സാമ്പത്തിക പ്രതിസന്ധി കാരണം ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്’ റദ്ദാക്കി: സിബിഎസ് ടിവി മേധാവി

ലോങ്ങ് റൺ പ്രോഗ്രാമായിരുന്ന “ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്” റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് സി.ബി.എസ്. ടി.വി. മേധാവി. സാമ്പത്തിക കാരണങ്ങൾ കൊണ്ടാണ് പരിപാടി നിർത്തലാക്കിയതെന്നും ഇതിന് മറ്റു കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെനാളായി വിവാദങ്ങൾക്കും ആരാധകരുടെ വിമർശനങ്ങൾക്കും വഴിവച്ച ഒരു തീരുമാനമായിരുന്നു ഇത്.
പാരമൗണ്ട് കമ്പനിയുമായി സ്‌കൈഡാൻസ് മീഡിയ ലയിച്ചതിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് പാരമൗണ്ട് ചെയർ ഓഫ് ടി.വി. മീഡിയ ജോർജ് ചീക്സ് ഇക്കാര്യം അറിയിച്ചത്. “സ്റ്റീഫൻ കോൾബെർട്ടിന്റെ വലിയ ആരാധകരാണ് ഞങ്ങൾ, ആ ഷോയും ഞങ്ങൾക്കിഷ്ടമാണ്. നിർഭാഗ്യവശാൽ, സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്”, ചീക്സ് പറഞ്ഞു. പരസ്യ വിപണിയിലെ തിരിച്ചടികളാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 മെയ് മാസത്തിൽ പരിപാടി അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്റ്റീഫൻ കോൾബെർട്ടിന്റെ ഈ ഷോ നിർത്തലാക്കുന്നതിനൊപ്പം, 1993-ൽ ഡേവിഡ് ലെറ്റർമാൻ ആരംഭിച്ച ‘ലേറ്റ് ഷോ’ എന്ന ബ്രാൻഡ് തന്നെ അവസാനിപ്പിക്കുമെന്നും സി.ബി.എസ്. അറിയിച്ചിട്ടുണ്ട്. ഷോ നിർത്തലാക്കിയത് രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ചിലർ ആരോപിച്ചിരുന്നെങ്കിലും, ഈ തീരുമാനത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ മാത്രമാണെന്ന് ജോർജ് ചീക്സ് ആവർത്തിച്ചു വ്യക്തമാക്കി. ഈ ഷോ പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടാക്കിയിരുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.