" "
National

കൊറോണ രക്ഷകനായപ്പോള്‍ ഏഷ്യന്‍ ഗെയിംസ് താരത്തിന്റെ കമ്പനിക്ക് താഴ് വീഴുന്നത് ഒഴിവായി; ഇന്ന് ആസ്തി 20,000 കോടി

ചെന്നൈ: കൊറോണക്കാലം ബിസിനസുകാരില്‍ മഹാഭൂരിപക്ഷത്തിനും നഷ്ടം മാത്രം സമ്മാനിച്ച ഒരു കാലമായിരുന്നു. എന്നാല്‍ ചിലര്‍ക്ക് അത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വിളംമ്പരമായി രൂപാന്തരപ്പെടും. അത്തരത്തില്‍ ഒരാളാണ് ഗരുഡ എയ്‌റോസ്‌പേസിന്റെ ഉടമയും ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസ് നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ അഗ്‌നീശ്വര്‍ ജയപ്രകാശ്. അദ്ദേഹത്തിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു 2015ല്‍ തുടക്കമിട്ട ഗരുഡ.

പൂട്ടിപ്പോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ബിസിനസ് ലോകവുമെല്ലാം ഒന്നടങ്കം ഉറപ്പിച്ച ഒരു സ്ഥാപനമായിരുന്നു കോറോണക്ക് മുന്‍പ് ഗരുഡ. ഒരിക്കല്‍ ലോകത്തിലെ ഏറ്റവും മികച്ച 50 നീന്തല്‍ താരങ്ങളില്‍ ഉള്‍പ്പെട്ട കായികതാരമായിരുന്നെങ്കിലും ആ മേന്മയൊന്നും തന്റെ കമ്പനിയെ കരകയറ്റാന്‍ രക്ഷകനാവാത്ത പരീക്ഷണ കാലം.

റോഡുകളും കെട്ടിടങ്ങളുമടക്കം സാനിറ്റൈസ് ചെയ്യാന്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിച്ചത് കമ്പനിക്ക് ജീവവായുവായി മാറുകയായിരുന്നു. ഡ്രോണുകളുടെ സഹായത്താല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ കീടനാശിനികള്‍ തളിക്കാനുപയോഗിക്കുന്ന രീതിയില്‍ സാനിറ്റൈസ് ചെയ്യാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടെത്തിയതായിരുന്നു രക്ഷയായത്.

സര്‍ക്കാരിന് വേണ്ടി ഗരുഡ, ഡെമോന്‍സ്‌ട്രേഷനും നടത്തി. സര്‍ക്കാരിന്റെ ആ കരാര്‍ ലഭിച്ചില്ലെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ഒരു തുടക്കം മാത്രമായിരുന്നു. ഈ ഡെമോണ്‍സ്‌ട്രേഷന്‍ വലിയ മാധ്യമ ശ്രദ്ധ നേടി. വൈകാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗരുഡ എയ്‌റോസ്‌പേസിന് ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സാനിറ്റൈസ് ചെയ്യാനുള്ളവയായിരുന്നു ഇവയെല്ലാം.

സ്മാര്‍ട്ട് സിറ്റികളില്‍ അടക്കം സാനിറ്റൈസേഷന്‍ നടത്താനുള്ള ഓര്‍ഡറുകള്‍ തുരുതരാ വരാന്‍ തുടങ്ങിയതോടെ കഷ്ടകാലമെന്നത് ഗരുഡയ്ക്കും അഗ്‌നീശ്വര്‍ ജയപ്രകാശിനും ഓര്‍മയായി. ഓര്‍ഡറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങി. കൂടാതെ എം.പിമാരും എം.എല്‍.എമാരും ഡ്രോണ്‍ ഉപയോഗിച്ച് തങ്ങളുടെ മണ്ഡലങ്ങളില്‍ സാനിറ്റൈസേഷന്‍ നടത്താന്‍ വേണ്ടിയും കമ്പനിയുടെ സേവനം ആവശ്യപ്പെട്ടു. അതോടെ ഗരുഡ ചാരത്തില്‍നിന്നും പറന്നുയരുന്ന ഒരു ഫീനിക്‌സ് പക്ഷിയായി മാറുകയായിരുന്നു.

100 ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ഒരേസമയം 100 ഡ്രോണുകള്‍ ഗരുഡക്ക് കീഴില്‍ പറന്നുയര്‍ന്നു. ഇത് കമ്പനിക്ക് നല്‍കിയ മൈലേജ് ചെറുതല്ല. നിലവില്‍ ആഗോള തലത്തിലെ വന്‍കിട കമ്പനികളുമായി ഗരുഡ പങ്കാളിത്തത്തിന് ഒരുങ്ങുകയാണ്. 2022ല്‍ ഗരുഡ കിസാന്‍ ഡ്രോണ്‍ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം ചെയ്തത്.

2021ല്‍തന്നെ കമ്പനിയുടെ നഷ്ടമെന്ന കണക്ക് ലാഭത്തിലേക്കു വന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 15 കോടി രൂപയുടെ ബിസിനസാണ് കമ്പനി കരസ്ഥമാക്കിയത്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിക്ഷേപകരില്‍ നിന്ന് 20 കോടി രൂപയാണ് കമ്പനി 2023ല്‍ സമാഹരിച്ചത്. ഇതോടെ 800 കോടി രൂപയുടെ വാല്യുവേഷനിലെത്തി. അടുത്ത വര്‍ഷത്തോടെ കമ്പനി പ്രാഥമിക ഓഹരി വില്പനയിലൂടെ ഓഹരി വിപണിയിലേക്ക് കടക്കാന്‍ തയാറെടുക്കുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍.

2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 47 കോടി രൂപയുടെ വിറ്റു വരവ് നേടി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 110 കോടി രൂപയായി ഉയര്‍ന്നു. നിലവിലെ കമ്പനിയുടെ വാല്യുവേഷന്‍ 2,000 കോടി രൂപയാണ്. ഇന്ന് മൊത്തം ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും തന്നെയാണ് ഗരുഡയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക് നയിച്ചത്.

Related Articles

Back to top button
"
"