National

സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റി, പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചു

ജ്വല്ലറിയില്‍ നിന്ന് ഒന്നര കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്. ഇയാളില്‍ നിന്ന് വിശദീകരണം തേടിയതിന് ശേഷം പിന്നീട് കാണാതായെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഹൈദരാബാദിലാണ് സംഭവം. സെന്‍ട്രല്‍ ക്രൈം സ്റ്റേഷനിലാണ് ജ്വല്ലറി ഉടമ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം തുടങ്ങി.

ജ്വല്ലറി ഷോറൂമിലെ സ്‌ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് ആരോപണം. ഇയാള്‍ പത്ത് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ജ്വല്ലറിയുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റിയ ശേഷം പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അടുത്തിടെ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് വ്യക്തമായത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ ഇത് ചെയ്യുന്നുണ്ടായിരുന്നു എന്നാണ് ജ്വല്ലറി ഉടമ കണ്ടെത്തിയത്.

ജ്വല്ലറിയിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഇയാളാണ് പുറത്തെടുത്തിരുന്നത്. ശേഷം അവ 22 ക്യാരറ്റും 18 ക്യാരറ്റുമുള്ള ആഭരണങ്ങളാക്കി മാറ്റാനായി ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. ഓഡിറ്റിന്റെ ഭാഗമായി സ്‌ട്രോങ് റൂമിലുള്ള സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് മനസിലായത്. ഓഡിറ്റില്‍ വ്യത്യാസം കണ്ടെത്തിയതിന് പിന്നാലെ ജ്വല്ലറി ഉടമ ഇയാളോട് വിശദീകരണം ചോദിച്ചു. ഇതോടെയാണ് ഇയാളെ കാണാതായത്. അഞ്ച് ദിവസത്തിന് ശേഷം ഫോണിലും കിട്ടാതായി. ഇപ്പോള്‍ ഫോണ്‍ ഓഫാക്കിയിരിക്കുകയാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!