Kerala
സൗമ്യമായ ഇടപെടൽ കൊണ്ട് ആളുകളെ സ്വാധീനിക്കാൻ മാർപാപ്പക്ക് സാധിക്കുമായിരുന്നു: സാദിഖ് അലി തങ്ങൾ

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. വിനയം കൊണ്ടും സൗമ്യമായ ഇടപെടൽ കൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ നേതാക്കളിൽ മുൻനിരയിലുള്ള ആളായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് നടത്തിയ വത്തിക്കാൻ സന്ദർശനത്തെ കുറിച്ചും അന്ന് ഇന്ത്യയെ കുറിച്ചും കേരളത്തെ കുറിച്ചും മാർപാപ്പ സംസാരിച്ചതിനെ കുറിച്ചും സാദിഖ് അലി തങ്ങൾ ഓർത്തെടുത്തു. ഏറെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയുമുള്ള വരവേൽപ്പാണ് വത്തിക്കാനിൽ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തുണ്ടാകേണ്ട പാരസ്പര്യത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ട് മണിക്കൂറോളം സമയം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ സാധിച്ചെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.