Business

1 ലക്ഷം രൂപയെ 2 കോടിയാക്കിയ മായാജാലം

മുംബൈ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ നിക്ഷേപകരുടെ ഒരു ലക്ഷം രൂപ കോടികളാക്കി വളര്‍ത്തിയ മൂന്ന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചാണ് പറയുന്നത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ഫണ്ടുകള്‍ മികച്ചതാണെന്ന വാദം ഒരിക്കല്‍ കൂടി ഇതിലൂടെ തെളിയുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കല്‍ സാധ്യമാണെന്ന് തെളിയിക്കുന്ന ഫണ്ടുകള്‍ ഏതെല്ലാമാണെന്നു നോക്കാം.

1 ലക്ഷം രൂപയെ 2 കോടി രൂപയാക്കി മാറ്റിയ മായാജാലമെന്ന് ഇതിനെ ഒറ്റവാക്കില്‍ പറയാം. ഇനിയും കെട്ടടങ്ങാത്ത ആവേശമാണ് ഈ ഫണ്ടുകളുടെ കാര്യത്തില്‍. ദീര്‍ലകാല നിക്ഷേപകര്‍ക്ക് അത്യുത്തമമെന്നു കണക്കുകളും പറയുന്നു. ഇവ ഏതെല്ലാമാണെന്ന് നോക്കാം.

1. ഫ്രാങ്ക്ലിന്‍ ഇന്ത്യ പ്രൈമ ഫണ്ട്.

1993 ഡിസംബറില്‍ ആരംഭിച്ച മിഡ്ക്യാപ് ഫണ്ടാണിത്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1993ല്‍ നിക്ഷേപിച്ച 1 ലക്ഷം രൂപ 2.31 കോടി രൂപയാക്കി വളര്‍ത്താന്‍ ഫണ്ടിന് സാധിച്ചു. സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 19.59 ശതമാനം ആണ്. എന്‍എവി: 3,114.7817 രൂപയും ആസ്തി: 12,745.75 കോടിയുമായ ഇതിന്റെ ചെലവ് അനുപാതം: 0.96 ശതമാനം മാത്രമാണ്.

2. ഫ്രാങ്ക്ലിന്‍ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ട്

കമ്പനിയുടെ പ്രൈമ ഫണ്ട് ആരംഭിച്ച കാലത്തുതന്നെ നിക്ഷേപകരിലേക്ക് എത്തിയ ഒരു ലാര്‍ജ് ക്യാപ് ഫണ്ടാണ് ഫ്രാങ്ക്ലിന്‍ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ട്. സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 19.28 ശതമാനമാണ്. 1 ലക്ഷം രൂപ 2.13 കോടിയാക്കിയ ചരിത്രമാണുള്ളത്. ലാര്‍ജ് ക്യാപ് കമ്പനി ഓഹരികളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്.

എന്‍എവി: 1,133.4432 രൂപയുള്ള ഈ ഫണ്ടിന്റെ മൊത്തം ആസ്തി: 8,234.60 കോടി രൂപയാണ്. ചെലവ് അനുപാതം: 1.47 ശതമാനം. ബെഞ്ച്മാര്‍ക്ക്: നിഫ്റ്റി 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സ്. എക്സിറ്റ് ലോഡ്: 1 വര്‍ഷത്തിനുള്ളില്‍ റിഡീം ചെയ്താല്‍ ഒരു ശതമാനമേ ലഭിക്കൂ. ഇതിന്റെ റിസ്‌കോമീറ്റര്‍ വെരിഹൈ ആണെന്നത് ഓര്‍ക്കണം.

3. എസ്ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്

ഇഎല്‍എസ്എസ് വിഭാഗത്തിലെ ഏറ്റവും പഴയ സ്‌കീമുകളില്‍ ഒന്നായ എസ്ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് 1993 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 16.68 ശതമാനമുള്ള ഈ ഫണ്ടില്‍ ആരംഭ കാലത്ത് 1 ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ക്ക് 1.21 കോടിയാക്കാന്‍ സാധിച്ചു. നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളില്‍ ഒന്നുമായ ഇതിന് മൂന്നു വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവ് ഉണ്ടെന്ന പരിമിതിയുണ്ട്.

എന്‍എവി: 482.0919 രൂപയും ആസ്തി: 28,000.03 കോടിയുമായ ഈ ഫണ്ടിന്റെ ചെലവ് അനുപാതം: 0.93 ശതമാനമാണ്. ബെഞ്ച്മാര്‍ക്ക്: ബിഎസ്ഇ 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുള്ള ഇതിന് എക്സിറ്റ് ലോഡ്: ഇല്ല. റിസ്‌കോമീറ്റര്‍ വെരിഹൈ ആയ എസ്ബിഐ ലോംഗ് ടേം ഇക്വിറ്റിക്ക് മൂന്ന്  വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡും ഉണ്ട്.

(ഇത് ഒരിക്കലും മ്യൂച്വല്‍ഫണ്ടുകള്‍ വാങ്ങാനോ, കൈവശമുള്ളവ ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ലെന്ന് അറിയിക്കട്ടെ. ഓഹരികളിലേയും അനുബന്ധ മേഖലകളിലേയും നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം തീരുമാനം കൈക്കൊള്ളാന്‍. നിക്ഷേപവുമായി ബന്ധപ്പെട്ടുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് മെട്രോ ജേണല്‍ ഓണ്‍ലൈനോ, ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല. ഫണ്ടുകള്‍ മുന്‍കാല പ്രകടനം ഭാവിയില്‍ തുടരണമെന്നു നിര്‍ബന്ധമില്ലെന്ന വസ്തുതയും നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.)

Related Articles

Back to top button