലെന്ന് ഉറപ്പല്ലേ

ശിവൻ ചോദിച്ചു.

“ഉറപ്പാ…!

ആലോചിക്കാതെ സെബാൻ പറഞ്ഞു അതോടൊപ്പം അവന്റെ വാക്കുകൾ ഉറച്ചുതായിരുന്നു.

വളരെ കുറച്ച് സമയം കൊണ്ട് തന്നെ അവളിൽ ഒരു വിശ്വാസം അവനു വന്നിട്ടുണ്ടായിരുന്നു.

” എങ്കിൽ പിന്നെ നീ വാ…

ശിവൻ അവനെയും വിളിച്ചുകൊണ്ട് ലക്ഷ്മിയ്ക്ക് അരികിലേക്ക് ചെന്നു. അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിസ്സഹായമായി നിൽക്കുകയാണ്..

അവളുടെ അവസ്ഥ കണ്ടപ്പോൾ സെബാസ്റ്റ്യനും അവളോട് ഒരു സഹതാപം തോന്നി.

” എടി കൊച്ചെ ആ വിവേകിന്റെ നമ്പർ ഒന്ന് പറഞ്ഞു ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ…

സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി.

അവൾ പെട്ടെന്ന് അവന്റെ നമ്പർ പറഞ്ഞു. സെബാസ്റ്റ്യൻ ഫോണിൽ നിന്നും അവനെ വിളിച്ചു. ബെൽ ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ തന്നെ ലക്ഷ്മിക്ക് പകുതി ആശ്വാസം തോന്നിയിരുന്നു. ഫോൺ ബെല്ല് അടിച്ചതും അവൻ ലക്ഷ്മിക്ക് ഫോൺ കൈമാറി.

“ഹലോ

“വിവേക് ഞാനാ ലക്ഷ്മി

മറുപുറത്ത് നിശബ്ദത പടർന്നു.

” കേൾക്കുന്നുണ്ടോ.?

അവൾ വീണ്ടും ചോദിച്ചു

” പറ

അവൾ കുറച്ചു മാറി നിന്ന് കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ എല്ലാം അവനോട് വിശദമായി പറഞ്ഞു. ചില കാര്യങ്ങൾ കരച്ചിലോടെ ചില കാര്യങ്ങൾ വേദനയോടെ,

എന്നാൽ അപ്പുറത്തു നിന്നും മൗനമാണ്. അത് അവളെ വല്ലാത്ത വേദനയിലാഴ്ത്തി. താൻ കുറച്ചു മുൻപാനുഭവിച്ച മാനസികാവസ്ഥ എത്രത്തോളം തീവ്രമാണെന്ന് മറ്റാർക്കും അറിയില്ലെങ്കിലും വിവേകിന് മനസ്സിലാക്കാൻ സാധിക്കും. എന്നിട്ടും തന്നെ ഒന്ന് ആശ്വസിപ്പിക്കുക പോലും അവൻ ചെയ്തില്ലല്ലോ എന്നാണ് അവൾ ചിന്തിച്ചത്.

” വിവേക് എന്താണ് ഒന്നും പറയാത്തെ.?

” ഞാനിപ്പോൾ തിരുനെൽവേലിയില നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ അച്ഛന്റെ ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ട് എനിക്ക് ഇവിടേക്ക് വരണം എന്ന്.

” ഇതിനിടയ്ക്ക് ഞാനിപ്പോ എങ്ങനെയാ അങ്ങോട്ട് വരുന്നത്..?

” നീ ഒരു കാര്യം ചെയ്യ് തിരിച്ച് വീട്ടിലേക്ക് തന്നെ പോകു.

” വിവേക് എന്താണ് ഈ പറയുന്നത് അച്ഛൻ വിളിച്ചപ്പോൾ ഞാൻ പോകില്ല എന്ന് പറഞ്ഞു എന്ന് പറഞ്ഞത് കേട്ടില്ലായിരുന്നോ.?

അവൾ നിസ്സഹായയായി ശബ്ദം പരമാവധി കുറച്ച് അവനോട് ചോദിച്ചു.

” പിന്നെ ഞാനിപ്പോ ഇവിടുന്ന് എങ്ങനെ പെട്ടെന്ന് വരാനാ.?

താല്പര്യമില്ലാതെ അവൻ ചോദിച്ചു.

” എനിക്ക് ഒരു പരിചയമില്ലാത്ത ആളുകൾക്കിടയിൽ ആണ് ഞാൻ നിൽക്കുന്നത്.

” ഞാൻ നിന്നോട് പറഞ്ഞൊ വീട്ടിൽ നിന്ന് ഇറങ്ങി പോരാൻ.? നീ തന്നെ കാണിച്ചു വച്ചത് അല്ലേ ഇതൊക്കെ. എന്താണെന്ന് വെച്ചാൽ അനുഭവിക്കു, അല്ലാതെ എന്ത് ചെയ്യാനാ.

അവൻ താല്പര്യം ഇല്ലാതെ പറഞ്ഞു

” വിവേക് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞോ ഞാനിപ്പോ എന്താ ചെയ്യുന്നത്.?

” ലച്ചു ഒരു കാര്യം മനസ്സിലാക്കണം നിന്നെ ഇപ്പോൾ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാനും കല്യാണം കഴിച്ചു കൂടെ ജീവിക്കാനും പറ്റിയ ഒരു അവസ്ഥയിൽ ഒന്നുമല്ല ഞാൻ. അത് നിനക്ക് നന്നായിട്ട് അറിയാലോ. എനിക്ക് നല്ലൊരു ജോലി ആയിട്ടില്ല. വീട്ടിലാണെങ്കിൽ ഒരു നൂറ് പ്രശ്നങ്ങളുണ്ട്. അതിന്റെ കൂടെ ഞാനൊരു പെണ്ണിനെ കൂടി വിളിച്ചു കൊണ്ടു വന്നെന്ന് പറഞ്ഞാൽ എന്തായിരിക്കും അച്ഛനും അമ്മയും വിചാരിക്കുന്നത്.

ഞാൻ ഈ കാര്യങ്ങളൊക്കെ നിന്നോട് പറഞ്ഞിട്ടും നീ എന്തിനാ നിന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോന്നത്.?

” എന്റെ അവസ്ഥ വിവേകിന് അറിയില്ലേ?

അവളുടെ സ്വരം ഇടറി

” എന്ത് അവസ്ഥയാണ് നിനക്ക് നിന്റെ അച്ഛനോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയില്ലേ..?

” ഞാൻ പറഞ്ഞതാണ് വിവേക് പക്ഷേ വിശ്വസിക്കുന്നില്ല.

” അതെന്തൊരു അച്ഛൻ ആടി, സ്വന്തം മോള് കരഞ്ഞു കുറച്ച് കാര്യങ്ങൾ പറയുമ്പോൾ അത് വിശ്വസിക്കാൻ പറ്റത്തില്ലെങ്കിൽ അയാൾ ഒരു തന്തയാണോ.?

അവനു ദേഷ്യം വന്നു,

” അതുപോട്ടെ ഏതോ ഒരുത്തന്റെ കൂടെ ജീവിക്കാൻ പോവുകയാണെന്ന് നീ എന്ത് വിശ്വാസത്തിലാണ് പോലീസ് സ്റ്റേഷനിൽ പറഞ്ഞത്. നിനക്ക് പരിചയം പോലും ഇല്ലാത്ത ഒരുത്തന്റെ ഒപ്പം ജീവിക്കാൻ പോവുകയാണെന്ന് പറഞ്ഞ നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും.? നാളെ ഏതെങ്കിലും ഒരുത്തനെ കണ്ടാൽ നീ എന്നെ കളഞ്ഞിട്ട് പോകില്ലെന്ന് എന്താ ഉറപ്പ്.?

അവൻ ദേഷ്യത്തോടെ ചോദിച്ചു

“വിവേക്…

ദേഷ്യത്തോടെ അവൾ വിളിച്ചു. ഒപ്പം തന്നെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീരും അടർന്നുവീണു.

ഒന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്തു. അവൻ തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും കുറച്ചുസമയം കഴിഞ്ഞിട്ടും അവൻ തിരിച്ചു വിളിച്ചില്ല.

സാബുവും ശിവനും സെബാസ്റ്റ്യനും എന്തൊക്കെയോ സംസാരിക്കുകയാണ്. ജീവിതം ഇപ്പോൾ തനിക്ക് മുൻപിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് ലക്ഷ്മി മനസ്സിലാക്കി. ജന്മം നൽകിയ അച്ഛനും ജീവൻ കൊടുത്ത് സ്നേഹിച്ച കാമുകനും തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി ആരിലാണ് താൻ പ്രതീക്ഷ അർപ്പിക്കേണ്ടത്.

മണിക്കൂറുകളുടെ മാത്രം പരിചയമുള്ള ഏതോ ഒരുത്തനിലോ.?

അവൾ ഫോണും കൊണ്ട് സെബാസ്റ്റ്യന്റെ അരികിലേക്ക് വന്നു.

” അവൻ എന്തു പറഞ്ഞു.?

സെബാസ്റ്റ്യൻ ഗൗരവത്തോടെ അവളോട് ചോദിച്ചു

അവൾ പെട്ടെന്ന് ശിവനെയും സാബുവിനെയും ഒക്കെ ഒന്ന് നോക്കി. അവൾക്ക് തന്നോട് മാത്രമായി സംസാരിക്കാൻ എന്തോ ഉണ്ടെന്ന് തോന്നിയതുകൊണ്ട് അവർക്ക് അരികിൽ നിന്നും സെബാസ്റ്റ്യൻ അവളുമായി അല്പം നീങ്ങി നിന്നു

” വിവേക് എന്നോട് ദേഷ്യപ്പെട്ട സംസാരിച്ചത്. ഇതൊന്നും ആൾക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ.. ഞാൻ ഇപ്പോൾ തന്നെ പോലീസിനോട്‌ എല്ലാ കാര്യങ്ങളും മാറ്റി പറയാം. നിങ്ങൾക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവേണ്ട. വിവേക് വരും എന്ന് എനിക്ക് തോന്നുന്നില്ല.

പറഞ്ഞതിനൊപ്പം അവളുടെ കണ്ണിൽ നിന്നും കണ്ണുനീരും താഴെക്കുതിർന്നു വീണിരുന്നു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!