സർക്കാരിന്റെ വാതിൽ മുട്ടിയിട്ടും തുറന്നില്ല; മാർപാപ്പ ഇന്ത്യാ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ്

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ഇന്ത്യാ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ് അനിൽ കൂട്ടോ. എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സർക്കാരിന്റെ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുകയാണെന്നും തുറന്നില്ലെന്നും മാർപാപ്പ പറഞ്ഞിരുന്നതായി ഡൽഹി ആർച്ച് ബിഷപ് പറഞ്ഞു
ഇപ്പോൾ സ്വർഗത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചു. മനുഷ്യത്വത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു മാർപാപ്പ. പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി മാറി. സമൂഹത്തിന്റെ മാറ്റത്തിനായും പ്രകൃതിക്കായും അദ്ദേഹം നില കൊണ്ടെന്നും അനിൽ കൂട്ടോ പറഞ്ഞു
മാർപാപ്പയെ സ്വാഗതം ചെയ്യാനായി ഏറെക്കാലമായി കാത്തിരുന്ന രാജ്യത്തെ കത്തോലിക്ക വിശ്വാസികൾക്ക് ഏറെ വേദന പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2025ൽ റോമിൽ നടക്കുന്ന ജൂബിലി വർഷ ആഘോഷങ്ങളുടെ സമാപന ശേഷമായിരിക്കും മാർപാപ്പ ഇന്ത്യയിലേക്ക് എത്തുക എന്നതായിരുന്നു റിപ്പോർട്ടുകൾ.