സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ വഴങ്ങിയില്ല; ഗർഭസ്ഥ ശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ
Sep 13, 2024, 14:45 IST

ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. വ്യാഴാഴ്ച പുലർച്ചെയാണ് ശിശു മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ്(35) ചികിത്സയിലുള്ളത് ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെ തുടർന്ന് ചൊവ്വാഴ്ച മരുന്ന് വെച്ചു. മാറ്റമില്ലാതെ വന്നപ്പോൾ ബുധനാഴ്ചയും മരുന്ന് വെച്ചു. ഉച്ചയായപ്പോൾ വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത് രാത്രിയോടെ വേദന അസഹ്യമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ തയ്യാറായില്ല. വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോയി. അൽപ്പസമയത്തിനകം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചു പോയെന്ന് അധികൃതർ അറിയിച്ചു. ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്ന് പറഞ്ഞതിനെ തുടർന്ന് ഗർഭപാത്രം നീക്കാൻ അനുമതി നൽകി. തുടർന്ന് ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.