ആ ബലഹീനത ഇപ്പോഴാണ് ചര്‍ച്ചയാവുന്നത്; സഞ്‌ജുവിന്‍റെ ബാറ്റിങ്ങിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര
ഇന്ത്യന്‍ ഓപ്പണര്‍ സഞ്‌ജു സാംസണ്‍ രണ്ടാം ടി20യിലും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചര്‍ക്കാണ് തന്‍റെ വിക്കറ്റ് സമ്മാനിച്ചത്. ഇതിന് പിന്നാലെ സഞ്‌ജുവിന്‍റെ ബാറ്റിങ്ങിലെ പോരായ്‌മ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അതിവേഗ ബോളർമാരുടെ പേസും ബൗൺസുമുള്ള പന്തുകളിൽ മലയാളി താരത്തിന് കാര്യമായി റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
https://x.com/jeet34613985/status/1883222145406480720
ഒന്നാം ടി20യില്‍ ഗസ് അറ്റ്കിൻസനെതിരെ ഒരു ഓവറിൽ 22 റൺസ് നേടിയത് ഒഴിച്ചുനിര്‍ത്തിയാല്‍ അതിവേഗ ബോളർമാര്‍ക്കെതിരെ സഞ്‌ജു പതറുകയാണെന്ന് തന്‍റെ യുട്യൂബ് ചാനലിലാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്.
“ചെന്നൈയില്‍ അധികം റണ്‍സെടുക്കാന്‍ അഭിഷേക് ശര്‍മയ്‌ക്കും കഴിഞ്ഞിട്ടില്ല. പക്ഷേ, കൊല്‍ക്കത്തയിലെ ആദ്യ ടി20യില്‍ താരം മികച്ച പ്രകടനം കാഴ്‌ചവച്ചു. അതിനാല്‍ അവനെക്കുറിച്ച് അധികം സംസാരിക്കേണ്ടതില്ല.
പക്ഷെ, പന്തിന്‍റെ വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതലാകുമ്പോൾ സഞ്ജു സാംസണിന്‍റെ പ്രകടനം എങ്ങനെയാണ് എന്നതിന്‍റെ വ്യക്തമായ കണക്ക് ലഭ്യമാണ്. തീർത്തും ശരാശരിയിൽ ഒതുങ്ങുന്നതാണ് അവന്‍റെ പ്രകടനം. ഇത്തരം പന്തുകളിൽ സഞ്ജുവിന് റണ്ണെടുക്കാന്‍ കഴിയുന്നില്ല. മാത്രമല്ല, വിക്കറ്റ് നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു ”
”അതിവേഗ പേസര്‍മാര്‍ക്ക് എതിരെ സഞ്‌ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണ്. കൂടുതല്‍ വേഗതയുള്ള പന്തുകള്‍ നേരിടുമ്പോള്‍ അവന്‍ ക്രീസിലേക്ക് വളരെയധികം ഇറങ്ങിയാണ് നിൽക്കുന്നത്. സ്ക്വയർ ലെഗിന്‍റെ ഭാഗത്തേക്ക് അല്‍പം നീങ്ങുകയും ചെയ്യുന്നു. ഇക്കാര്യം മനസിലാക്കിയ ഇംഗ്ലീഷ് ബോളര്‍മാര്‍ അവനെതിരെ ബൗൺസറുകളും ഷോർട്ട് പിച്ച് പന്തുകളും യഥേഷ്‌ടം പരീക്ഷിക്കുന്നു. ഒരു ഫീൽഡറെ ഡീപ്പിൽ നിർത്തി കെണിയൊരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡീപ്പിലാണ് സഞ്‌ജു ക്യാച്ച് നല്‍കിയത്. ഇപ്പോൾ അതൊരു സംസാരവിഷയം മാത്രമാണ്”
“ഈ പരമ്പരയ്ക്ക് മുമ്പുള്ള അഞ്ച് മത്സരങ്ങൾ പരിശോധിച്ചാൽ അവന്‍ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. സെഞ്ച്വറികളുടെയും ഡക്കുകളുടെയും കഥ തുടർന്നുകൊണ്ടിരുന്നു. പക്ഷേ, ഗസ് അറ്റ്കിൻസനെതിരെ 22 റൺസ് നേടിയ ആ ഒരു ഓവർ ഒഴിച്ച് നിര്‍ത്തിയാല്‍ അതിവേഗക്കാരായ പേസ് ബോളര്‍മാര്‍ക്ക് എതിരെ അവന് അധികം റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസിലാക്കാം. പേസും ബൗൺസുമുള്ള പന്തുകൾ സഞ്ജുവിന് കാര്യമായ വെല്ലുവിളി തീര്‍ക്കുന്നുണ്ട്” ആകാശ് ചോപ്ര പറഞ്ഞു നിര്‍ത്തി.